

വത്‌സൽ ഗോവിന്ദ്
മുല്ലാൻപൂർ: പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ കേരളത്തിന് ഒരു വിക്കറ്റ് നഷ്ടം. എൻ. ബേസിലിന്‍റെ (4) വിക്കറ്റാണ് ടീമിനു നഷ്ടമായത്. 7 റൺസുമായി ഓപ്പണിങ് ബാറ്റർ വത്‌സൽ ഗോവിന്ദും 2 റൺസുമായി അങ്കിത് ശർമയുമാണ് ക്രീസിൽ. പഞ്ചാബിനു വേണ്ടി ക്രിഷ് ഭഗത്താണ് വിക്കറ്റ് വീഴ്ത്തിയത്. നിലവിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 15 റൺസെന്ന നിലയിലാണ് കേരളം.
നേരത്തെ ഒന്നാം ഇന്നിങ്സിൽ കേരളത്തിനെതിരേ പഞ്ചാബ് 436 റൺസ് അടിച്ചെടുത്തിരുന്നു ഓപ്പണിങ് ബാറ്റർ ഹർണൂർ സിങ്ങിന്‍റെ പ്രകടന മികവിലാണ് പഞ്ചാബ് മികച്ച സ്കോർ പടുത്തുയർത്തിയത്. 343 പന്തുകൾ നേരിട്ട താരം 13 ബൗണ്ടറികൾ ഉൾപ്പെടെ 170 റൺസ് അടിച്ചെടുത്തു.
ഹർനൂറിനു പുറമെ പ്രീരിത് ദത്ത (72), മായങ്ക് മാർകണ്ഡെ (48), എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. കേരളത്തിനു വേണ്ടി അങ്കിത് ശർമ നാലും ബാബ അപരാജിത്, എൻ. ബേസിൽ എന്നിവർ രണ്ടും അഹമ്മദ് ഇമ്രാൻ, എം.ഡി. നിതീഷ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.