
മൈക്കൽ ക്ലാർക്ക്
സിഡ്നി: ജൂൺ 20ന് തുടങ്ങുന്ന ഇംഗ്ലണ്ട് പര‍്യടനത്തിൽ ഇന്ത‍്യൻ ടീം തോൽവി ഏറ്റുവാങ്ങിയാൽ വിരാട് കോലിയെ സെലക്റ്റർമാരും ഇന്ത‍്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്‍റും തിരിച്ചുവിളിക്കുമെന്ന് മുൻ ഓസ്ട്രേലിയൻ ക‍്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്.
''പരമ്പര 5-0 ന് തോറ്റാൽ കോലിയെ ഇന്ത‍്യ തിരിച്ചു വിളിക്കും. ക‍്യാപ്റ്റനും ആരാധകരും മാനേജ്മെന്‍റും ആവശ‍്യപ്പെട്ടാൽ വിരമിക്കൽ പ്രഖ‍്യാപനം പിൻവലിച്ച് അദ്ദേഹം ടീമിൽ മടങ്ങിയെത്തും. ടെസ്റ്റ് ക്രിക്കറ്റിനോടുള്ള കോലിയുടെ ഇഷ്ടം അവസാനിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു'', ക്ലാർക്ക് പറഞ്ഞു. ഒരു പോഡ്കാസ്റ്റിനിടെയായിരുന്നു ക്ലാർക്ക് ഇക്കാര‍്യം തുറന്നു പറഞ്ഞത്.
കഴിഞ്ഞ മാസമായിരുന്നു 36കാരനായ കോലി ടെസ്റ്റ് ക്രിക്കറ്റിനോട് വിട പറഞ്ഞത്. 123 ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരം 30 സെഞ്ചുറികൾ ഉൾപ്പെടെ 9230 റൺസ് നേടിയിട്ടുണ്ട്. 2024ൽ ലോകകപ്പ് നേടിയ ശേഷം കോലി ടി20 ക്രിക്കറ്റും മതിയാക്കിയിരുന്നു. നിലവിൽ ഏകദിനങ്ങളിൽ മാത്രമാണ് താരം സജീവമായി കളിക്കുന്നത്.