
മുംബൈ: ലോകകപ്പില്‍ പാക്കിസ്ഥാനെ തകര്‍ത്ത അഫ്ഗാനിസ്ഥാന്‍ താരത്തിന് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചുവെന്ന പ്രചാരണത്തില്‍ പ്രതികരിച്ച് വ്യവസായി രത്തന്‍ ടാറ്റ. ക്രിക്കറ്റുമായി തനിക്ക് ഇതുവരെ യാതൊരു ബന്ധവുമില്ലെന്നും അതുകൊണ്ടു തന്നെ ലോകകപ്പിലെ പ്രകടനത്തിന് ഏതെങ്കിലും താരത്തിന് പാരിതോഷികമോ പിഴയോ നല്‍കാമെന്ന് ഐസിസിക്ക് മുമ്പാകെ നിര്‍ദേശം വെച്ചിട്ടില്ലെന്നും രത്തന്‍ ടാറ്റ സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി.
ഇത്തരത്തില്‍ ഫോര്‍വേര്‍ഡ് ചെയ്തു കിട്ടുന്ന വാട്സാപ്പ് സന്ദേശങ്ങളോ വീഡിയോകളോ തന്‍റെ ഔദ്യോഗിക പ്ലാറ്റ്ഫോമില്‍ നിന്നല്ലാതെ വന്നാല്‍ വിശ്വസിക്കരുതെന്നും രത്തന്‍ ടാറ്റ പറഞ്ഞു.
ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ പാക്കിസ്ഥാനെ അട്ടിമറിച്ചതിന് പിന്നാലെയാണ് രത്തന്‍ ടാറ്റ അഫ്ഗാന്‍ താരം റാഷിദ് ഖാന് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. മത്സരത്തില്‍ ജയിച്ചതിനുശേഷം റാഷിദ് ഖാന്‍ ഇന്ത്യന്‍ പതാക വീശിയതിന് ഐസിസി 55 ലക്ഷം രൂപ പിഴശിക്ഷ വിധിച്ചുവെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രത്തന്‍ ടാറ്റ 10 കോടി രൂപ റാഷിദ് ഖാന് നല്‍കുമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ വൈറലായത്.