

പഞ്ചാബ് കിങ്സിനെതിരേ ബാറ്റ് ചെയ്യുന്ന ഡൽഹി ക്യാപ്പിറ്റൽസ് ഓൾറൗണ്ടർ മാധവ് തിവാരി.
ധർമശാല: ഐപിഎല്ലിലെ മറ്റൊരു ത്രില്ലറിൽ പഞ്ചാബ് കിങ്സിനെ മൂന്ന് വിക്കറ്റിനു കീഴടക്കി ഡൽഹി ക്യാപ്പിറ്റൽസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തു. ഒരു ഘട്ടത്തിൽ അപ്രാപ്യമെന്നു തോന്നിച്ച വിജയലക്ഷ്യം, ഒരോവറും മൂന്ന് വിക്കറ്റും ബാക്കി നിൽക്കെ എത്തിപ്പിടിക്കുകയായിരുന്നു ഡൽഹി.
ഓപ്പണർ പ്രിയാംശ് ആര്യയും ക്യാപ്റ്റൻ ശ്രേയസ് അയ്യരും നേടിയ അർധ സെഞ്ചുറികളാണ് പഞ്ചാബ് ഇന്നിങ്സിനു കരുത്ത് പകർന്നത്. മിച്ചൽ സ്റ്റാർക്കിന്‍റെ ആദ്യ പന്ത് തന്നെ കവർ ബൗണ്ടറിക്കു മുകളിലൂടെ ഗ്യാലറിയിലെത്തിച്ച ആര്യക്ക് പറ്റിയ പങ്കാളിയാകാൻ പ്രഭ്സിമ്രൻ സിങ്ങിനു സാധിച്ചില്ല. ഏഴാം ഓവർ വരെ ക്രീസിൽ നിന്നെങ്കിലും 15 പന്തിൽ 18 റൺസ് മാത്രമാണ് പ്രഭ്സിമ്രനു നേടാൻ സാധിച്ചത്.
പിന്നീട് ബാറ്റിങ് ഓർഡറിൽ സ്വയം പ്രൊമോട്ട് ചെയ്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരും തകർത്തടിച്ചു. അർധ സെഞ്ചുറി തികച്ചതിനു പിന്നാലെ പ്രിയാംശ് പുറത്തായി. 33 പന്തിൽ രണ്ട് ഫോറും ആറു സിക്സും സഹിതം 56 റൺസാണ് നേടിയത്.
തുടർന്ന് ഇൻഫോം ബാറ്റർ കൂപ്പർ കൊണോലിയെ കൂട്ടുപിടിച്ച് ശ്രേയസിന്‍റെ കടന്നാക്രമണം. 27 പന്തിൽ 38 റൺസാണ് കൊണോലി നേടിയത്. 83 റൺസാണ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ പിറന്നത്. ഇതിനകം ശ്രേയസ് അർധ സെഞ്ചുറിയും കടന്നു.
കൊണോലിക്കു പിന്നാലെ മാർക്കസ് സ്റ്റോയ്നിസും (1) ശശാങ്ക് സിങ്ങും (0) മിച്ചൽ സ്റ്റാർക്കിന്‍റെ അടുത്തടുത്ത പന്തുകളിൽ പുറത്തായി. എന്നാൽ, തുടർന്നെത്തിയ സൂര്യാംശ് ഷെഡ്ഗെ നേരിട്ട ആദ്യ പന്തിൽ തന്നെ സ്റ്റാർക്കിനെ സ്കിസറിനു പറത്തി, അടുത്ത പന്തിൽ ഫോറും. രണ്ട് വീതം ഫോറും സിക്സും സഹിതം എട്ട് പന്തിൽ 21 റൺസുമായി സൂര്യാംശ് പുറത്താകാതെ നിന്നു. 36 പന്ത് നേരിട്ട ശ്രേയസ് അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 59 റൺസുമായും പുറത്താകാതെ നിന്നു.
ഡൽഹി ക്യാപ്പിറ്റൽസിനെതിരായ ഐപിഎൽ മത്സരത്തിനിടെ പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ.
മറുപടി ബാറ്റിങ്ങിൽ 74 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ ഡൽഹിയെ മത്സരത്തിൽ നിലനിർത്തിയത് ക്യാപ്റ്റൻ അക്ഷർ പട്ടേൽ, ഡേവിഡ് മില്ലർ, അശുതോഷ് ശർമ, മാധവ് തിവാരി എന്നിവരുടെ പോരാട്ടവീര്യം.
കെ.എൽ. രാഹുൽ (9), അഭിഷേക് പോറൽ (5), സഹിൽ പരേഖ് (13), ട്രിസ്റ്റൻ സ്റ്റബ്സ് (12) എന്നിവരുടെ വിക്കറ്റ് വീണ ശേഷം 30 പന്തിൽ 56 റൺസെടുത്ത അക്ഷറും, 28 പന്തിൽ 51 റൺസെടുത്ത ഡേവിഡ് മില്ലറും ചേർന്ന് ഡൽഹിയുടെ പ്രതീക്ഷ നിലനിർത്തി.
ഇരുവരെയും നിർണായക സമയത്ത് പുറത്താക്കിയതോടെ പഞ്ചാബിന് വീണ്ടും പ്രതീക്ഷ. എന്നാൽ, 12 പന്തിൽ 28 റൺസെടുത്ത അശുതോഷ് ശർമയും 8 പന്തിൽ പുറത്താകാതെ 18 റൺസെടുത്ത് പുറത്താകാതെ നിന്ന അരങ്ങേറ്റക്കാരൻ മാധവ് തിവാരിയും, രണ്ടു പന്തിൽ 10 റൺസുമായി പുറത്താകാതെ നിന്ന അക്വിബ് നബിയും ചേർന്ന് അസാമാന്യ വിജയം നേടിക്കൊടുക്കുകയായിരുന്നു ഡൽഹിക്ക്.
പേസ് ബൗളിങ് ഓൾറൗണ്ടറായ മാധവ് തിവാരി നേരത്തെ നാലോവറിൽ 40 റൺസ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു. മധ്യപ്രദേശിൽനിന്നുള്ള ഇരുപത്തിരണ്ടുകാരൻ സംസ്ഥാന ടീമിനു വേണ്ടി സീനിയർ തലത്തിൽ ഇതുവരെ ഒരു മത്സരം പോലും കളിച്ചിട്ടില്ല. ഈ മത്സരം തോറ്റെങ്കിൽ പുറത്താകുമായിരുന്ന ഡൽഹിയുടെ ജീവൻ നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.