

#പീറ്റർ ജയിംസ്
മുപ്പതാം ഓവറിലെ അഞ്ചാം പന്തിൽ ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിനെ ഡീപ്പ് മിഡ്വിക്കറ്റിനു മുകളിലൂടെ ഗ്യാലറിയിലെത്തിച്ച് ഹെൽമറ്റ് ഊരി ആരാധകർക്ക് നേരെ ബാറ്റുയർത്തുമ്പോൾ ക്വിന്റൺ ഡീകോക്ക് എന്ന മുപ്പതുകാരന്റെ മുഖത്തെ വികാരമെന്തെന്ന് വായിച്ചെടുക്കാൻ ആർക്കും സാധിക്കില്ലായിരുന്നു. കണ്ണിലെ തിളക്കത്തിലും തെളിഞ്ഞു നിന്ന ദൈന്യത. വിയർപ്പുമണികളോ കണ്ണീർക്കണങ്ങളോ... ഒരിക്കലും തിരിച്ചറിയാനായില്ലെന്നിരിക്കും. പക്ഷേ, ഒന്നറിയാം, ഇത് അദ്ദഹത്തിന്റെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണ്.
ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിലെ സെഞ്ചുറിക്കു ശേഷം ഡികോക്കിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:
"ഇത് വളരെ വലുതായിരുന്നു. ഇതൊരു ലോകകപ്പ് ആയതുകൊണ്ടല്ല. മറിച്ച്, കുറച്ച് കാലമായി ഞാനൊരു സെഞ്ചുറി ആഗ്രഹിച്ചിരുന്നു. എനിക്ക് രണ്ട് തുടക്കങ്ങൾ ലഭിച്ചു, എന്നിട്ടും മുതലാക്കാനായിരുന്നില്ല. അതുകൊണ്ടു തന്നെ ഇത് വളരെ പ്രത്യേകയുള്ള ഒന്നാണ്''.
ശ്രീലങ്കയ്ക്കെതിരായ മത്സരത്തിനു മുൻപ് ഡികോക്ക് ഒരു സെഞ്ചുറിയടിക്കുന്നത് 20 മാസം മുൻപായിരുന്നു. ഇതിനിടെ കളിച്ചത് 18 ഇന്നിങ്സ്.
എന്നാൽ, ഈ സെഞ്ചുറിവരൾച്ചക്കാലം ഒരു റൺ വരൾച്ചക്കാലമായിരുന്നു. ഈ സമയത്ത് മൂന്ന് അർധസെഞ്ചുറികൾ നേടിയിരുന്നു; 13 തവണ രണ്ടക്കം കടന്നു; ആദ്യ ടി20 സെഞ്ച്വറി നേടി; എംഎൽസിയും ബിഗ് ബാഷും ഉൾപ്പെടെയുള്ള ലീഗുകളിൽ ചേർന്നു. പിന്നെ, ലോകകപ്പിനു ശേഷം ഏകദിന ക്രിക്കറ്റിൽ നിന്നു വിരമിക്കുകയാണെന്ന പ്രഖ്യാപനവും നടത്തി. അതേ, ഈ തലമുറയിലെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ റൺസ്കോററുടെ അവസാന മത്സരങ്ങളാണ് ഈ ലോകകപ്പിൽ കാണുന്നത്.
ഏകദിനത്തിൽ 6276 റൺസ്, പിന്നിലുള്ള ഡേവിഡ് മില്ലർ 2000 റൺസ് അകലെയാണ്. മൊത്തത്തിൽ, ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും ഏകദിന റൺവേട്ടക്കാരുടെ ലിസ്റ്റിൽ ഡി കോക്ക് ഏഴാം സ്ഥാനത്താണ്. ഹാഷിം അംല, എ.ബി. ഡിവില്ലിയേഴ്സ്, ഹെർഷൽ ഗിബ്സ് എന്നിവർക്കു മാത്രമേ അദ്ദേഹത്തേക്കാൾ കൂടുതൽ ഏകദിന സെഞ്ചുറികൾ ഉള്ളൂ. ഈ ലോകകപ്പിൽ മറ്റെന്തു സംഭവിച്ചാലും, ദക്ഷിണാഫ്രിക്കയുടെ ഏറ്റവും പ്രശസ്തനായ വൈറ്റ് ബോൾ ക്രിക്കറ്റ് കളിക്കാരിൽ ഒരാളായാകും ഡികോക്ക് മടങ്ങുന്നത്.
ലോകത്തെ ഏത് മൈതാനങ്ങളിലും തന്റേതായ ദിനങ്ങളിൽ ബൗളറുടെ പേരു പോലും നോക്കാതെ നിർദാക്ഷിണ്യം മർദിക്കാൻ ശേഷിയുള്ള ഡികോക്കിനോട്, എന്തുകൊണ്ട് ഏകദിനം മതിയാക്കുന്നു എന്നു ചോദിച്ചാൽ അറിയാം അദ്ദേഹത്തിന്റെ നിലപാട്.
""എല്ലാവർക്കും വേണ്ടി ഞാൻ സംസാരിക്കാൻ പോകുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ മടുപ്പുളവാക്കുന്നതായി തോന്നുന്നു. കൂടാതെ, ഈ ഫോർമാറ്റ് കളിക്കാൻ ഇഷ്ടപ്പെടുന്ന ധാരാളം ചെറുപ്പക്കാർ വരുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അവർക്കായി വഴിമാറിക്കൊടുത്തേ മതിയാകൂ''- അതേ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ തലമുറ മാറ്റത്തിനായാണ് അദ്ദേഹം ഏകദിനം ഒഴിവാക്കുന്നത്.
ട്വന്റി20 ക്രിക്കറ്റിനു മുൻപ് തന്നെ തുടർച്ചയായി ഇന്ത്യൻ മണ്ണിൽ മൂന്ന് സെഞ്ചുറികൾ പൂർത്തിയാക്കി ഡി കോക്ക് എന്ന ബാറ്ററെ രജിസ്റ്റർ ചെയ്യുന്നത് ഏകദിന ക്രിക്കറ്റാണ്. ഡികോക്ക് അരങ്ങേറ്റം കുറിച്ച ഈ പതിറ്റാണ്ടിൽ ക്രിക്കറ്റ് അടിമുടി മാറിയിട്ടുണ്ട്. എങ്കിലും ഏകദിനത്തിൽ ഒരു ബാറ്റർ എങ്ങനെ കളിക്കണമെന്നതിന്റെ മികച്ച ഉദാഹരണമാണ് അദ്ദേഹം. ഒരുപക്ഷേ, ഈ രീതിയിൽ കളിക്കുന്ന അവസാനത്തെ തലമുറയിൽപ്പെട്ടയാളായിരിക്കാം ഡികോക്ക്. എങ്കിലും, ഈ തലമുറയിലും ലോക കീരടമെന്നത് ദക്ഷിണഫ്രിക്കയ്ക്ക് കിട്ടാക്കനിയായി തുടരുകയാണ്. ടൂർണമെന്റിൽ ഏറ്റവും മികച്ച ടീമുകൾ ഏതൊക്കെയെന്ന് ചോദിച്ചാൽ മുകളറ്റത്ത് ദക്ഷിണാഫ്രിക്ക എന്ന പേരുമുണ്ടാകും. അതുകൊണ്ട് ഡികോക്ക് കിരീടം വച്ച രാജാവായി കളംവിടുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ഇനി ആരാധകർ....