ഏഷ്യ കപ്പ് ടീം പ്രഖ്യാപിച്ചു; രാഹുലും ശ്രേയസും തിരിച്ചെത്തി, സഞ്ജു റിസർവ്
മുംബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. പരുക്കിൽനിന്നു മുക്തരായ കെ.എൽ. രാഹുലിനെയും ശ്രേയസ് അയ്യരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അയർലൻഡിനെതിരായ ട്വന്‍റി20 പരമ്പര കളിച്ച ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയും പ്രസിദ്ധ് ഏകദിന ടീമിൽ തിരിച്ചെത്തി.
അതേസമയം, കേരള താരം സഞ്ജു സാംസണെ പതിനേഴംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. റിസർവ് കളിക്കാരനായാണ് ടീമിൽ ലിസ്റ്റിൽ ഇടം നൽകിയിരിക്കുന്നത്. വിക്കറ്റ് കീപ്പർമാരായ രാഹുലും ഇഷാൻ കിഷനും ടീമിലുള്ള സാഹചര്യത്തിലാണ്, കിട്ടിയ അവസരങ്ങൾ മുതലാക്കാനാവാതെ പോയ സഞ്ജു അവഗണിക്കപ്പെട്ടത്. ഏകദിന ക്രിക്കറ്റിൽ നിരന്തരം പരാജയപ്പെട്ടിട്ടും സൂര്യകുമാർ യാദവ് സ്ഥാനം നിലനിർത്തിയിട്ടുണ്ട്.
മധ്യനിരയിലെ വിടവ് നികത്തുക എന്ന ലക്ഷ്യത്തോടെ യുവതാരം തിലക് വർമയെയും ടീമിൽ ഉൾപ്പെടുത്തി. വെസ്റ്റിൻഡീസിനെതിരായ ട്വന്‍റി20 പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ തിലക് ഇതുവരെ ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല.
ബുംറയും പ്രസിദ്ധും തിരിച്ചുവന്നതോടെ അർഷ്‌ദീപ് സിങ്, മുകേഷ് കുമാർ തുടങ്ങിയവർക്ക് അവസരം നഷ്ടപ്പെട്ടു. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ശാർദൂൽ ഠാക്കൂറുമാണ് ടീമിലെ മറ്റു പേസ് ബൗളർമാർ. ഓൾറൗണ്ടരായി ഹാർദിക് പാണ്ഡ്യയുമുണ്ട്.
ലെഗ്‌സ്പിന്നർ യുസ്‌വേന്ദ്ര ചഹലാണ് ഇടം നഷ്ടപ്പെട്ട മറ്റൊരു പ്രമുഖൻ. കുൽദീപ് യാദവാണ് ടീമിലെ ഏക സ്പെഷ്യലിസ്റ്റ് സ്പിന്നർ. സ്പിൻ ബൗളിങ് ഓൾറൗണ്ടർമാരായി രവീന്ദ്ര ജഡേജയെയും അക്ഷർ പട്ടേലിനെയും ഉൾപ്പെടുത്തി.
ലോകകപ്പ് ടീമിനുള്ള കരട് ലിസ്റ്റും തിങ്കളാഴ്ച ചേർന്ന സെലക്ഷൻ കമ്മിറ്റി തയാറാക്കിയിട്ടുണ്ടെന്നാണ് സൂചന. ഏഷ്യ കപ്പിലെ ഇന്ത്യയുടെ രണ്ടാമത്തെ മത്സരം കഴിയുന്ന സെപ്റ്റംബർ നാലിന് ഇതു പുറത്തുവിടും. കോച്ച് രാഹുൽ ദ്രാവിഡിന്‍റെയും ക്യാപ്റ്റൻ രോഹിത് ശർമയുടെയും കൂടി സാന്നിധ്യത്തിലായിരുന്നു സെലക്ഷൻ കമ്മിറ്റി യോഗം. അജിത് അഗാർക്കറാണ് കമ്മിറ്റി ചെയർമാൻ.
ഓഗസ്റ്റ് 30നാണ് ഏഷ്യ കപ്പിന്‍റെ തുടക്കം. പാക്കിസ്ഥാനും നേപ്പാളും തമ്മിൽ ഉദ്ഘാടനം മത്സരം. ഗ്രൂപ്പ് എയിൽ ഇന്ത്യയുടെ ആദ്യ മത്സരം പാക്കിസ്ഥാനെതിരേ സെപ്റ്റംബർ രണ്ടിന് ശ്രീലങ്കയിലെ പല്ലെകെലെയിൽ. പാക്കിസ്ഥാനാണ് ഏഷ്യ കപ്പിന്‍റെ ആതിഥേയരെങ്കിലും, അവിടെ കളിക്കാൻ ഇന്ത്യ വിസമ്മതം അറിയിച്ച സാഹചര്യത്തിൽ, ടീമിന്‍റെ മത്സരങ്ങൾ ശ്രീലങ്കയിലേക്കു മാറ്റുകയായിരുന്നു.
സെപ്റ്റംബർ നാലിന് നേപ്പാളിനെതിരേയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.
ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും ശ്രീലങ്കയും ഗ്രൂപ്പ‌് ബിയിൽ. ഇരു ഗ്രൂപ്പുകളിലും മുന്നിലെത്തുന്ന രണ്ടു ടീമുകൾ വീതം സൂപ്പർ ഫോറിലേക്കു മുന്നേറും. ഈ ഘട്ടത്തിൽ എല്ലാ ടീമുകളും പരസ്പരം മത്സരിച്ച്, മുന്നിലെത്തുന്ന രണ്ടു ടീമുകൾ സെപ്റ്റംബർ 17നു നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും.
ടീം:
രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശാർദൂൽ ഠാക്കൂർ, അക്ഷർ പട്ടേൽ, സൂര്യകുമാർ യാദവ്, തിലക് വർമ, പ്രസിദ്ധ് കൃഷ്ണ.
റിസർവ് വിക്കറ്റ് കീപ്പർ-ബാറ്റർ: സഞ്ജു സാംസൺ.