

മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടീമിൽ ഇടംപിടിക്കാനുള്ള ശ്രമങ്ങളുടെ തുടക്കമെന്ന നിലയിൽ ഇതിഹാസ ബാറ്റർ രോഹിത് ശർമ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കും. ദേശീയ ടീമിലേക്ക് പരിഗണിക്കണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന സെലക്റ്റർമാരുടെ നിർദേശത്തെ തുടർന്നാണു രോഹിതിന്‍റെ തീരുമാനം. ടെസ്റ്റിൽ നിന്നും ട്വന്‍റി20യിൽ നിന്നും വിരമിച്ച രോഹിത് ഏകദിനത്തിൽ മാത്രമാണു ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
ഡിസംബർ 24ന് ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫി കളിക്കാൻ തയാറാണെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ രോഹിത് അറിയിച്ചിട്ടുണ്ട്. അതേസമയം, എത്ര സീനിയർ താരമായാലും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന സെലക്റ്റർമാരുടെ നിർദേശത്തോടു മറ്റൊരു ഇതിഹാസ താരം വിരാട് കോലി നിലപാട് വ്യക്തമാക്കിയിട്ടില്ല.
ലണ്ടനിൽ സ്ഥിര താമസമാക്കിയ കോലി ഡൽഹി ക്രിക്കറ്റ് അസോസിയേഷനെ ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിവരം. ഇതു ഏകദിന ക്രിക്കറ്റിൽ കോലിയുടെ ഭാവി സംബന്ധിച്ച അനിശ്ചിതത്വത്തിന് ആക്കംകൂട്ടുന്നു. അടുത്തിടെ ഓസ്ട്രേലിയയുമായി നടന്ന ഏകദിന പരമ്പരയിൽ അടുത്തടുത്തു രണ്ടു മത്സരങ്ങളിൽ പൂജ്യത്തിനു പുറത്തായ കോലിയുടെ ദേശീയ ടീമിലെ സ്ഥാനം അത്ര സുരക്ഷിതമല്ല.