
മുംബൈ: ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി എന്ന തന്‍റെ റെക്കോഡിന് ഒപ്പമെത്തിയ വിരാട് കോലിക്ക് സച്ചിൻ ടെൻഡുൽക്കറുടെ മനോഹരമായ ആശംസ.
''നാൽപ്പത്തൊമ്പതിൽ നിന്ന് അമ്പതിലെത്താൻ എനിക്ക് കൃത്യം 365 ദിവസം വേണ്ടി വന്നു. നിനക്കത് വരും ദിവസങ്ങളിൽ തന്നെ സാധിക്കട്ടെ'', സച്ചിൻ പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രിൽ 24ന് അമ്പതാം പിറന്നാൾ ആഘോഷിച്ച സച്ചിൻ തന്‍റെ വയസിനെയാണ് കോലിയുടെ റെക്കോഡ് നേട്ടവുമായി താരതമ്യം ചെയ്തത്. കോലിയും തന്‍റെ ജന്മദിനത്തിലാണ് റെക്കോഡ് നേട്ടത്തിനൊപ്പമെത്തിയത് എന്നതും യാദൃച്ഛികം.
ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റിൽ 49 സെഞ്ചുറി വീതമാണ് ഇപ്പോൾ സച്ചിന്‍റെയും കോലിയുടെയും പേരിലുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിലാണ് കോലി നേട്ടത്തിനൊപ്പമെത്തിയത്. ഈ ടൂർണമെന്‍റിൽ കോലിയുടെ രണ്ടാം സെഞ്ചുറിയാണിത്.