

യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൻ
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഡിസംബർ 9ന് ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസനെ ഇന്ത‍്യൻ ടീമന്‍റെ ഓപ്പണിങ് ബാറ്ററാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ.
പരമ്പരയിൽ രണ്ടു ടെസ്റ്റ് മത്സരങ്ങളിലും 3 ഏകദിനങ്ങളിലും ടീമിനെ നയിക്കുന്ന ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് ടി20 മത്സരങ്ങളിൽ വിശ്രമം അനുവദിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അങ്ങനെയെങ്കിൽ സഞ്ജുവായിരിക്കും ടീമിന്‍റെ പ്രഥമ ഓപ്പണർ.
ബാക്കപ്പ് ഓപ്പണറായി യുവതാരം യശസ്വി ജയ്സ്വാളിനെയും ടീമിലേക്ക് പരിഗണിച്ചേക്കും. ഏഷ്യ കപ്പിനു മുന്നോടിയായായിരുന്നു സഞ്ജുവിനെ ടീമിന്‍റെ ഓപ്പണിങ് സ്ഥാനത്ത് നിന്നു മാറ്റിയത്. പകരം ശുഭ്മൻ ഗില്ലായിരുന്നു ടീമിലെത്തിയത്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും ഗിൽ - അഭിഷേക് സഖ്യം തന്നെ ഓപ്പണർമാരായി തുടർന്നു.
ഇതോടെ സഞ്ജു മധ‍്യനിരയിൽ കളിക്കേണ്ടി വന്നു. ഏഷ്യ കപ്പിൽ മോശമല്ലാത്ത പ്രകടനം കാഴ്ചവച്ച സഞ്ജുവിന് പക്ഷേ, ഓസീസിനെതിരായ പരമ്പരയിൽ ഒരു തവണ മാത്രമാണ് ബാറ്റ് ചെയ്യാനായത്. മൂന്നാമനായി ഇറങ്ങിയ സഞ്ജു രണ്ടു റൺസെടുത്തു പുറത്തായി. അടുത്ത മത്സരം മുതൽ ടീമിനും പുറത്തായി, പകരം ജിതേഷ് ശർമയായിരുന്നു കളിച്ചത്.