മുംബൈ: ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്കറുടെ വാക്കുകള്‍ കേള്‍ക്കാന്‍ തയാറായില്ലെന്ന വിമര്‍ശനവുമായി ഇന്ത്യയുടെ മുന്‍ മലയാളി താരം എസ് ശ്രീശാന്ത്. സഞ്ജുവിനോട് കളിയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സുനില്‍ ഗാവസ്ക്കര്‍ നിര്‍ദേശിച്ചെങ്കിലും താരം അത് ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ലെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ ശ്രീശാന്ത്.
കൂടാതെ, ഐപിഎല്ലില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിക്കാന്‍ സഞ്ജുവിനോട് നിര്‍ദേശിച്ചതായും ശ്രീശാന്ത് വ്യക്തമാക്കി. സഞ്ജുവിന് മികച്ച അവസരങ്ങളാണ് ലഭിച്ചത് എന്നാല്‍ പ്രതിഭയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല.
ഇത്തവണ ഐപിഎല്ലില്‍ തുടക്കത്തില്‍ മികച്ച പ്രകടനം നടത്തിയിട്ടും പ്ലേ ഓഫിന് യോഗ്യത നേടാനാകാതെ പോയ ടീമാണ് രാജസ്ഥാന് റോയല്‍സ്. സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ഫൈനല്‍ കളിച്ച ടീമിന് ഇത്തവണ രണ്ടാം പകുതിയിലെ തോല്‍വികളാണ് വിനയായത്.ടീമിനായി സഞ്ജുവിനും നിര്‍ണായക ഘട്ടങ്ങളില്‍ തിളങ്ങാനായിരുന്നില്ല. പലപ്പോഴും സാഹചര്യം കണക്കിലെടുക്കാതെ തുടക്കത്തില്‍ തന്നെ അടിച്ച് കളിക്കാനുള്ള സഞ്ജുവിന്റെ ശ്രമങ്ങള്‍ അദ്ദേഹത്തിന്റെ വിക്കറ്റ് നഷ്ടമാകുന്നതിന് കാരണമായിരുന്നു.