
കൊളംബോ: ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ പരുക്കേറ്റ അക്ഷർ പട്ടേലിനു പകരം വാഷിങ്ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തി. ഇടങ്കയ്യൻ സ്പിന്നറും ലോവർ ഓർഡർ ബാറ്ററുമാണ് അക്ഷർ എങ്കിൽ, ഓഫ് സ്പിന്നറും ലോവർ ഓർഡർ ബാറ്ററുമാണ് വാഷിങ്ടൺ.
സൂപ്പർ ഫോറിലെ അപ്രധാന മത്സരത്തിൽ പന്തു കൊണ്ട് പരുക്കേറ്റ അക്ഷർ പട്ടേലിന് ഫൈനൽ കളിക്കാനാവില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് തീരുമാനം. എന്നാൽ, ഫൈനലിനുള്ള പ്ലെയിങ് ഇലവനിൽ സ്പിന്നർമാരായി കുൽദീപ് യാദവും രവീന്ദ്ര ജഡേജയും മാത്രമേ ടീമിലുണ്ടാകാൻ സാധ്യതയുള്ളൂ.
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമായ വാഷിങ്ടൺ സുന്ദർ നിലവിൽ ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ പരിശീലനത്തിലാണ്. കഴിഞ്ഞ ജനുവരിയിൽ ന്യൂസിലൻഡിനെതിരേയാണ് അവസാനമായി ഏകദിന മത്സരം കളിക്കുന്നത്.
ബംഗ്ലാദേശിനെതിരേ തകർച്ചയിൽ നിന്നു ടീമിനെ വിജയത്തിനടുത്തു വരെ എത്തിക്കാൻ അക്ഷർ പട്ടേലിനു സാധിച്ചിരുന്നു. 34 പന്തിൽ 42 റൺസെടുത്തെങ്കിലും ജയത്തിന് അതു മതിയായില്ല.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഫൈനൽ മത്സരം ഞായറാഴ്ച.