

വൈഭവ് സൂര‍്യവംശി
ഓരോ മത്സരം കഴിയുന്തോറും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ഭുത ബാലനാണ് വൈഭവ് സൂര‍്യവംശി എന്ന 15 വയസുകാരൻ. ഇത്തവണത്തെ ഐപിഎൽ സീസൺ അതിനുദാഹരണം മാത്രം. എന്നാൽ, ഐപിഎല്ലിലെ മിന്നും ഫോം ഇന്ത‍്യ എ ടീമിനു വേണ്ടി താരത്തിന് പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല.
ശ്രീലങ്ക എ ടീമിനെതിരായ ആദ‍്യ മത്സരം തിളങ്ങിയില്ലെങ്കിലും അഫ്ഗാനിസ്ഥാൻ എ ടീമിനെതിരായ രണ്ടാം മത്സരത്തിൽ 22 പന്തിൽ നിന്നും 44 റൺസ് താരം അടിച്ചെടുത്തിരുന്നു. അഫ്ഗാനിസ്ഥാൻ പേസർ അബ്ദുള്ള അഹ്മദ്സായി എറിഞ്ഞ ഉഗ്രൻ ബൗൺസർ വൈഭവിന് പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ഇൻസൈഡ് എഡ്ജ് തട്ടി വിക്കറ്റ് കീപ്പർ ക‍്യാച്ച് കൈകളിലൊതുക്കുകയായിരുന്നു.
ഐപിഎൽ എലിമിനേറ്ററിൽ സൺറൈസേഴ്സ് പേസർമാർ വൈഭവിനെതിരേ പ്രയോഗിച്ചതും ഇതേ ബൗൺസറുകൾ തന്നെയായിരുന്നു. വൈഭവിന് ബൗൺസറുകൾ കളിക്കാൻ അൽപ്പം ബുദ്ധിമുട്ടുണ്ടെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ. ബൗൺസറുകൾ മൂലം പ്രതിരോധത്തിലാകുന്നതിനാൽ വൈഭവിന് സ്വഭാവിക ശൈലിയിൽ ബാറ്റ് വീശാൻ കഴിയുന്നില്ലെന്നാണ് മനസിലാകുന്നത്.
എന്നാൽ 15 വയസ് മാത്രം പ്രായമുള്ള ഒരു താരത്തെ സംബന്ധിച്ച് ഇത് വലിയൊരു പ്രശ്നമല്ല. സൗരവ് ഗാംഗുലി, സുരേഷ് റെയ്ന, ശിഖർ ധവാൻ, ശ്രേയസ് അയ്യർ എന്നിവരൊക്കെ കരിയറിന്‍റെ ഒരു ഘട്ടത്തിൽ ബൗൺസറുകൾ മൂലം പ്രതിരോധത്തിലായിരുന്നു. പിന്നീട് കഴിവ് കൊണ്ടും കഠിനാധ്വാനം കൊണ്ടും അവർ അതിനെ ഭംഗിയായി അതിജീവിച്ചു. അതിനാൽ വൈഭവും വരും മത്സരങ്ങളിൽ ബൗൺസറുകൾക്ക് മറുപടി കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.