
#സികെആര്‍
മുംബൈ: വാംഖഡെയില്‍, സാക്ഷാല്‍ സച്ചിന് ടെന്‍ഡുല്‍ക്കറുടെ ഹോം ഗ്രൗണ്ടില്‍ സച്ചിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് റെക്കോഡുകള്‍ സ്വന്തം പേരിലാക്കി വിരാട് കോലി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോഡും ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന സച്ചിന്റെ റെക്കോഡിനാണ് കോലി സ്വന്തം പേരെഴുതി മറികടന്നത്. തന്റെ ആരാധനാപാത്രമായ സാക്ഷാല്‍ സച്ചിന്റെ മുന്നിലായിരുന്നു കോലി ഈ റെക്കോഡുകള്‍ രണ്ടും മറികടന്നത്. അതും സച്ചിന് അരങ്ങേറിയ അതേ നവംബർ 15 ന് തന്നെ. കൂടാതെ 2013ല്‍ ഇതേ മൈതാനത്ത് ഇതേ നവംബര്‍ 15നാണ് സച്ചിന് തന്റെ അവസാന മത്സരം കളിക്കുന്നത് എന്ന അനിതരസാധാരണത്വവും ഈ മത്സരത്തിനുണ്ട്.
ചരിത്രം ഇങ്ങനെ പിറന്നു, 42-ാമത്തെ ഓവറിലെ നാലാമത്തെ പന്ത് ഫെര്ഗൂസന് എറിയുന്നു. ലെഗ് സൈഡിലൂടെ ഒരു ഷോട്ട്. വളരെ വേഗത്തില്‍ രണ്ട് റണ്‍സ് ഓടിപ്പൂര്‍ത്തിയാക്കി കോലി സെഞ്ചുറി തികച്ചു. സച്ചിന് ടെന്‍ഡുല്‍ക്കര്‍ ഗ്യാലറിയിലെ ബോക്സില്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ച് കോലിയെ അഭിനന്ദിച്ചു. ഇതുകണ്ട കോലി കൈകള്‍ താഴേക്കു താഴ്ത്തി സച്ചിനെ പ്രത്യഭിവാദ്യം ചെയ്തു. ആരാധകര്‍ ആര്‍പ്പുവിളികളോടെ കോലിയുടെ ലോക റെക്കോഡ് നേട്ടം ആഘോഷിച്ചു. 106 പന്തില്‍ എട്ടു ബൗണ്ടറിയും ഒരു സിക്സുമടക്കമാണ് കോലിയുടെ സെഞ്ചുറി. കേവലം 279 ഇന്നിങ്സുകളില്‍നിന്നാണ് കോലി 50 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയത്. സച്ചിന് ഇത്രയും സെഞ്ചുറി നേടാന്‍ വേണ്ടിവന്നത് 452 ഇന്നിങ്സുകളാണ്.
ഇന്നിങ്സിന്റെ ഇടവേളയില്‍ സച്ചിന് കോലിയുടെ അടുത്തെത്തി ആലിംഗനം ചെയ്ത് അഭിനന്ദനങ്ങള്‍ നേര്‍ന്നു. ഡേവിഡ് ബെക്കാം, വിവ് റിച്ചാര്‍ഡ്സ്, അരവിന്ദ ഡിസില്‍വ, വിരേന്ദര്‍ സെവാഗ് എന്നിവരും കോലിയെ നേരിട്ട് അഭിന്ദിച്ചു.
നേരത്തെ ഫിലിപ്സ് എറിഞ്ഞ 34-ാം ഓവറിലെ മൂന്നാം പന്തില്‍ ഒരു റണ്‍ നേടിക്കൊണ്ടാണ് ഒരു ലോകകപ്പിലെ കൂടുതല്‍ റണ്‍സ് എന്ന റെക്കോഡ് മറികടന്നത്. 20 വര്‍ഷം മുമ്പ് 2003ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ 11 ഇന്നിങ്സുകളില്‍നിന്ന് സച്ചിന് നേടിയ 673 റണ്‍സ് എന്ന റെക്കോഡാണ് കോലി മറികടന്നത്. കോലിക്ക് ഈ റെക്കോഡ് മറികടക്കാന്‍ വേണ്ടിവന്നത് 10 ഇന്നിങ്സുകളാണ്. 10 ഇന്നിങ്സുകളിൽ നിന്ന് കോലിക്ക് ഇപ്പോള്‍ 711 റണ്‍സുണ്ട്. ഫൈനലിലും തിളങ്ങാനായാല്‍ റണ്‍വേട്ട ഇനിയുമുയരും.