ദുബായ്: യുഎഇ ആതിഥേയത്വം വഹിക്കുന്ന ഐസിസി വനിതാ ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന് ഒക്ടോബർ 3 ന് തുടക്കമാകും. ദുബായ് ഷാർജ എന്നിവിടങ്ങളിലായി നടക്കുന്ന ചാംപ്യൻഷിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രണ്ട് ഗ്രൂപ്പുകളിലായി 10 ദേശീയ വനിതാ ടീമുകൾ പങ്കെടുക്കും. ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ് മത്സരിക്കുന്നത്. ഗ്രൂപ്പ് എ: ഇന്ത്യ,ഓസ്‌ട്രേലിയ,ന്യൂസിലാൻഡ് പാകിസ്‌ഥാൻ,ശ്രീലങ്ക. ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, സ്കോട് ലൻഡ്, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക.
ഒക്ടോബർ 3 ന് ഉച്ച കഴിഞ്ഞ് 2 ന് ഷാർജയിൽ നടക്കുന്ന ഉദ്‌ഘാടന മത്സരത്തിൽ ബംഗ്ലാദേശ്, സ്കോട് ലണ്ടിനെ നേരിടും. നാലാം തിയതി വൈകീട്ട് 6 ന് ന്യൂസീലൻഡുമായാണ് ഇന്ത്യൻ വനിതകളുടെ ആദ്യ മത്സരം. ആദ്യ സെമിഫൈനൽ മത്സരം പതിനേഴാം തിയതി ദുബായിലും, രണ്ടാം സെമി 18 ന് ഷാർജയിലും നടക്കും. 20 ന് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഫൈനൽ പോരാട്ടം.
ടൂർണമെന്‍റിന് മുന്നോടിയായുള്ള സന്നാഹമത്സരങ്ങൾ ഈ മാസം 28 മുതൽ ഒക്ടോബർ 1 വരെ നടക്കും. വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫിക്ക ടീമുകൾക്കെതിരെയാണ് ഇന്ത്യയുടെ സന്നാഹ മത്സരങ്ങൾ. ഹർമൻപ്രീത് കൗറാണ് ഇന്ത്യയുടെ ക്യാപ്റ്റൻ. ആശ ശോഭന, സജന സജീവ് എന്നീ മലയാളി താരങ്ങളും 15 അംഗ ഇന്ത്യൻ ടീമിൽ ഉണ്ട്. ഈ വർഷത്തെ ടൂർണമെന്‍റിൽ 10 ടീമുകൾ മൊത്തം 23 മത്സരങ്ങളിൽ പങ്കെടുക്കും. യുഎഇയിലെ രണ്ടു വേദികളിലായാണ് ഈ മത്സരങ്ങൾ നടക്കുന്നത്.
സെപ്തംബർ 28 മുതൽ ഒക്ടോബർ 1 വരെ നടക്കുന്ന യോഗ്യതാ മത്സരങ്ങൾക്ക് ശേഷം, ഒക്ടോബർ 3ന് ഔദ്യോഗിക മത്സരങ്ങൾ ആരംഭിക്കും. ആദ്യ മത്സരത്തിൽ ബംഗ്ലാദേശും സ്കോട്ട്ലൻഡും ഏറ്റുമുട്ടും. തുടർന്ന്, പാകിസ്ഥാനും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും. ആദ്യ റൗണ്ട് മത്സരങ്ങൾ ഒക്ടോബർ 15 വരെ നീണ്ടുനിൽക്കും. 17, 18 തീയതികളിലാണ് സെമി ഫൈനൽ. 2024 ഒക്ടോബർ 20 നാണ് അവസാന മത്സരം.