
സികെആര്‍
ലോകകപ്പിന് മുമ്പ് അവര്‍ കളിച്ച ആറ് ഏകദിന മത്സരങ്ങളില്‍ അഞ്ചിലും തോല്‍വി. പിന്നീട് ലോകകപ്പിനെത്തി ആദ്യ രണ്ടു മത്സരങ്ങളിലെ ദയനീയ പരാജയങ്ങള്‍. അതും കൂടാതെ പരുക്കുകളും ആ ടീമിനു വലിയ വെല്ലുവിളിയുയര്‍ത്തി. കൈക്കുഴയ്ക്ക് പരുക്കേറ്റ കരുത്തനായ ഓപ്പണര്‍ ട്രാവിസ് ഹെഡ്. പരുക്കിന്‍റെ പിടിയിലായിരുന്നു സ്റ്റീവ് സ്മിത്തും ഗ്ലെന്‍ മാക്സ്വെല്ലും മാര്‍ക്കസ് സ്റ്റോയ്നസും ആഡം സാംപയും, ടൂര്‍ണമെന്‍റിനു മുന്നേ സ്പിന്നര്‍ ആഷ്ടണ്‍ ആഗറും പിന്മാറി. പകരം ആദ്യ 18 പേരില്‍ അംഗമല്ലാതിരുന്ന ടെസ്റ്റ് സ്പെഷലിസ്റ്റ് മാര്‍നസ് ലാബുഷെയ്ന്‍ വന്നു.
അങ്ങനെ എല്ലാ തരത്തിലും പ്രതികൂലമായ ഒരു സാഹചര്യമായിരുന്നു ഓസീസിനു തുടക്കത്തിലുണ്ടായിരുന്നത്. ഓസ്ട്രേലിയ അവിടെ തീര്‍ന്നു എന്നു കരുതിയവര്‍ക്കുമുന്നിലൂടെ കമിന്‍സും കൂട്ടരും പടയോട്ടം നടത്തി മുന്നേറിയത് നമ്മുടെ മുന്നിലൂടെയാണ്. മൈറ്റി ഓസീസ് സടകുടഞ്ഞെണീഞ്ഞു. തുടര്‍ച്ചയായ എട്ടു വിജയങ്ങള്‍.
വ്യക്തഗതമായ ചില മിന്നല്‍ പ്രകടനങ്ങളായിരുന്നു തുടക്കത്തില്‍ വിജയത്തിന്‍റെ ചവിട്ടുപടിയെങ്കില്‍ പിന്നീട് ശക്തമായ ഒരു ടീമായി അവര്‍ ജയിച്ചുവന്നു. ഇന്ത്യക്കെതിരേ ആറ് വിക്കറ്റിനും ദക്ഷിണാഫ്രിക്കയ്ക്കെതിരേ 134 റണ്‍സിനും തോറ്റു. എന്നാല്‍, പിന്നീട് കമിന്‍സും സാംപയും ചേര്‍ന്ന് ലങ്കയെ മെരുക്കിയപ്പോള്‍ ജയം അഞ്ച് വിക്കറ്റിന്. പിന്നീട് പാക്കിസ്ഥാനെതിരായ മത്സരത്തില്‍ വാര്‍ണറും മിച്ചല്‍ മാര്‍ഷും സെഞ്ചുറി നേടിക്കൊണ്ട് ടീമിനെ വിജയത്തിലെത്തിച്ചു. നെതര്‍ലന്‍ഡ്സിനെതിരേ ബാറ്റിങ് മികവില്‍ 309 ന്‍റെ കൂറ്റന്‍ വിജയം. പാക്കിസ്ഥാനെതിരേ വാര്‍ണറുടെ സെഞ്ചുറി മികവില്‍ 62ന്‍റെ വിജയം.
കിവീസിനെതിരേ ട്രാവിസ് ഹെഡ്ഡിന്‍റെ (67 പന്തില്‍ 109) മിന്നുന്ന സെഞ്ചുറിയുടെയും ഡേവിഡ് വാര്‍ണറുടെ (65 പന്തില്‍ 81) അര്‍ധസെഞ്ചുറിയുടെയും മികവില്‍ മികവില്‍ ഓസ്ട്രേലിയ 388 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് അമ്പതോവറില്‍ നാല് റണ്‍സിന്‍റെ കുറവില്‍ കാലിടറി. ഇംഗ്ലണ്ടിനെതിരേ 33 റണ്‍സിന്‍റെ വിജയം നേടി. ലോക ക്രിക്കറ്റിലെ കുഞ്ഞന്മാരെന്നു പറയപ്പെട്ടിരുന്ന അഫ്ഗാനെതിരേ അക്ഷരാര്‍ഥത്തില്‍ വെള്ളം കുടിച്ച ഓസീസിന്‍റെ രക്ഷയ്ക്കെത്തിയത് ഗ്ലെന്‍ മാക്സ് വെല്‍. ഏകദിന ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സ് കാഴ്ചവച്ച മാക്സ് വെല്ലിന്‍റെ അതിമാനുഷ പ്രകടനത്തിന്‍റെ മികവില്‍ മൂന്നു വിക്കറ്റിന്‍റെ വിജയം. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ മിച്ചല്‍ മാര്‍ഷിന്‍റെ സെഞ്ചുറി മികവില്‍ ബംഗ്ലാദേശിനെ കശക്കി സെമിയിലേക്ക്. ആദ്യ റൗണ്ടില്‍ തങ്ങളെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കയെ സെമിയില്‍ മൂന്നു വിക്കറ്റിനു മറികടന്നാണ് ഓസീസ് ഫൈനലിലേക്കെത്തുന്നത്.
ആരും പ്രതീക്ഷിക്കാത്തിടത്തുനിന്ന് ഫൈനല്‍ വരെ ടീമിനെ എത്തിച്ച നായകന്‍റെ റോള്‍ എടുത്തുപറയാതെ പോകാനാവില്ല. കേവലം 14 മത്സരങ്ങളില്‍ മാത്രം ഓസീസിനെ നയിച്ച നായകന്‍ ഇന്ന് അവരുടെ ദേശീയ ഹീറോയാണ്. സെമിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ 29 പന്തില്‍ 14 റണ്‍സ് നേടിയ കമിന്‍സിന്‍റെ പ്രകടനമാണ് അവര്‍ക്ക് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. ഒപ്പം ആ മൂന്നു വിക്കറ്റും കളിയില്‍ നിര്‍ണായകമായി.