ഓപ്പൺ എഐയുമായി ദുബായി മെഡിക്കൽ യൂണിവേഴ്‌സിറ്റി കരാർ ഒപ്പുവച്ചു

മിഡിലീസ്റ്റിൽ ആദ്യമായാണ് ഇത്തരം ഒരു കരാർ
Dubai Medical University signs agreement with OpenAI
ഓപ്പൺ എഐയുമായി ദുബായ് മെഡിക്കൽ യൂണിവേഴ്‌സിറ്റി കരാർ ഒപ്പുവച്ചു
Updated on

ദുബായ്: ചാറ്റ്‌ ജിപിടി സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത ഓപ്പൺ എഐയുമായി ദുബായ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ചരിത്രപരമായ പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു. ദുബായ് പൊലീസ് പൊതുജന സുരക്ഷാ വിഭാഗം ഉപാധ്യക്ഷനും ദുബായ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ലഫ്റ്റനന്‍റ് ജനറൽ ദാഹി ഖൽഫാൻ തമീമിന്‍റെ മാർഗനിർദേശ പ്രകാരമാണ് കരാറിൽ ഒപ്പുവെച്ചത്.

ഇതനുസരിച്ച് സർവകലാശാലയ്ക്കുള്ളിൽ ഒരു ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ലബോറട്ടറി സ്ഥാപിച്ച് വിദ്യാഭ്യാസ പ്രക്രിയയുടെ എല്ലാ വശങ്ങളുമായി ചാറ്റ് ജിപിടി എജു പൂർണമായി സംയോജിപ്പിക്കും. മിഡിലീസ്റ്റിൽ ആദ്യമായാണ് ഇത്തരം ഒരു കരാർ. അക്കാദമിക് പ്രക്രിയയിലെ മികവ് പ്രോത്സാഹിപ്പിക്കുന്നതിന് വിശാലമായ ചക്രവാളങ്ങളും ബഹുതല രീതികളും തുറക്കുന്ന സാങ്കേതിക വിദ്യയാണ് ചാറ്റ് ജിപിടി എജു പരിചയപ്പെടുത്തുന്നത്.

വിദ്യാഭ്യാസത്തിനും ശാസ്ത്ര ഗവേഷണത്തിനുമായി ഓപൺ എഐയുമായി സഹകരിക്കുന്ന മേഖലയിലെ ആദ്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ദുബായ് മെഡിക്കൽ യൂണിവേഴ്സിറ്റി. പൂർണമായും യുണൈറ്റഡ് അറബ് എമിറേറ്റ്സിന്‍റെ ഉടമസ്ഥതയിലുള്ള ഈ സംവിധാനം മെഡിക്കൽ ഡാറ്റ വിശകലനം ചെയ്യാനും ഉപകരിക്കും.

യൂണിവേഴ്സിറ്റി ട്രസ്റ്റി ബോർഡ് ചെയർമാൻ ലഫ്റ്റനന്‍റ് ജനറൽ ദാഹി ഖൽഫാൻ, ബോർഡ് ഓഫ് ട്രസ്റ്റി അംഗം ഡോ. മുഹമ്മദ് മുറാദ് അബ്ദുല്ല, പ്രൊഫ. യൂസഫ് അൽ ത്വയ്യിബ്, കൊളെജ് ഓഫ് മെഡിസിൻ ഡീൻ പ്രൊഫ. ബേസിൽ അമർ എന്നിവരുടെ സാന്നിധ്യത്തിൽ റിമോട്ട് വീഡിയോ ആശയ വിനിമയത്തിലൂടെയായിരുന്നു ഒപ്പിടൽ ചടങ്ങ് നടത്തിയത്.

1986ൽ പെൺകുട്ടികൾക്കായി സ്ഥാപിതമായതാണ് ദുബായ് മെഡിക്കൽ കൊളെജ്. മെഡിസിൻ, സർജറി എന്നിവയിൽ ബിരുദം നൽകുന്ന യുഎഇയിലെയും ഗൾഫിലെയും ആദ്യ വനിതാ മെഡിക്കൽ യൂണിവേഴ്സിറ്റിയാണിത്.

Trending

No stories found.

Latest News

No stories found.