ബെംഗളൂരു: ഓണാഘോഷത്തിന്‍റെ ഭാഗമായി ബെംഗളൂരുവിലെ ഫ്ളറ്റിൽ തീർത്ത പൂക്കളം അലങ്കോലമാക്കിയ മലയാളി യുവതിക്കെതിരെ പൊലീസ് കേസെടുത്തു.
താനിസന്ദ്ര മൊണാർക്ക് സെറിനിറ്റി അപ്പാർട്ട്‌മെന്‍റിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശി സിമി നായരുടെ പേരിലാണ് സാമ്പിഗെഹള്ളി പൊലീസ് കേസെടുത്തത്.
ശനിയാഴ്ച മൊണാർക്ക് സെറിനിറ്റി അപ്പാർട്ട്‌മെന്‍റിൽ ഓണാഘോഷത്തിനിടെയാണ് സംഭവം. പുലർച്ചെ പാർപ്പിടസമുച്ചയത്തിന്‍റെ താഴെ നിലയിലെ പൂമുഖഭാഗത്ത് ഫ്ളറ്റിലെ കുട്ടികൾ ഒരുക്കിയ പൂക്കളമാണ് നശിപ്പിച്ചത്.
തിരുവോണം കഴിഞ്ഞിട്ടും ഓണം ആഘോഷിക്കുന്നതിനോടും പൂക്കളമൊരുക്കുന്നതിനോടും എതിർപ്പുന്നയിച്ചാണ് പൂക്കളം നശിപ്പിച്ചതെന്ന് ഫ്ളറ്റിലെ മറ്റ് കുടുംബാംഗങ്ങൾ പറഞ്ഞു.
അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ, ഒരു വിഭാഗത്തിന്‍റെ വികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് സിമി നായർക്കെതിരെ കേസെടുത്തത്. ഫ്ലാറ്റിലെ കോമൺ ഏരിയയിൽ നിർമ്മിച്ച പൂക്കളം സിമി നായർ ചവിട്ടി നശിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യപകമായി പ്രചരിച്ചിരുന്നു.