അഗസ്ത്യ ദൂരത്തിലെ പെൺനടത്തം

പാറക്കെട്ടുകളിൽ തട്ടിയൊഴുകുന്ന അരുവി അവിടെയുള്ള മഞ്ഞിനെ മുഴുവൻ ആവാഹിച്ച് തണുത്ത് തണുത്ത് സ്വയമൊരു മഞ്ഞുകഷണം പോലെയായിരിക്കുന്നു. ഒന്നു മുങ്ങിയപ്പോഴേ ഉടലാകെ തണുത്തു വിറച്ചു
ചിത്രങ്ങൾ: ഷഹനാസ് ഖാൻ
ചിത്രങ്ങൾ: ഷഹനാസ് ഖാൻ

#നീതു ചന്ദ്രൻ

കാതങ്ങൾ നീണ്ട കാട്ടുപാതയ്ക്കൊടുവിൽ മഞ്ഞൾപ്പൊടി വാരിപ്പൂശിയ കൽപ്രതിഷ്ഠകൾ കടന്ന് അതിരുമല ബേസ് ക്യാംപിലെത്തിയപ്പോഴേക്കും മഴമേഘങ്ങൾ ഉരുണ്ടു കൂടിത്തുടങ്ങിയിരുന്നു. അങ്ങു ദൂരെ തലയുയർത്തി നിൽക്കുന്ന അഗസ്ത്യമല അപ്പോഴേക്കും കോടമഞ്ഞ് വാരിപ്പുതച്ച് ധ്യാനത്തിലേക്കമർന്നു.... മുട്ടിടിച്ചാൻ മലയ്ക്കു മുൻപേ പുൽമേടിനു കുറുകേയുള്ള ചെമ്മൺപാതയിലൂടെ നടക്കുമ്പോഴേ മഴ ചിന്നിച്ചാറി കൂടെക്കൂടിയിരുന്നു. മഴ ഇനിയും കനത്താൽ ഇക്കണ്ട കാട്ടുപാത താണ്ടിയതെല്ലാം വെറുതെയാകും. വായിച്ചും പറഞ്ഞുകേട്ടും കൊതിപ്പിച്ച അഗസ്ത്യാർകൂടമെന്ന സ്വപ്നം യാഥാർഥ്യമാകാൻ പിന്നെയും വൈകും....

കാടുകയറിയ ചിന്തകളെ പിടിച്ചു കെട്ടി ക്യാന്‍റീനിനുള്ളിലേക്കു നടന്നു. യാത്രയുടെ ക്ഷീണം തീർക്കാൻ ചൂടു കട്ടനും മുളകുബജിയുമായി കൊച്ചുവർത്തമാനം പറയുന്ന അപരിചിതരായ സഹയാത്രികർ. കാറ്റ് ആഞ്ഞ് വീശുന്നുണ്ട്. ചുറ്റും പേരറിയാത്ത കിളികളുടെയും ഷഡ്പദങ്ങളുടെയും സംഗീതം. ക്യാന്‍റീനിൽ നിന്ന് സ്ത്രീകൾക്കു മാത്രമായുള്ള മുറിയിലേക്ക് നടക്കുമ്പോൾ കാൽപ്പാദങ്ങളും മനസും ഒരേപോലെ കനം തൂങ്ങി....

പാതി‌യോളം ഇരുട്ടു കീഴടക്കിയ മുറിക്കുള്ളിൽ തലങ്ങും വിലങ്ങും നിരത്തിയിട്ട കിടക്കകൾ. അടയ്ക്കാൻ മറന്ന തകര വാതിൽ കാറ്റടിച്ച് ശബ്ദത്തോടെ താനേ അടഞ്ഞു. മുറിയിൽ ആകെ ഒമ്പത് പെണ്ണുങ്ങൾ. അതിൽ മൂന്നു പേർ അഗസ്ത്യമലയുടെ മുകളറ്റം കണ്ടിറങ്ങിയവർ. ബാക്കി ഞങ്ങൾ ആറു പേരാണ് നാളെ മല കയറാനൊരുങ്ങുന്ന പെണ്ണുങ്ങൾ. ആകെ നൂറു യാത്രികർ അതിൽ വെറും ആറു സ്ത്രീകൾ, അതിൽ രണ്ടു പേരാണ് ഞങ്ങളും.

"ആണുങ്ങളെക്കൊണ്ടു പോലും കയറാനാകുന്നില്ല അത്ര ബുദ്ധിമുട്ടാണ്....''

യാത്ര തുടങ്ങുന്നതിന് അൽപ്പം മുൻപു വരെ നേരിട്ടും ഫോണിലൂടെയും പലരിൽ നിന്നായി കേട്ട വാക്കുകൾ വിട്ടു പോകാതെ മനസിൽ വിറങ്ങലിച്ചു കിടന്നു. ബേസ് ക്യാംപിനോടു ചേർന്ന് നിരനിരയായി ടോയ്‌ലെറ്റുകളും അതിനു പുറകിൽ അത്ര തന്നെ കുളിമുറികളും. പുറകിലെ തടിപ്പാലം കടന്ന് ഒരൽപ്പം നടന്നാലൊരു കുഞ്ഞരുവിയുണ്ട്. ഒന്നു മുങ്ങിയാൽ ക്ഷീണമെല്ലാം പമ്പ കടക്കുമെന്ന് പറഞ്ഞ് നിർബന്ധിച്ചു വിട്ടത് അന്നു രാവിലെ പരിചയപ്പെട്ട പെൺകുട്ടിയാണ്. പിന്നെ അധികം ആലോചിച്ചില്ല, ബാക്കിയുള്ള ഞങ്ങൾ അഞ്ച് പേരും കൂടി അരുവിയിലേക്കു നടന്നു.

സമയം വൈകിട്ട് ആറു മണി കഴിയുന്നു. പാറക്കെട്ടുകളിൽ തട്ടിയൊഴുകുന്ന അരുവി അവിടെയുള്ള മഞ്ഞിനെ മുഴുവൻ ആവാഹിച്ച് തണുത്ത് തണുത്ത് സ്വയമൊരു മഞ്ഞുകഷണം പോലെയായിരിക്കുന്നു. ഒന്നു മുങ്ങിയപ്പോളേ ഉടലാകെ തണുത്തു വിറച്ചു. പക്ഷേ, കയറിപ്പോരാൻ തോന്നാത്ത പോലെ അരുവി വീണ്ടും വീണ്ടും ചേർത്തു പിടിച്ചു. ഇരുട്ടായിത്തുടങ്ങിയതോടെ പതുക്കെ ക്യാംപിലേക്കു കയറി. ഇനിയൊരൽപ്പം പോലും നടക്കാൻ വയ്യെന്ന തോന്നൽ അപ്പാടെ അരുവി കഴുകിക്കളഞ്ഞിരുന്നു. അഗസ്ത്യ മല കയറാനാകുമോ എന്ന ആശങ്ക ഇപ്പോൾ തീരെയില്ല. പേടി മുഴുവൻ മഴയെക്കുറിച്ചാണ്. അപ്പോഴേക്കും ഉരുണ്ടു കൂടിയ മഴക്കാർ മടിയില്ലാതെ പെയ്തു തുടങ്ങിയിരുന്നു.

ഒരൊറ്റ ബൾബിന്‍റെ അരണ്ട വെളിച്ചം തങ്ങി നിൽക്കുന്ന മുറി. ആർത്തു പെയ്യുന്ന മഴയുടെ ശബ്ദം ഇരട്ടിയാക്കി ചെവിയിലെത്തിക്കുന്ന ഷീറ്റ് മേഞ്ഞ മേൽക്കൂര. പുറത്തിറങ്ങാനാവില്ലെന്ന് ഉറപ്പായതോടെ ഉള്ളിലെ ആശങ്കകൾ ചോദ്യങ്ങളായി ഞങ്ങൾക്കിടയിലേക്കിറങ്ങി വന്നു. അഗസ്ത്യകൂടം കണ്ടിറങ്ങിയവരോടായിരുന്നു ചോദ്യങ്ങളേറെയും. ആശ്വാസം പകർ‌ന്നതും ആശങ്ക വളർത്തിയതും അവരുടെ ഉത്തരങ്ങളായിരു ന്നു."കണ്ടനുഭവിക്കേണ്ടതാണ്... പറഞ്ഞാലോ കേട്ടാലോ മനസിലാക്കാൻ പറ്റുന്നതല്ല....''

കഴിഞ്ഞ അഞ്ച് വർഷങ്ങളായി മല കയറിയിറങ്ങിയ ഒരുവൾ ഞങ്ങളുടെ ബാലിശമായ ചോദ്യങ്ങൾക്കു നേരെ ചെറുതായൊന്നു പുഞ്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. നാളെ ഏഴു മണിയോടെ ഞങ്ങൾ അഗസ്ത്യമലയിലേക്ക് യാത്ര തിരിക്കേണ്ടതാണ്. രാത്രി എട്ടേ മുക്കാലായതോടെ ക്യാംപിലെ രണ്ട് വനിതാ ഓഫിസർമാർ മുറിയിലേക്കെത്തി, പുഞ്ചിരിയോടെ വിവരങ്ങളന്വേഷിച്ചു. എങ്കിൽ ഇനിയുറങ്ങാമെന്ന വാക്കുകളോടെ അവർക്കായുള്ള കിടപ്പുമുറിയിലേക്കു മടങ്ങി. നാളെ അവരും കാടിറങ്ങുകയാണ്. ഒമ്പത് മണിയോടെ വിളക്കുകൾ അണഞ്ഞു. ഒരു തരി പോലും റേഞ്ചില്ലാതെ ഒന്നിനും കൊള്ളാതായ മൊബൈൽ ഫോണുകൾ മാത്രം ഇടയ്ക്കു തെളിഞ്ഞണഞ്ഞുകൊണ്ടിരുന്നു. നാളത്തെ സ്വപ്നങ്ങൾ മഴയിൽ നനഞ്ഞൊലിച്ചു പോകുമോ എന്ന പേടിയോടെയാണ് ഉറങ്ങാൻ കിടന്നത്. മുറി മുഴുവൻ നിറഞ്ഞു നിൽക്കുന്ന തണുപ്പ്. അപരിചിതമായ ശബ്ദങ്ങൾ. കണ്ണുകളടച്ചപ്പോൾ പകൽ കടന്നു പോയ വഴികളും അരുവികളും പാറക്കെട്ടുകളുമെല്ലാം സ്ക്രീനിലെന്ന പോലെ തെളിഞ്ഞു വന്നു.

അതിരുമലയെത്തും മുൻപേ

തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തുമ്പോൾ പുലർച്ച അഞ്ചു മണി. ബോണക്കാട്ടേക്കുള്ള ബസ് തപ്പി എത്തിയപ്പോൾ കണ്ടത് വലിയൊരു ആൾക്കൂട്ടമാണ്. ഒരു വിധം ബസിനുള്ളിൽ കയറിപ്പറ്റിയപ്പോഴേക്കും സീറ്റെല്ലാം നിറഞ്ഞിരുന്നു. ബാഗുകളുമായി ഒരുപാട് പെൺകുട്ടികളുണ്ട്.എല്ലാവരും അഗസ്ത്യാർകൂടം ട്രക്കിങ്ങിനുള്ളവരായിരിക്കുമോ? കൗതുകത്തോടെ ഞങ്ങൾ രണ്ടു പേരും പരസ്പരം നോക്കി.

പക്ഷേ, ആ പ്രതീക്ഷ അസ്ഥാനത്തായിരുന്നു. രണ്ടര മണിക്കൂർ യാത്രയിൽ പലയിടങ്ങളിലായി അവരെല്ലാം ഇറങ്ങി. ബോണക്കാട് തപാൽ ഓഫിസിനപ്പുറത്ത് ബസിറങ്ങി ഫോറസ്റ്റ് ഓഫിസിലേക്കുള്ള നടത്തത്തിനിടയിൽ ആ സത്യം വെളിപ്പെട്ടു- ഫോറസ്റ്റ് ഓഫിസിലേക്കു നടക്കുന്ന ഞങ്ങൾ രണ്ടു പേരൊഴികെ ബാക്കിയെല്ലാവരും ആണുങ്ങളാണ്.

ഒരൽപ്പം നീണ്ട നടത്തം തന്നെ വേണ്ടി വന്നു ഫോറസ്റ്റ് ഓഫിസിനു മുൻപിൽ എത്താൻ. യാത്രക്കൊരുങ്ങിയ എല്ലാവരും പ്രാതൽ കഴിക്കുന്നതിനുള്ള തിരക്കിലാണ്. ഒരരുകിൽ ഒതുക്കി വച്ചിരിക്കുന്ന നീളമുള്ള വടികളിൽ ഒരെണ്ണം ആദ്യമേ സ്വന്തമാക്കി. അവിടെയെല്ലാത്തിനും പണം കൊടുക്കണം. വെട്ടിയൊതുക്കിയ വടിക്ക് 15 രൂപ.

പ്രധാന ഓഫിസർ എത്തിയിട്ടില്ല. അതു കൊണ്ട് പതിയെ പ്രാതലിലേക്കു കടന്നു. അതിനിടെ ചുമ്മാ എല്ലായിടവും ഒന്നു നിരീക്ഷിച്ചു. ‌ഓഫിസർ എത്തിയതോടെ കാര്യങ്ങൾ വേഗത്തിലായി. ഫിറ്റ്നസ് സർട്ടിഫിക്കറ്റും പാസും തിരിച്ചറിയൽ കാർഡുമെല്ലാം പരിശോധിച്ചാണ് ഓരോരുത്തരെയും കടത്തി വിടുന്നത്. കാട്ടുപാതയിലേക്ക് കടക്കും മുൻപേ ബാഗ് മുഴുവൻ തുറന്നു പരിശോധിച്ചു. പ്ലാസ്റ്റിക് നിരോധിത മേഖലയാണ്. എന്‍റെ കൈയിൽ പ്ലാസ്റ്റിക്കായി ആകെയുണ്ടായിരുന്നത് വെള്ളം കരുതിയ ഒരു കുപ്പിയാണ്. തിരിച്ചു വരുമ്പോൾ ആ കുപ്പി കാണിക്കണം. ഇല്ലെങ്കിൽ പിഴ അടയ്ക്കേണ്ടി വരും. ക്യാമറ ഒപ്പം കൊണ്ടു പോകണമെങ്കിലും പ്രത്യേകം പണമടയ്ക്കണം.

പത്തു പേർ ചേർന്നുള്ള കൂട്ടങ്ങളായി കാട്ടുപാതയിലേക്കു കടന്നു. ഓരോ ഗ്രൂപ്പിനുമൊപ്പം ഒരു ഗൈഡുമുണ്ട്. നാലു കിലോമീറ്റർ കഴിയുമ്പോൾ അടുത്ത ഗൈഡ് സംഘത്തെ ഏറ്റെടുക്കും. അഗസ്ത്യമലയിലേക്ക് ആദ്യമായി സ്ത്രീപ്രവേശനം അനുവദിച്ചപ്പോൾ ഉയർന്നു വന്ന പ്രതിഷേധങ്ങളെക്കുറിച്ചോർത്തു... ഇപ്പോഴതൊന്നും ആരെയും അലട്ടുന്നില്ല. എല്ലാം സാധാരണയായി മാറിയിരിക്കുന്നു.

പല യാത്രക്കാരിൽ നിന്ന് വായിച്ചും കേട്ടും പരിചയമുള്ള കാട്ടു വഴികളിലൂടെയാണ് നടത്തം. ആദ്യം അൽപ്പം വേഗത്തിൽ, പിന്നെ അണച്ചു തുടങ്ങിയപ്പോൾ ആശ്വാസകരമായുള്ള വേഗത്തിൽ കാടിന്‍റെ സൗന്ദര്യം ആസ്വദിച്ച് ഇടയ്ക്കിരുന്നും വിശ്രമിച്ചും അൽപ്പാൽപ്പമായി വെള്ളം കുടിച്ചുമെല്ലാം യാത്ര തുടർന്നു. ഒരു ജോഡി ഉടുപ്പും സ്ലീപ്പിങ് ബാഗും തണുപ്പു മാറ്റാനുള്ള ഉടുപ്പുകളും ഒരു പഴയ ക്യാമറയും മാത്രമേ ബാഗിനകത്തുള്ളൂ. പക്ഷേ, അതു പോലും താങ്ങാനാകാത്ത ഭാരമായി മാറിക്കൊണ്ടിരുന്നു. പാത മുറിച്ച് ഒഴുകുന്ന കാട്ടാറുകളാണ് വിശ്രമത്തിനുള്ള ഇടങ്ങൾ. ബോണക്കാട് പിക്കറ്റ് ക്യാംപും അതിരുമല ബേസ് ക്യാംപും അടക്കം വഴി അടയാളപ്പെടുത്തുന്ന ആറു ക്യാംപുകൾ. നടത്തം ക്ഷീണിപ്പിച്ചു തുടങ്ങിയപ്പോൾ അടുത്ത ക്യാംപ് എത്താറായോ എന്ന ചോദ്യം പിന്നെയും പിന്നെയും തികട്ടി വന്നു. ബോണക്കാട് കഴിഞ്ഞാൽ അടുത്ത ക്യാംപ് ലാത്തിമൊട്ടയാണ്. പിന്നെ വെള്ളം നിറഞ്ഞൊഴുകുന്ന കരമനയാറും വാഴപ്പന്തിയാറും ഏറ്റവുമൊടുവിൽ അട്ടകൾ ധാരാളമുള്ള അട്ടയാറും. അതോടെ അഞ്ച് ക്യാംപുകൾ പൂർത്തിയായെന്ന ആശ്വാസത്തിനൊപ്പം വെയിലും വന്നു തൊട്ടു. പിന്നെയങ്ങോട്ട് ആനകളും കാട്ടുപോത്തുകളും വിഹരിക്കുന്ന വിശാലമായ പുൽമേട്. കാട്ടു മരങ്ങളുടെ തണൽ അൽപ്പനേരത്തേക്കില്ല. ചെറു മഴയിൽ തളിർത്തു വരുന്ന പുല്ലുകൾ. അകലെയെവിടെയോ കാട്ടുപോത്ത് ഓടിയകലുന്ന ശബ്ദം. യാത്രികർ എത്തും മുൻപ് അതിരാവിലെ എത്തി ആനകളോ പോത്തോ ഉണ്ടെങ്കിൽ പടക്കം പൊട്ടിച്ച് ഓടിക്കുമെന്ന് ഒപ്പമുണ്ടായിരുന്ന ഗൈഡ്. പുൽമേട്ടിൽ നിന്നാൽ അങ്ങകലെ അഗസ്ത്യമല കാണാം. പിന്നെയങ്ങോട്ട് ഏഴുമടക്കുകളായി കിടക്കുന്ന ഏഴുമടക്കു മല. യാത്ര തന്നെ വേണ്ടിയിരുന്നില്ല എന്നു തോന്നിപ്പിക്കുന്ന കുത്തനെയുള്ള മുട്ടിടിച്ചാൺ മലയാണ് പിന്നെ. ഏറ്റവുമൊടുവിൽ, ചുറ്റും കിടങ്ങുകളോടു കൂടിയ പാതി ഷീറ്റിലും പാതി കോൺക്രീറ്റിലും തീർത്ത അതിരുമല ബേസ് ക്യാംപ് തെളിഞ്ഞു വരും.

അഗസ്ത്യനിലേക്കുള്ള പാത

ഉറക്കം പാതിയിൽ മുറിഞ്ഞു, ഇപ്പോഴും മഴ പെയ്യുകയാണ്. കണ്ണടച്ച് മഴയുടെ ആരവം ശ്രദ്ധിച്ച് കിടന്നു. ഒന്നു തോരും, പിന്നെയും ശക്തിയാർജിക്കും... മഴയിങ്ങനെ തുടർന്നാൽ അധികൃതർ നാളത്തെ ട്രക്കിങ് ക്യാൻസൽ ചെയ്യാനുള്ള സാധ്യതയുണ്ട്. ഇടയ്ക്കെപ്പോഴോ പുറത്ത് വലിയ വീപ്പയിൽ അടിക്കുന്ന ശബ്ദം.

നേരം പുലർന്നു, മഴ മാറിയിരിക്കുന്നു. മുറിയിൽ വെളിച്ചം തെളിഞ്ഞു. യാത്ര മാറ്റിവയ്ക്കുന്നതിനെപ്പറ്റി യാതൊന്നും കേൾക്കുന്നില്ല. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. കട്ടൻചായ കുടിച്ച് രാവിലത്തെ ഭക്ഷണം പൊതിഞ്ഞു വാങ്ങി യാത്ര തുടങ്ങി.

ഉൾവനത്തിലൂടെയാണ് നടത്തം. തലേന്നത്തെ തോരാമഴയിൽ കാട്ടുപാതയെല്ലാം നനഞ്ഞു കുതിർന്നിരിക്കുന്നു. ഇത്തിരി നീങ്ങിയപ്പോഴേക്കും എങ്ങു നിന്നെന്നറിയാതെ ആനപ്പിണ്ടത്തിന്‍റെ ചൂര്. അടുത്തെവിടെയെങ്കിലും ആനയുണ്ടോയെന്ന പേടി‌യിൽ നടത്തത്തിന്‍റെ വേഗമൽപ്പം അയഞ്ഞു. പുറകിൽ തന്നെ ഗൈഡുണ്ട്. സെറ്റിൽമെന്‍റിൽ താമസിക്കുന്ന കാണിവിഭാഗത്തിൽ നിന്നുള്ളവരാണ് യാത്രികർക്ക് കൂട്ടു വരുന്നത്. ഇന്നലെ വന്നു പോയ ആനകളുടെ ചൂരാണ് ബാക്കി നിൽക്കുന്നതെന്ന അവരുടെ ഉറപ്പിലായിരുന്നു പിന്നീടുള്ള നടത്തം. രാത്രിയിലെ മഴയിൽ ആന ക്യാംപിന്‍റെ അടുത്തു വന്നു തിരിച്ചു പോയിരുന്നെന്നും കരടി വന്നിരുന്നെന്നും അപ്പുറത്തെ പുരുഷന്മാരുടെ മുറിയിൽ നിന്ന് രണ്ടു തവണ പാമ്പിനെ അടിച്ചു പുറത്തിറക്കേണ്ടി വന്നെന്നുമുള്ള കാര്യങ്ങളെല്ലാം അറിഞ്ഞത് ആ നടപ്പിനിടയിലാണ്. പരസ്പരമുള്ള സംസാരത്തെ കിതപ്പ് ഏതാണ്ട് ഇല്ലാതാക്കിയിരിക്കുന്നു. നിശബ്ദതയിൽ ഉൾവനം പതിയെ പത്തി വിടർത്തുന്ന നാഗത്തെ പോലെ പൂർണാകാരം പ്രാപിച്ചു. ഒരേസമയം ആകർഷകവും ഭയാനകവുമായ ഗാംഭീര്യം.

കടപുഴകി വീണ കൂറ്റൻ മരങ്ങൾ പലപ്പോഴും പാതയെ മറച്ചു. ഉരുളൻ കല്ലുകൾ അടുക്കും ചിട്ടയുമില്ലാതെ പാതയുടെ തുടർച്ചയായി മാറി. പാതയ്ക്കു താഴെ അഗാധമായ ഗർത്തത്തെ മറച്ചു കൊണ്ടു തളിർത്താർത്തു നിൽക്കുന്ന കുഞ്ഞു മരങ്ങളുടെ വലിയ കൂട്ടം. ‌നീർച്ചാലുകളെല്ലാം മഴയിൽ ഒന്നു കൂടി നിറഞ്ഞുല്ലസിക്കുന്നു.

നനഞ്ഞ പാറയിലും മരങ്ങളിലും തഴുകിയുള്ള നടത്തത്തിനിടെയാണ് കൈപ്പത്തിക്കു താഴെ ചെറിയ നനവു തോന്നിയത്. അട്ട ചോര കുടിച്ച് സ്വയം വിട്ടു പോയിരിക്കുന്നു, മുറിവിൽ നിന്ന് ഇപ്പോഴും ചോരയൊഴുകുന്നുണ്ട്. കാലിൽ പിടിച്ചിരുന്ന അട്ടയെ അൽപ്പസമയം മുൻപ് സാനിറ്റൈസർ അടിച്ച് തുരത്തിയിരുന്നു.

വൻ മരച്ചില്ലകളും ഇലകളും കടന്ന് ആകാശം പതിയെ വെളിപ്പെട്ട് വരുന്നു. വഴി മലഞ്ചെരുവിലേക്ക് തിരിഞ്ഞു കഴിഞ്ഞിരിക്കുന്നു. കോടമഞ്ഞിനെ പുൽകിയ കാറ്റ് വീശിയടിക്കുന്നു. വഴിയരികിലെ പാറക്കെട്ടുകൾക്കിടയിലെ കുറുകിയ മരങ്ങൾ പൂത്തു നിൽക്കുന്നു. വലിയൊരു ഗർത്തത്തിനുമപ്പുറം പച്ച പുതച്ച മല നിരകളുടെ അതിമനോഹരമായ ദൃശ്യം. അതിനപ്പുറമാണ് പൊങ്കാലപ്പാറ.

സമയം ഏതാണ്ട് പത്തുമണി കഴിഞ്ഞു. വിശാലമായൊരു പാറക്കെട്ടിനെ തഴുകിയൊഴുകി താഴേക്ക് വീഴുന്ന കാട്ടരുവി. രാവിലത്തെ ഭക്ഷണത്തിനായി അൽപ്പസമയം അവിടെ. ഇനിയാണ് യാത്ര കൂടുതൽ ദുർഘടമാകുന്നത്. ഏറ്റവും മനോഹരമായ കാഴ്ചകൾ തുടങ്ങുന്നതും അവിടന്നു നിന്നു തന്നെ. വഴിയിലേതോ കാട്ടുചോലയിൽ നിന്ന് ശേഖരിച്ച വെള്ളത്തിൽ ഗ്ലൂക്കോസ് കലക്കി നൽകിയ സഹയാത്രികൻ അപ്പോഴേക്കും ഏറെ ദൂരം പിന്നിട്ടിരുന്നു.

പൊങ്കാലപ്പാറയിൽ നിന്ന് മുകളിലേക്കു നോക്കി. വേഗത്തിൽ മല കയറിയവരുടെ നിര കോട മഞ്ഞിനുള്ളിലൂടെ മങ്ങിയ കാഴ്ചകളായിക്കഴിഞ്ഞു. വെള്ളച്ചാട്ടത്തിനു കുറുകെ പാറയിൽ അള്ളിപ്പിടിച്ച് കയറുമ്പോഴേക്കും കോട കൂടുതൽ കടുത്തു. മുടിയിഴകളിൽ മഞ്ഞു തുള്ളികൾ മുത്തുമണികൾ കോർത്തു. നടത്തത്തിന്‍റെ ക്ഷീണത്തെ ഏഴയലത്തെത്തിക്കാതെ മലകൾ ചുറ്റി വരുന്ന ഈറ‌ൻ കാറ്റ് ചുറ്റും ചൂഴ്ന്നു നിന്നു. സ്വയമൊരു കവിത പോലെ മഞ്ഞിൻപാട പുതച്ചു നിൽക്കുന്ന മലഞ്ചെരിവ്. ഒറ്റയ്ക്കും കൂട്ടമായും വിരിഞ്ഞു നിൽക്കുന്ന ഒരായിരം പേരറിയാപ്പൂക്കൾ, മഞ്ഞിൽ തണുത്തു കുളിർന്നു നിൽക്കുന്ന കുഞ്ഞു മരങ്ങൾ. പാറക്കെട്ടുകളിൽ വളർന്നു നിൽക്കുന്ന കുറിയ മരങ്ങൾ ഏറെയുള്ള ബോൺസായ് കാട്. ഏതു നേരവും തണുത്തു നിൽക്കുന്ന "എസി കാട്'. അസംഖ്യം ഔഷധസസ്യങ്ങളുടെ പറുദീസയാണീ കാട്. അവയെക്കുറിച്ചെല്ലാം അറിയുന്നവർ തീരെക്കുറച്ചാണെന്നു മാത്രം.

അഗസ്ത്യനിലേക്കുള്ള വഴി അത്രയേറെ മനോഹരമാണ്. സ്വപ്നത്തേക്കാൾ മനോഹരമായൊരു ലോകത്തേക്ക് മനസും ശരീരവും സ്വയമറിയാതെ സഞ്ചരിച്ചു കൊണ്ടിരുന്നു. അഗസ്ത്യന്‍റെ താഴ്വാരത്തിൽ ആന ചിന്നം വിളിക്കുന്ന ശബ്ദം. പഠനത്തിന്‍റെ ഇടവേളകളിൽ ഗൈഡായി എത്തുന്ന ശ്യാമും കണ്ണനും ശബ്ദം കേട്ടപാതി കല്ലുകളിലൂടെ ഓടിച്ചാടി താഴേക്കു പോയി. അതേ വേഗത്തിൽ തന്നെ തിരിച്ചെത്തി. പൊങ്കാലപ്പാറയ്ക്കരികിൽ ആനക്കൂട്ടം എത്തിയിട്ടുണ്ട്. യാത്രികരെല്ലാം പൊങ്കാലപ്പാറ കടക്കും വരെ ആനക്കൂട്ടത്തെ പടക്കം പൊട്ടിച്ച് അകറ്റി നിർത്തിയിരിക്കുകയാണ്. ഇത്തവണത്തെ ട്രക്കിങ് തുടങ്ങിയതിനു ശേഷം ഒരാഴ്ചയോളം ആനക്കൂട്ടത്തിന്‍റെ യാത്ര തടഞ്ഞ് നിർത്തേണ്ടി വന്ന കഥ ശ്യാമാണ് പറഞ്ഞത്. അങ്ങനെയിരിക്കേയാണ് ഒരു തോരാമഴ പെയ്തത്. യാത്ര അപകടകരമാകുമെന്ന് തോന്നിയതോടെ അന്നൊരു ദിവസത്തേക്ക് ട്രക്കിങ് റദ്ദാക്കി. അന്നാണ് ആനക്കൂട്ടം സമാധാനമായി അപ്പുറത്തേക്ക് കടന്നു പോയത്. ബാക്കിയെല്ലാ ദിവസങ്ങളിലും അതിരാവിലെ പടക്കം പൊട്ടിച്ച് ആനകളെ ഭയപ്പെടുത്തുകയായിരുന്നു.

അഗസ്ത്യനോടടുക്കുമ്പോൾ ഉറക്കെ ശബ്ദമുണ്ടാക്കിയാൽ കോടമഞ്ഞ് വന്നു മൂടുമെന്നു പറഞ്ഞതും, തമിഴ്നാട്ടിൽ നിന്ന് 'കടുവസാർ' സന്ദർശനത്തിനു വരുന്ന വഴി കാണിച്ചു തന്നതും, ഇടയ്ക്കു നനഞ്ഞ പാറകളിലേക്കു കയറാൻ സമ്മതിക്കാതെ ഷൂസ് പണി മുടക്കിയപ്പോൾ സ്വന്തം സ്ലിപ്പർ തന്ന് ട്രക്കിങ്ങിന് ഇതൊക്കെ മതി ചേച്ചീയെന്ന് പറഞ്ഞ് പിടിച്ചു കയറ്റിയതും ശ്യാമായിരുന്നു. ഉരുളൻ കല്ലുകൾ മാത്രമുള്ള ചെങ്കുത്തായ കയറ്റത്തിലൂടെയാണ് ‍യാത്ര. അൽപ്പമങ്ങോട്ടേക്കെത്തിയപ്പോഴേക്കും വർഷാവർഷം അഗസ്ത്യനെ വന്നു കാണുന്നവർ മല കയറി തിരിച്ചിറങ്ങി വന്നു തുടങ്ങി. കോടമഞ്ഞിൽ മുണ്ടു മാത്രമുടുത്ത് ചെരിപ്പു പോലുമില്ലാതെ അനായാസം മല കയറിയിറങ്ങുന്നവർ.

മഞ്ഞൊന്നു മാറിയപ്പോൾ എസി കാട്ടിലെ ഇലകൾക്കിടയിലൂടെ സൂര്യകിരണങ്ങൾ ചാഞ്ഞും ചരിഞ്ഞും ചിത്രങ്ങൾ വരച്ചു. ഇനിയങ്ങോട്ട് മുകളിലേക്കുള്ള പാറക്കെട്ടുകൾ കയറുന്നതിനു സഹായത്തിനായി കയറുകളുണ്ട്. ഉരുളൻ കല്ലുകൾ നിറഞ്ഞ പാറയുടെ വിടവിലൂടെയുള്ള കയറ്റത്തിലേക്കാണ് ആദ്യത്തെ കയർ. വഴി കാട്ടാനായി ഒപ്പമുള്ളവർ നിമിഷനേരം കൊണ്ട് ഉരുളൻ കല്ലുകൾ ചാടിച്ചാടി മുകളിലേക്കു കയറി സഹായിക്കാനായി കൈകൾ നീട്ടി. മുകളിൽ നീണ്ടു പരന്നു കിടക്കുന്ന കുത്തനെയുള്ള കൂറ്റൻ പാറക്കെട്ടാണ്. മഴയിലും മഞ്ഞിലും നനഞ്ഞു കുതിർന്നെങ്കിലും ശക്തമായ വടങ്ങളാണ് മലകളിൽ നിന്ന് താഴേക്ക് നീട്ടിയിട്ടിരിക്കുന്നത്. അതിൽ തൂങ്ങി മുകളിലേക്ക്.

അഗസ്ത്യമലയുടെ നെറുകയിലെത്തിയിരിക്കുന്നു. കാടിനുള്ളിലൂടെ 28 കിലോമീറ്റർ നടന്ന് 1868 മീറ്റർ ഉയരത്തിൽ. ചുറ്റും കോടമഞ്ഞാണ്. നടക്കാൻ പോലുമാകാത്ത വിധം കാറ്റ് വീശിയടിക്കുന്നു പശ്ചിമഘട്ടത്തിൽ ധ്യാനത്തിലമരാനെത്തിയ അഗസ്ത്യമുനിയുടെ വിഗ്രഹത്തിനരികിൽ മാത്രം കാറ്റ് ഇണക്കമുള്ള പക്ഷിയെ പോലെ പതിയെ വീശുന്നു. മുനിയുടെ വിഗ്രഹത്തിനു ചുറ്റും ക്ലാവ് പിടിച്ച ഓട്ടു വിളക്കുകൾ വീണു കിടന്നു. അഗസ്ത്യാർകൂടം ട്രക്കിങ് സീസണിൽ മലയിൽ പൂജയില്ല. അവിടേക്ക് ആർക്കും പ്രവേശനവുമില്ല. അതുറപ്പാക്കാൻ വിഗ്രഹത്തിനു ചുറ്റും കയറുകൾ കൊണ്ട് അതിരു തിരിച്ചിട്ടുണ്ട്. അതിനരികിലിരുന്നു തൊഴുകൈകളോടെ ജപിക്കുന്നവർ, അൽപ്പം മാറിയുള്ള കുഞ്ഞ് ശിവലിംഗത്തിനു ചുറ്റും പറ്റിപ്പിടിച്ച ഭസ്മത്തരികൾ, അങ്ങകലെയുള്ള കാഴ്ചകളെയെല്ലാം കനത്തു കൊണ്ടിരുന്ന കോടമഞ്ഞു മറച്ചു കളഞ്ഞിരിക്കുന്നു.

ഇറങ്ങാൻ സമയമായപ്പോഴേക്ക് വെയിലൊന്നു പാളി നോക്കി. മലമുകളിൽ നിന്ന് മഞ്ഞുരുകി ആയിരമായിരം കുഞ്ഞു നീർച്ചോലകൾ താഴേക്കൊഴുകി. ഇനി വന്ന അതേ പാതയിലൂടെ അതേ കാഴ്ചകളിലൂടെ മടക്കം.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com