ഉയർന്ന വിലയ്ക്ക് വീണ്ടും ഇ10 പെട്രോൾ വിൽക്കാൻ കേന്ദ്ര സർക്കാർ നീക്കം.

 

Representative image

Auto

വാഹന ഉടമകൾക്ക് ആശ്വാസ വാർത്ത: ഇ10 പെട്രോൾ വീണ്ടും വിപണിയിലേക്ക്, പക്ഷേ...

പ്രധാന എണ്ണക്കമ്പനികളുടെ പ്രീമിയം 95-ഓക്ടേൻ പെട്രോൾ ബ്രാൻഡുകളെ ഇ10 അധിഷ്ഠിത ഇന്ധനമാക്കി മാറ്റാനാണ് പെട്രോളിയം മന്ത്രാലയം പൊതുമേഖലാ എണ്ണക്കമ്പനികളുമായി പ്രാഥമിക ചർച്ചകൾ നടത്തുന്നത്.

Business Desk

ന്യൂഡൽഹി: ഇ20 (E20) പെട്രോൾ ഉപയോഗിക്കുന്നത് വഴി പഴയ വാഹനങ്ങളുടെ എൻജിനുണ്ടാകുന്ന തകരാറുകളെക്കുറിച്ചും മൈലേജ് കുറയുന്നതിനെക്കുറിച്ചും വാഹന ഉടമകളിൽ ആശങ്ക ശക്തമാകുന്നതിനിടെ, ഇ10 (പത്ത് ശതമാനം മാത്രം എഥനോൾ കലർത്തിയ) പെട്രോൾ വിപണിയിൽ തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു.

ഇന്ത്യൻ ഓയിലിന്‍റെ XP95, ഭാരത് പെട്രോളിയത്തിന്‍റെ SPEED, ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്‍റെ Power95 തുടങ്ങിയ പ്രീമിയം 95-ഓക്ടേൻ പെട്രോൾ ബ്രാൻഡുകളെ ഇ10 അധിഷ്ഠിത ഇന്ധനമാക്കി മാറ്റാനാണ് പെട്രോളിയം മന്ത്രാലയം പൊതുമേഖലാ എണ്ണക്കമ്പനികളുമായി പ്രാഥമിക ചർച്ചകൾ നടത്തുന്നത്.

നിലവിൽ രാജ്യത്തുടനീളമുള്ള പെട്രോൾ പമ്പുകളിൽ സ്റ്റാൻഡേർഡ് രൂപത്തിൽ ലഭ്യമാകുന്നത് 20 ശതമാനം എഥനോൾ അടങ്ങിയ ഇ20 പെട്രോളാണ്. എന്നാൽ, 2023 ഏപ്രിൽ മാസത്തിന് മുൻപ് നിർമിച്ച ഭൂരിഭാഗം വാഹനങ്ങളും ഇ10 പെട്രോളിന് അനുയോജ്യമായ എൻജിനുകളോടെയാണ് പുറത്തിറങ്ങിയിരുന്നത്. ഇവയിൽ ഇ20 ഉപയോഗിക്കുമ്പോൾ ഇന്ധനക്ഷമതയിൽ 3 മുതൽ 5 ശതമാനം വരെ കുറവുണ്ടാകുന്നുണ്ടെന്ന് സർക്കാർ തന്നെ സമ്മതിക്കുന്നുണ്ട്. ഉയർന്ന എഥനോൾ അളവ് പഴയ വാഹനങ്ങളുടെ എൻജിൻ ഘടകങ്ങളെ ദോഷകരമായി ബാധിക്കുന്നുവെന്ന പരാതി വാഹന പ്രേമികളിൽ നിന്നും ഉപഭോക്തൃ സംഘടനകളിൽ നിന്നും നിരന്തരം ഉയരുകയും ചെയ്യുന്നു.

ഇതിനൊരു പരിഹാരമെന്ന നിലയിലാണ് പ്രീമിയം പെട്രോൾ ശൃംഖലയെ ഇ10 വിതരണത്തിനായി പ്രയോജനപ്പെടുത്താൻ സർക്കാർ പദ്ധതിയിടുന്നത്. ഇ10 പെട്രോളിനായി മാത്രം പമ്പുകളിൽ പുതിയ ടാങ്കുകളോ ഡിസ്പെൻസിങ് യൂണിറ്റുകളോ സ്ഥാപിച്ച് പ്രത്യേക വിതരണ ശൃംഖല ഉണ്ടാക്കുന്നത് വൻ സാമ്പത്തിക ബാധ്യതയും വിതരണ സങ്കീർണതകളും ഉണ്ടാക്കും. എന്നാൽ, നിലവിൽ 95-ഓക്ടേൻ പ്രീമിയം പെട്രോളിനായി ഉപയോഗിക്കുന്ന വിതരണ സംവിധാനങ്ങൾ ഉപയോഗിച്ച് തന്നെ ഇ10 വിപണിയിലെത്തിക്കാൻ സാധിക്കും.

ഇ20 പെട്രോൾ വ്യാപകമായതോടെ എൻജിൻ സംരക്ഷണം മുൻനിർത്തി രാജ്യത്തെ ധാരാളം വാഹന ഉടമകൾ വില കൂടുതലാണെങ്കിലും പ്രീമിയം പെട്രോളിലേക്ക് മാറിയിരുന്നു. ഇതിന്‍റെ ഫലമായി എണ്ണക്കമ്പനികളുടെ മൊത്തം പെട്രോൾ വിൽപ്പനയിൽ പ്രീമിയം ഇന്ധനങ്ങളുടെ വിഹിതം മാർച്ചിലെ 4 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർന്നു.

നിലവിൽ ഡൽഹി പോലുള്ള നഗരങ്ങളിൽ സാധാരണ പെട്രോളിന് ലിറ്ററിന് 102 രൂപയോളമാണ് വിലയെങ്കിൽ, പ്രീമിയം പെട്രോളിന് 110 മുതൽ 115 രൂപ വരെയാണ് ഈടാക്കുന്നത്.

ചർച്ചകൾ ആരംഭ ഘട്ടത്തിലാണെങ്കിലും, പ്രീമിയം നിരക്കിലാണെങ്കിലും ഇ10 ഇന്ധനം വീണ്ടും ലഭ്യമാക്കുന്നത് പഴയ വാഹനങ്ങൾ ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

''പഞ്ചസാരയുടെ വില വർധിപ്പിക്കണം''; 40 വയസ് കഴിഞ്ഞവർ പൂർണമായി ഒഴിവാക്കണമെന്ന് മധ‍്യപ്രദേശ് മന്ത്രി

ഖമനേയി മരിച്ചിട്ടില്ല, മരിച്ചെങ്കിൽ ഇറാന്‍റേത് നല്ല നാടകം തന്നെ: ഡോണൾഡ് ട്രംപ്

കാശിക്കു പോകുന്നുവെന്ന് കുറിപ്പെഴുതിയ ശേഷം നാടുവിട്ട 17 കാരൻ വാരണാസിയിലെത്തിയിട്ടില്ലെന്ന നിഗമനത്തിൽ പൊലീസ്

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ