പറന്നു പൊങ്ങി വായുവിൽ കരണം മറിഞ്ഞ് 'റോഡ്സ്റ്റർ'; പറക്കും കാർ അവതരിപ്പിച്ച് ടെസ്‌ല

 
Auto

പറന്നു പൊങ്ങി വായുവിൽ കരണം മറിഞ്ഞ് 'റോഡ്സ്റ്റർ'; പറക്കും കാർ അവതരിപ്പിച്ച് ടെസ്‌ല

ഇലോൺ മസ്കിന്‍റെ റോക്കറ്റ് നിർമാണ കമ്പനിയായ സ്പേസ് എക്സിന്‍റെ റോക്കറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പറക്കും കാർ നിർമിച്ചിരിക്കുന്നത്

Manju Soman

പറക്കും കാറുകൾ ഇനി ഫാന്‍റസി അല്ല. ഇതാ ലോകത്തിന് മുന്നിൽ പുതിയ അത്ഭുതം വെളിപ്പെടുത്തിരിക്കുകയാണ് ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല. റോഡ്സ്റ്റർ എന്ന പറക്കും കാറാണ് ഇലോൺ മസ്ക് ഔദ്യോഗികമായി അവതരിപ്പിച്ചത്. ഒക്‌ടോബർ 15ന് ടെക്സാസിലെ മഗ്രേവിലുള്ള സ്പേസ് എക്സിന്‍റെ റോക്കറ്റ് നിർമാണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വച്ചാണ് പറക്കുംകാർ അവതരിപ്പിച്ചത്.

ഇലോൺ മസ്കിന്‍റെ റോക്കറ്റ് നിർമാണ കമ്പനിയായ സ്പേസ് എക്സിന്‍റെ റോക്കറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പറക്കും കാർ നിർമിച്ചിരിക്കുന്നത്. പറന്നുപൊങ്ങി മലക്കംമറിഞ്ഞ് കുതിച്ചുപോകുന്ന കാറിന്‍റെ വിഡിയോ ഇലോൺ മസ്ക് തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഭാവിയിൽ പറക്കും കാറുകളുണ്ടാകുമെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു എന്ന കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്.

വെളുത്ത നിറത്തിലാണ് ഇലക്‌ട്രിക് സ്പോർട്സ് കാർ ഒരുക്കിയിരിക്കുന്നത്. റോഡ്സ്റ്റർ പ്രഖ്യാപിച്ച് ഒൻപതു വർഷങ്ങൾക്കു ശേഷമാണ് സുപ്രധാനമായ പ്രഖ്യാപനം വന്നത്. സ്പേസ് എക്സ് വികസിപ്പിച്ച കോൾഡ് ഗ്യാസ് ത്രിസ്റ്ററുകളാണ് പുതിയ റോഡ്സ്റ്ററിന്‍റെ പ്രധാന ആകർഷണം.