മോഷണം പോകുമെന്ന് ഭയം; സ്കോർപ്പിയോ സുരക്ഷിതമായി പുരപ്പുറത്ത് പാർക് ചെയ്ത് ഉടമസ്ഥൻ
പറ്റ്ന: മോഷ്ടിക്കപ്പെടുമെന്ന ഭയം മൂലം മഹീന്ദ്ര സ്കോർപ്പിയോ എസ്‌യുവി പുരപ്പുറത്ത് പാർക്ക് ചെയ്ത് ഉടമസ്ഥൻ. ബിഹാറിലാണ് സംഭവം. ക്രെയിൻ ഉപയോഗിച്ച് സ്കോർപ്പിയോ പൊക്കി പുരപ്പുറത്ത് വയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വിദേശത്തേക്ക് ജോലിക്കു പോകുന്നതിനു മുൻപായാണ് വാഹനത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുരപ്പുറത്ത് കയറ്റി വച്ചത്.
വിദേശത്തേക്ക് പോകുന്ന സാഹചര്യത്തിൽ വണ്ടി ഒന്നുകിൽ ബന്ധുക്കൾക്ക് കൊടുത്തു പോകുകയോ അല്ലെങ്കിൽ പണം കൊടുത്ത് പാർക്ക് ചെയ്യുകയോ മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ. അതു കൊണ്ടാണ് അസാധാരണമായ രീതി തെരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ട്. ബിഹാറിൽ എവിടെയാണ് സംഭവമെന്ന് വ്യക്തമല്ല. അസാധാരണമായ രീതിയിൽ വണ്ടി പാർക്ക് ചെയ്തതിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി കമന്‍റുകളാണുള്ളത്.
വളരെ ഭാരമേറിയ വാഹനമാണ് എസ്‌യുവി. സാധാരണ വീടുകളുടെ മേൽക്കൂരയ്ക്ക് അത്രയും ഭാരം താങ്ങാനുള്ള കരുത്ത് ഉണ്ടാകാറില്ല. മാത്രമല്ല മഞ്ഞും മഴയും വെയിലും ഏറ്റു കിടക്കുന്നതിനാൽ സ്കോർപ്പിയോക്ക് കേടുപാടുകൾ ഉണ്ടാകാനും സാധ്യതയുണ്ട്. 13.37 ലക്ഷം രൂപയാണ് സ്കോർപ്പിയോയുടെ വില.