ജനുവരി ഒന്ന് മുതൽ ഓഡി കാറുകൾക്ക് വില കൂടും; വർധന രണ്ട് ശതമാനം വരെ

 
Auto

ജനുവരി ഒന്ന് മുതൽ ഓഡി കാറുകൾക്ക് വില കൂടും; വർധന രണ്ട് ശതമാനം വരെ

പുതിയ വിലവർധന കമ്പനിയുടെ എല്ലാ മോഡലുകൾക്കും ബാധകമാകും

Sarath Nath MS

ന്യൂഡൽഹി: ഇന്ത്യയിൽ വിൽക്കുന്ന കാറുകളുടെ വില 2027 ജനുവരി ഒന്ന് മുതൽ രണ്ട് ശതമാനം വരെ വർധിപ്പിക്കുമെന്ന് ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഓഡി. ഉൽപാദനച്ചെലവിലുണ്ടായ വർധന മറികടക്കുന്നതിനാണ് വില പരിഷ്കരിക്കുന്നതെന്ന് കമ്പനി ചൊവ്വാഴ്ച അറിയിച്ചു.

2026-ൽ ഓഡി ഇന്ത്യ നടത്തുന്ന രണ്ടാമത്തെ വിലവർധനയാണിത്. നേരത്തെ ഏപ്രിൽ ഒന്നിന് രണ്ട് ശതമാനം വരെ വില വർധിപ്പിച്ചിരുന്നു. പുതിയ വിലവർധന കമ്പനിയുടെ എല്ലാ മോഡലുകൾക്കും ബാധകമാകും.

ഉൽപാദനച്ചെലവിലെ വർധന കണക്കിലെടുത്താണ് രണ്ട് ശതമാനം വരെയുള്ള വില പരിഷ്കരണമെന്ന് ഓഡി ഇന്ത്യ ബ്രാൻഡ് ഡയറക്റ്റർ ബൽബീർ സിങ് ധില്ലൻ പറഞ്ഞു. ഉപഭോക്താക്കൾക്ക് മികച്ച ഉടമസ്ഥാവകാശ അനുഭവം ഉറപ്പാക്കുന്നതിനൊപ്പം ബിസിനസിന്‍റെ ദീർഘകാല സുസ്ഥിരത നിലനിർത്തുന്നതിനാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

എ4, എ6 സെഡാനുകളും ക്യു3, ക്യു5, ക്യു7, ക്യു8 എസ്‌യുവികളുമാണ് ഓഡിയുടെ ഇന്ത്യയിലെ പ്രധാന മോഡലുകൾ. എസ്‌ക്യു8, ആർഎസ് ക്യു8 എന്നീ പെർഫോമൻസ് മോഡലുകളും കമ്പനി വിൽക്കുന്നുണ്ട്. 2026 ഒക്റ്റോബറിൽ പുറത്തിറക്കിയ പുതിയ തലമുറ ക്യു3 മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്‍റെ പ്ലാന്‍റിലാണ് അസംബിൾ ചെയ്യുന്നത്.