ടൂറിസ്റ്റ് ബസുകളുടെ കാര്യത്തിൽ ഇളവ് നിറത്തിന്റെ കാര്യത്തിൽ മാത്രം.
Representative image
ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ള നിറം വേണമെന്ന നിബന്ധനയിൽ ഇളവ് നൽകുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനമെടുത്തു; നവംബർ 19-ന് ഹൈക്കോടതിയെ അറിയിക്കും. ചൊവ്വാഴ്ച ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗമാണ് തീരുമാനമെടുത്തത്. 2022-ലെ വടക്കഞ്ചേരി അപകടത്തെത്തുടർന്നാണ് ഈ നിയമം കൊണ്ടുവന്നത്. സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവില്ലെന്നും വലിയ ഗ്രാഫിക്സ്, അനധികൃത എൽഇഡി ലൈറ്റുകൾ, പരസ്യങ്ങൾ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ള നിറം വേണമെന്ന നിബന്ധനയിൽ ഇളവ് അനുവദിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനമെടുത്തു. ഇക്കാര്യം നവംബർ 19-ന് ഹൈക്കോടതിയെ അറിയിക്കും. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പാലിച്ച്, ബസ് ഉടമകളും മറ്റ് ബന്ധപ്പെട്ടവരുമായി നടത്തിയ കൂടിയാലോചനകൾക്കു ശേഷം ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിറ്റി (എസ്ടിഎ) യോഗത്തിലാണ് തീരുമാനം. ട്രാൻസ്പോർട്ട് കമ്മീഷണർ ജി. സ്പർജൻ കുമാർ, ഐജി പി. പ്രകാശ്, സർക്കാർ നോമിനി കെ. സുരേഷ് ബാബു എന്നിവരടങ്ങുന്ന സമിതിയാണ് വിഷയം പരിശോധിച്ച് അന്തിമ തീരുമാനത്തിലെത്തിയതെന്ന് ഔദ്യോഗിക വിശദീകരണം പറയുന്നു.
2022-ലെ വടക്കഞ്ചേരി ബസ് അപകടത്തെത്തുടർന്നാണ് ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ള നിറം നിർബന്ധമാക്കിയത്. എന്നാൽ, ഈ നിയന്ത്രണം ടൂറിസ്റ്റ് ബസ് വ്യവസായത്തെ ബാധിക്കുന്നുവെന്ന് ഉടമകൾ ആവർത്തിച്ച് പരാതിപ്പെട്ടിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ ഓൾ ഇന്ത്യ പെർമിറ്റ് ബസുകൾക്ക് സമാന നിറ നിയന്ത്രണമില്ലാത്തതിനാൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് ട്രിപ്പുകൾ നഷ്ടമാകുന്നുവെന്നും ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുന്നുവെന്നും അവർ വാദിച്ചു. ഇത് കണക്കിലെടുത്ത് നിലവിലെ നിറ നിബന്ധനകൾ പുനഃപരിശോധിക്കാൻ സർക്കാർ സെപ്റ്റംബറിൽ വിജ്ഞാപനം ഇറക്കിയിരുന്നു.
സുരക്ഷയിൽ വിട്ടുവീഴ്ചയില്ല
മറ്റു വാഹനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്ന വലിയ ചിത്രങ്ങൾ, ഗ്രാഫിക്സ്, പരസ്യങ്ങൾ എന്നിവ ബസിന്റെ പുറംഭാഗത്ത് അനുവദിക്കില്ല.
അനധികൃത എൽഇഡി, സ്ട്രിപ്പ്, ഹാലജൻ ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ല.
സ്വന്തം സേവനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള പരസ്യങ്ങൾക്ക് വിലക്ക് തുടരും.
2019-ലെ ഹൈക്കോടതി ഉത്തരവും കേന്ദ്ര മോട്ടോർ വാഹന നിയമവും അനുശാസിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാ വാഹനങ്ങളും കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കും.
The Keralam government has finalised its decision on relaxing the uniform white colour requirement for tourist buses and will inform the High Court on November 19. The decision was taken at a State Transport Authority meeting on Tuesday after consultations with bus owners, in line with an interim High Court order. The white-colour rule was made mandatory after the 2022 Vadakkenchery accident. Authorities said safety norms will not be diluted: large graphics, unauthorised LED lights and promotional advertisements remain restricted.