ഇത് ഐപിഒ കാലം!

 
Business

5 കമ്പനികളുടെ ഐപിഒ വരുന്നു; ലക്ഷ്യം 2,600 കോടി രൂപ

ഇഎഎഎ ഇന്ത്യ ഓള്‍ട്ടര്‍നേറ്റീവ്സ്, എസ്എഫ്സി എന്‍വയോണ്‍മെന്‍റല്‍ ടെക്നോളജീസ്, എംകെ സണ്‍സ് ഫൈന്‍ ജുവല്‍സ്, ബിഎല്‍എസ് പോളിമേഴ്സ്, ബോംബെ കോട്ടഡ് ആന്‍ഡ് സ്പെഷ്യല്‍ സ്റ്റീല്‍സ് എന്നിവ രംഗത്ത്

Business Desk

മുംബൈ: നിക്ഷേപകരെ ആവേശത്തിലാക്കി പ്രാഥമിക ഓഹരി വിപണി വീണ്ടും സജീവമാകുന്നു. അഞ്ച് കമ്പനികള്‍ അടുത്തയാഴ്ച ഐപിഒയുമായി വിപണിയിലെത്തും. ഇഎഎഎ ഇന്ത്യ ഓള്‍ട്ടര്‍നേറ്റീവ്സ്, എസ്എഫ്സി എന്‍വയോണ്‍മെന്‍റല്‍ ടെക്നോളജീസ്, എംകെ സണ്‍സ് ഫൈന്‍ ജുവല്‍സ്, ബിഎല്‍എസ് പോളിമേഴ്സ്, ബോംബെ കോട്ടഡ് ആന്‍ഡ് സ്പെഷ്യല്‍ സ്റ്റീല്‍സ് എന്നീ കമ്പനികളാണ് സബ്സ്ക്രിപ്ഷന്‍ ആരംഭിക്കുന്നത്.

ബിസിനസ് വിപുലീകരണം, കടം തിരിച്ചടവ്, പ്രവര്‍ത്തന മൂലധനം എന്നിവയ്ക്കായി ഏകദേശം 2,600 കോടി സമാഹരിക്കുകയാണ് ലക്ഷ്യം. ഇതിലേറ്റവും വലിയ ഇഷ്യു ഏഡല്‍വീസ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്‍റെ വിഭാഗമായ ഇഎഎഎ ഇന്ത്യ ഓള്‍ട്ടര്‍നേറ്റീവ്സിന്‍റേതാണ്. 1,200 കോടി ലക്ഷ്യമിടുന്ന ഐപിഒ ഇന്ന് തുടങ്ങി 28ന് അവസാനിക്കും. പ്രൈസ് ബാന്‍ഡ് 1,585- 1,665 രൂപ ആണ്. മാലിന്യ സംസ്കരണ രംഗത്തെ എസ്എഫ്സി എന്‍വയോണ്‍മെന്‍റല്‍ 668 കോടിയുടെ ഐപിഒയുമായാണ് എത്തുന്നത്.

വില 313- 330 രൂപയാണ്. ആഭരണ മേഖലയിലെ എംകെ സണ്‍സ് ഫൈന്‍ ജുവല്‍സിന്‍റെ ഐപിഒ ഈ മാസം 28 മുതല്‍ 30 വരെയാണ്. 275.4 കോടി സമാഹരിക്കാനാണ് ലക്ഷ്യം. പ്രൈസ് 153- 162 രൂപയാണ്. പുതിയ ഷോറൂമുകളും വായ്പ തിരിച്ചടവും ലക്ഷ്യമിട്ടാണ് കമ്പനി പണം ഉപയോഗിക്കുക.

പോളിമര്‍ നിർമാതാക്കളായ ബിഎല്‍എസ് പോളിമേഴ്സിന്‍റെ 255 കോടി ഐപിഒ ഈ മാസം 27ന് ആരംഭിച്ച് 29ന് അവസാനിക്കും. വില പരിധി 142 -150 രൂപയാണ്. ഉത്പാദനശേഷി വര്‍ധിപ്പിക്കാനാണ് പ്രധാനമായും തുക ഉപയോഗിക്കുക. സ്റ്റീല്‍ മേഖലയിലെ ബോംബെ കോട്ടഡ് ആന്‍ഡ് സ്പെഷ്യല്‍ സ്റ്റീല്‍സിന്‍റെ 183.1 കോടി ഐപിഒ ഈ മാസം 29 മുതല്‍ നവംബര്‍ 2 വരെയാണ്. പ്രൈസ് ബാന്‍ഡ് 78- 82 രൂപയാണ്.

ഇതിനകം തന്നെ 2026ല്‍ 104 കമ്പനികള്‍ ഐപിഒകളിലൂടെ 1.4 ലക്ഷം കോടിയിലധികം സമാഹരിച്ചതായാണ് റിപ്പോര്‍ട്ട്. ഗുജറാത്ത് വിക്റ്ററി ഫോര്‍ജിങ്, മൈല്‍സ്റ്റോണ്‍ ഗിയേഴ്സ്, ആവാദ ഇലക്‌ട്രോ, സ്വര ബേബി പ്രൊഡക്റ്റ്സ്, ഇന്‍റഗ്രിസ് മെഡ്ടെക്, എജിഎസ് ഹെല്‍ത്ത് തുടങ്ങി നിരവധി കമ്പനികള്‍ കൂടി ക്യൂവിലുണ്ട്. ഗുജറാത്തിലെ അവധി കണക്കിലെടുത്ത് നവംബര്‍ 5ന് മുൻപ് കൂടുതല്‍ ഇഷ്യു വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് മര്‍ച്ചന്‍റ് ബാങ്കര്‍മാര്‍ നല്‍കുന്ന സൂചന.