വാട്സാപ്പ് സിഇഒ ആയി നിയമിതനായ ക്രെഡ് സ്ഥാപകൻ കുനാൽ ഷാ.

 

File photo

Business

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യക്കാരൻ

ഇന്ത്യൻ ഫിൻടെക് സ്റ്റാർട്ടപ്പായ ക്രെഡ് സ്ഥാപിച്ച കുനാൽ ഷാ വാട്‌സ്ആപ്പിന്‍റെ ആഗോള മേധാവിയായി ചുമതലയേൽക്കും

Business Desk

ഇന്ത്യൻ ഫിൻടെക് സ്റ്റാർട്ടപ്പായ ക്രെഡിന്‍റെ സ്ഥാപകൻ കുനാൽ ഷാ വാട്‌സ്ആപ്പിന്‍റെ ആഗോള മേധാവിയായി ചുമതലയേൽക്കുന്നു. മെറ്റ 90 കോടി ഡോളർ നിക്ഷേപിച്ച് ക്രെഡിന്‍റെ 20 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്ന ഇടപാടിന്‍റെ ഭാഗമായാണ് നീക്കം. നിലവിലുള്ള വാട്സ്ആപ്പ് സിഇഒ വിൽ കാത്കാർട്ട് AI പദ്ധതികളിലേക്ക് മാറും. വാട്‌സ്ആപ്പിൽ പരസ്യം, സബ്‌സ്‌ക്രിപ്ഷൻ, AI ഏജൻറുകൾ എന്നിവയിലൂടെ വരുമാനം വർധിപ്പിക്കലാണ് ഷായുടെ പ്രധാന ചുമതല.

ന്യൂയോർക്ക്: ടെക് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഒരു വമ്പൻ വാർത്ത! ഇന്ത്യൻ ഫിൻടെക് സ്റ്റാർട്ടപ്പായ ക്രെഡ് (CRED) സ്ഥാപകൻ കുനാൽ ഷാ വാട്‌സ്ആപ്പിന്‍റെ ആഗോള മേധാവിയായി ചുമതലയേൽക്കുന്നു. വാട്സാപ്പിന്‍റെയും ഫെയ്സ്ബുക്കിന്‍റെയും ഇൻസ്റ്റഗ്രാമിന്‍റെയുമെല്ലാം മാതൃ കമ്പനിയായ മെറ്റാ പ്ലാറ്റ്‌ഫോംസ് 90 കോടി ഡോളർ (ഏകദേശം 8,550 കോടി രൂപ) ക്രെഡിൽ നിക്ഷേപിക്കുന്നതിന്‍റെ ഭാഗമായാണ് നിർണായക നീക്കം.

വാട്‌സ്ആപ്പിനെ കഴിഞ്ഞ ഏഴ് വർഷമായി നയിച്ച വിൽ കാത്കാർട്ട് സ്ഥാനമൊഴിയുന്നതോടെയാണ് കുനാൽ ഷാ ആ പദവിയിൽ എത്തുന്നത്. വിൽ കാത്കാർട്ട് മെറ്റയുടെ പുതിയ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) പദ്ധതികളുടെ ചുമതലയിലേക്ക് മാറും.

ക്രെഡിന്‍റെ 20 ശതമാനം ഓഹരികളാണ് മെറ്റാ ഏറ്റെടുക്കുുന്നത്. 4.5 ബില്യൺ ഡോളർ (ഏകദേശം 43,239 കോടി രൂപ) ആണ് കമ്പനിയുടെ വിപണി മൂല്യമായി കണക്കാക്കിയിരിക്കുന്നത്. വാട്സാപ്പിൽ എത്തുമ്പോൾ കുനാൽ ഷായെ കാത്തിരിക്കുന്നത് പുതിയ ചുമതലകളാണ്. പരസ്യം, സബ്‌സ്‌ക്രിപ്ഷൻ ഉത്പന്നങ്ങൾ എന്നിവയിലൂടെ വാട്‌സ്ആപ്പിന്‍റെ വരുമാനം വർധിപ്പിക്കുക, കൂടാതെ പ്ലാറ്റ്‌ഫോമിൽ AI ഏജന്‍റുകളെ സംയോജിപ്പിക്കുക തുടങ്ങിയവ ഇതിൽപ്പെടുന്നു.

കുനാൽ ഷാ ക്രെഡിന്‍റെ സിഇഒ സ്ഥാനം ഒഴിഞ്ഞതോടെ, കമ്പനിയുടെ തന്ത്രങ്ങളും സാമ്പത്തിക കാര്യങ്ങളും 2020 മുതൽ കൈകാര്യം ചെയ്യുന്ന മിതേൻ സമ്പത്ത് താത്കാലിക സിഇഒയായി ചുമതലയേറ്റു. ക്രെഡിറ്റ് കാർഡ് ബില്ലുകൾ സമയബന്ധിതമായി അടയ്ക്കുന്ന ഉപയോക്താക്കൾക്ക് റിവാർഡുകൾ നൽകുന്ന പ്ലാറ്റ്‌ഫോമായി 2018-ൽ തുടങ്ങിയ ക്രെഡ്, ഇന്ന് പേയ്‌മെന്‍റ്, വായ്പ, ഇൻഷുറൻസ്, വെൽത്ത് മാനേജ്‌മെന്‍റ് തുടങ്ങിയ മേഖലകളിലേക്ക് പടർന്നു പന്തലിച്ചു കഴിഞ്ഞു.

നിലവിൽ 1.7 കോടി സജീവ ഉപയോക്താക്കളുള്ള ക്രെഡ് ആണ് ഇന്ത്യയിലെ 40 ശതമാനത്തിലധികം ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്‍റുകളും കൈകാര്യം ചെയ്യുന്നത്. 3,200 കോടി രൂപയുടെ വാർഷിക വരുമാനമുള്ള കമ്പനി ഇപ്പോൾ ലാഭത്തിലുമാണ്.

സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്യാൻ തയ്യാറെടുക്കുന്ന ക്രെഡിന്, മെറ്റായുമായുള്ള സഹകരണം വരും കാലങ്ങളിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, ഇന്ത്യൻ സ്റ്റാർട്ടപ്പ് ലോകത്ത് നിന്ന് നേരിട്ട് മെറ്റയുടെ ആഗോള നേതൃനിരയിലേക്ക് ഒരാൾ എത്തുന്നത് വലിയൊരു നേട്ടമായിട്ടാണ് ടെക് വിദഗ്ധർ കാണുന്നത്.

ഇരട്ട ചക്രവാതച്ചുഴി; കേരളത്തിൽ മഴ കനക്കും, 4 ജില്ലകളിൽ റെഡ് അലർട്ട്

''ജെൻസികൾക്ക് മോഹൻ ഭാഗവതിന്‍റെ സർട്ടിഫിക്കറ്റ് വേണ്ട, അമിത് ഷായ്ക്ക് ഭയം''; രൂക്ഷ വിമർശനവുമായി പ്രിയങ്കാ ഗാന്ധി

കോതമംഗലത്ത് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; വൈദികന് പരുക്ക്

ഓണത്തിന് 112 സ്പെഷ്യൽ ട്രെയ്നുകൾ പ്രഖ്യാപിച്ച് റെയ്ൽവേ

ക്ഷേമ പെൻഷൻ ആരുടെയും ഔദാര്യമല്ല, പദ്ധതി അവസാനിപ്പിക്കാനാണ് സർക്കാർ നീക്കം; വിമർശിച്ച് പിണറായി വിജയൻ