കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിന്റെ ലോഗോ പ്രകാശനം ചെയ്തപ്പോൾ.
കൊച്ചി: സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് പുതിയ നിക്ഷേപ സാധ്യതകൾ ലക്ഷ്യമിട്ട് 24, 25 തീയതികളിൽ നടത്തുന്ന കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിൽ സംസ്ഥാനത്തിന് കരുത്തേകുന്ന സുപ്രധാന രാജ്യാന്തര വാണിജ്യ-വിദ്യാഭ്യാസ ധാരണാപത്രങ്ങൾ ഒപ്പുവയ്ക്കും. അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഉച്ചകോടിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യാതിഥിയായി പങ്കെടുക്കും.
കൊച്ചിയിൽ കേരള-കൊറിയ ട്രേഡ് ഡെസ്ക് സ്ഥാപിക്കുന്നതിനായി കൊറിയ-ഇന്ത്യ കൗൺസിലുമായി സമ്മിറ്റിൽ ധാരണാപത്രം ഒപ്പുവയ്ക്കും. കൂടാതെ, കിർഗിസ്ഥാൻ വിദ്യാഭ്യാസ മന്ത്രാലയവുമായും മ്യാൻമറിൽ നിന്ന് അരിയും പയറുവർഗങ്ങളും വിതരണം ചെയ്യുന്നതിനായി ആസിയാൻ കൗൺസിലുമായുള്ള കരാർ കൈമാറ്റവും നടത്തും.
കേരള ഐടി വകുപ്പ്, തൊഴിൽ വകുപ്പ്, കിൻഫ്ര, ടെക്നോപാർക്ക്, സ്മാർട്ട് സിറ്റി, ഇൻഫോപാർക്ക്, ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ തുടങ്ങി പതിനഞ്ചോളം സർക്കാർ-സ്വകാര്യ ഏജൻസികളുടെ സഹകരണത്തോടെ ആഗോള ടെക്നോളജി സൊല്യൂഷൻസ് സ്ഥാപനമായ 'ബ്ലൂ ക്ലൗഡ്' ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ആഗോള സാങ്കേതിക വിദഗ്ധർ, നിക്ഷേപകർ, ഭരണകർത്താക്കൾ, സ്റ്റാർട്ടപ്പുകൾ, വിദ്യാർത്ഥികൾ എന്നിവരെ ഒരു പ്ലാറ്റ്ഫോമിലെത്തിച്ചുകൊണ്ട് കേരളത്തിന്റെ സാമ്പത്തിക- സാങ്കേതിക വളർച്ചയ്ക്ക് വഴിയൊരുക്കുകയാണ് സമ്മിന്റെ ലക്ഷ്യം.
ദ്വിദിന ഉച്ചകോടിയിൽ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോൺ, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, ഒ.ജെ. ജനീഷ് തുടങ്ങിയവരും ഒൻപത് രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികളും പങ്കെടുക്കും. ഇന്റൽ, മൈക്രോസോഫ്റ്റ്, ആമസോൺ, ഫോഴ്സ്പോയിന്റ്, നെറ്റ്സ്കൗട്ട്, വാന്റേജ്ഓ, ഗിനിമൈൻഡ്സ്, സിടിആർഎൽഎസ്, ഇൻസ്പാർക്ക്, നെസ്റ്റ്, നോർഡൻ, ഹീൽ തുടങ്ങി മുൻനിര ആഗോള ടെക് ഭീമന്മാരുടെ പ്രതിനിധികളും വിവിധ സെഷനുകളിൽ പങ്കാളികളാകും.
ഗവൺമെന്റ്, എന്റർപ്രൈസ് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ എന്നിവയിലൂന്നിയുള്ള ആദ്യ ദിനത്തിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന പാനൽ ചർച്ചകൾ, ആഗോള ടെക് കമ്പനികളുടെ പ്രദർശനങ്ങൾ, സി.എക്സ്.ഒ പാനലുകൾ, ഡിജിറ്റൽ ലീഡർഷിപ്പ് അവാർഡ് പ്രഖ്യാപനം എന്നിവ നടക്കും. നിക്ഷേപങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കുമായി മാറ്റിവെച്ചിരിക്കുന്ന രണ്ടാം ദിനത്തിൽ സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപകരുമായി നേരിട്ട് സംവദിക്കാനും ആശയങ്ങൾ അവതരിപ്പിക്കാനും അവസരമുണ്ടാകും. പുതിയ ഇൻവെസ്റ്റ്മെന്റ് പ്രഖ്യാപനങ്ങളും സ്റ്റാർട്ടപ്പ് അവാർഡുകളും അവസാന ദിനമുണ്ടാകും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജനറേറ്റീവ് എഐ, സൈബർ സുരക്ഷ, ക്ലൗഡ് ട്രാൻസ്ഫർമേഷൻ, ഡിജിറ്റൽ ബാങ്കിങ്, ഫിൻടെക്, ഹെൽത്ത്ടെക്, അഗ്രോടെക്, ഗ്രീൻ എനർജി, ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകൾ തുടങ്ങി ഭാവിയുടെ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ചകൾ ഉച്ചകോടിയിൽ നടക്കും. ആഗോള ടെക്നോളജി പ്രമുഖർ, നിക്ഷേപകർ, വ്യവസായ പ്രതിനിധികൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങി 11 രാജ്യങ്ങളിൽ നിന്നായി ആയിരത്തഞ്ഞൂറോളം പേരാണ് ഉച്ചകോടിയിൽ പങ്കെടുക്കുക.
പുത്തൻ ആഗോള സാങ്കേതികവിദ്യകളെയും നിക്ഷേപങ്ങളെയും സ്വാഗതം ചെയ്യാൻ കഴിയുന്ന മികച്ച പശ്ചാത്തലമാണ് കേരളത്തിലുള്ളതെന്ന് ബ്ലൂ ക്ലൗഡ് ഇ-കോം സ്ഥാപകനും സി.എസ്.ഒയുമായ അലക്സ് ജോർജ് പറഞ്ഞു. 'ഉയർന്ന വിദ്യാഭ്യാസവും ഡിജിറ്റൽ സാക്ഷരതയുമുള്ള മികച്ച തൊഴിൽസേനയാണ് കേരളത്തിന്റെ കരുത്ത്. പുതിയ കാഴ്ചപ്പാടുകളും നിക്ഷേപങ്ങളുമായി ലോകമെമ്പാടുമുള്ള മലയാളി പ്രവാസി സമൂഹം നൽകുന്ന പിന്തുണ സംസ്ഥാനത്തിന് വലിയ കുതിപ്പേകുന്നുണ്ട്. അതിവേഗം വളർന്നുവരുന്ന സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിനൊപ്പം ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകൾക്ക് ഏറ്റവും അനുയോജ്യമായ സാഹചര്യം കൂടിയാകുമ്പോൾ കേരളം കൂടുതൽ നിക്ഷേപസൗഹൃദമാകും.'- അലക്സ് ജോർജ് പറഞ്ഞു. ചടങ്ങിൽ കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിന്റെ ലോഗോയും പ്രകാശനം ചെയ്തു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: https://events.bluecloude.com/ സന്ദർശിക്കുക.