വല്ലാർപാടം കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്‍റ് ടെർമിനൽ.

 

File

Business

വല്ലാർപാടം സമരം ഉടൻ തീർപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണം: സിഎഐടി

അന്താരാഷ്ട്ര ഷിപ്പിങ് കമ്പനികൾ വല്ലാർപാടത്തെ ഒഴിവാക്കിത്തുടങ്ങി; കൊച്ചിയിലേക്ക് വരേണ്ട കണ്ടെയ്നറുകൾ മുംബൈയിലേക്കൊ ചെന്നൈയിലേക്കോ അയക്കാമെന്ന് കമ്പനികൾ.

Business Desk

കൊച്ചി: വല്ലാർപാടത്തെ കണ്ടെയ്നർ ലോറി തൊഴിലാളികളുടെ സമരം അടിയന്തരമായി തീർപ്പാക്കണമെന്ന് കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT) ആവശ്യപ്പെട്ടു. സമരം മൂലം പ്രമുഖ ഷിപ്പിങ് കമ്പനികൾ തങ്ങളുടെ അടുത്ത കൺസൈൻമെന്‍റുകൾ ഇതര സംസ്ഥാനങ്ങളിലെ പോർട്ടുകളിലേക്ക് മാറ്റുവാനുള്ള തീരുമാനം എടുത്തു കൊണ്ടിരിക്കുന്നത് ഗൗരവമായി കാണേണ്ട വിഷയമാണ്. തുറമുഖ നഗരമായി കേരളം വികസിപ്പിക്കപ്പെടും എന്ന് സ്വപ്നം കാണുന്ന വാണിജ്യ കേരളത്തിന് വലിയ തിരിച്ചടിയാകുമെന്ന് സിഎഐടി ദേശീയ സെക്രട്ടറി എസ്.എസ്. മനോജ്, സംസ്ഥാന പ്രസിഡന്‍റ് പി. വെങ്കിട്ടരാമ അയ്യർ, ദേശീയ കോ-കോഓർഡിനേറ്റർ ടോമി കുറ്റിയാംഗൽ, വർക്കിങ് പ്രസിഡന്‍റ് അനിൽകുമാർ വികാസ്, സംസ്ഥാന ട്രഷറർ യഹിയ കോയ എന്നിവർ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചകളിൽ കണ്ടെയ്നറിൽ മാത്രമേ എക്സറേ സ്കാനിങ് നടക്കുന്നുള്ളൂ എന്നും വാഹന തൊഴിലാളികൾ ഇരിക്കുന്ന ക്യാബിനുകളെ സ്കാനിങ്ങിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ അഞ്ച് അന്താരാഷ്ട്ര തുറമുഖങ്ങൾ അടക്കം എട്ട് തുറമുഖങ്ങളിൽ ഡ്രൈവ് ത്രൂ സ്കാനറുകൾ സ്ഥാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 150 കണ്ടെയ്നറുകൾ വരെ സ്കാനിങ് പൂർത്തിയാക്കി പുറത്തേക്ക് വിടാൻ ഇതുമൂലം സാധിക്കുന്നു, അതായത് 24 സെക്കൻഡിൽ ഒരു കണ്ടെയ്നർ ലോറി സ്കാനിങ് പൂർത്തിയാക്കി പുറത്തേക്ക് വരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയായി രണ്ടായിരത്തിലധികം കണ്ടെയ്നറുകൾ കണ്ടെയ്നർ ടെർമിനലിൽ കെട്ടിക്കിടക്കുന്നു. ഇതു മൂലമുളെള ഭീമമായ നഷ്ടം നികത്തുവാൻ കഴിയാത്ത അവസ്ഥയിലാണ് ഇറക്കുമതിക്കാർ. ചില യൂണിയൻ നേതാക്കളുടെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കേണ്ടി വരുമെന്നും നേതാക്കൾ പറഞ്ഞു.

സമരം നീണ്ടുപോകുന്നതുമായി ബന്ധപ്പെട്ടുള്ള ഇതര സംസ്ഥാന ലോബികളുടെ ഇടപെടൽ ചികയേണ്ടി വരുമെന്നും അവർ അഭിപ്രായപ്പെട്ടു. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളെ ചോദ്യം ചെയ്യുന്നില്ല, ഇതുമൂലം നഷ്ടമുണ്ടാകുന്നത് പോർട്ടിനോ സർക്കാരിനോ അല്ലെന്നും യഥാർത്ഥ തൊഴിൽദായകരായ വാണിജ്യ-വ്യാപാര മേഖലയിലെ സംരംഭകർക്കാണെന്നും അവർ ഓർമപ്പെടുത്തി.

ചരക്കു നീക്കം സ്തംഭനാവസ്ഥയിലേക്ക് എത്തിക്കുന്ന നിലയിലേക്ക് തൊഴിലാളികളുടെ സമരം വ്യാപിപ്പിക്കുകയും, ഇവിടെ നിന്നുമുള്ള ചരക്കുനീക്കത്തിൽ ഗണ്യമായ കുറവ് സംഭവിക്കുകയും ചെയ്താൽ, അത് നേരിട്ട് ബാധിക്കുന്നത് തൊഴിലാളികളെ കൂടിയാണെന്നും അവർ മുന്നറിയിപ്പ് നൽകി. കൊച്ചിയെ ഒഴിവാക്കിക്കൊണ്ട്, മുംബൈ ചെന്നൈ തുടങ്ങിയ ഇതര പോർട്ടുകളിലേക്ക് മാത്രമേ സാമഗ്രികൾ അയക്കാൻ കഴിയൂ എന്ന് ഷിപ്പിങ് കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്.