യുപിഐ ഇടപാടുകൾക്ക് ഫീസ്.

 

Representative image

Business

യുപിഐ പേയ്മെന്‍റിന് ഫീസ്: സർക്കാർ തീരുമാനം മാറില്ല

തീരുമാനം അഞ്ച് വർഷം മുമ്പ് ആലോചിച്ച് എടുത്തതാണെന്നും ഒരു കാരണവശാലും പിൻവലിക്കില്ലെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ

Business Desk

ന്യൂഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള ചില യുപിഐ ഇടപാടുകൾക്ക് നിരക്ക് ഈടാക്കാനുള്ള തീരുമാനത്തിൽ കേന്ദ്ര സർക്കാർ ഉറച്ചുനിൽക്കും. പ്രതിപക്ഷത്തുനിന്ന് ശക്തമായ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും, ഈ തീരുമാനം അഞ്ച് വർഷം മുമ്പ് ആലോചിച്ച് എടുത്തതാണെന്നും ഒരു കാരണവശാലും പിൻവലിക്കില്ലെന്നും ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി.

ദേശീയ പേമെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം, വ്യക്തികൾ തമ്മിലുള്ള (P2P) എല്ലാ ഇടപാടുകളും പൂർണമായും സൗജന്യമായി തുടരും. എന്നാൽ 2,000 രൂപയ്ക്ക് മുകളിലുള്ള ചില കച്ചവട സ്ഥാപനങ്ങൾക്കായുള്ള യുപിഐ (P2M) ഇടപാടുകൾക്ക് മർച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ് (MDR) ബാധകമാകും.

2,000 രൂപയ്ക്ക് മുകളിലുള്ള കച്ചവട ഇടപാടുകൾക്ക് 0.4% നിരക്കിൽ എംഡിആർ ഈടാക്കും. (ഉദാഹരണത്തിന് 2,001 രൂപയ്ക്ക് ഏകദേശം 8 രൂപ). റെയിൽവേ, ടെലികോം സേവനങ്ങൾ, ഇൻഷുറൻസ്, ഇന്ധനം തുടങ്ങിയ മേഖലകളിൽ 5 രൂപയുടെ ഫ്ലാറ്റ് നിരക്ക് ബാധകമായിരിക്കും.

പ്രതിമാസം 1 ലക്ഷം രൂപ വരെ യുപിഐ ക്യുആർ കോഡ് വഴി ഇടപാട് നടത്തുന്ന ചെറിയ വ്യാപാരികൾക്ക് യാതൊരു നിരക്കും ഉണ്ടാകില്ല. ആകെ ഇടപാടുകളുടെ 96 ശതമാനവും യാതൊരുവിധ ബാധ്യതകളുമില്ലാതെ സൗജന്യമായി തുടരുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.

ഇടപാടുകൾക്ക് നിരക്ക് ഏർപ്പെടുത്തിയതിനെതിരേ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തുവന്നു. സാധാരണക്കാരുടെ സമ്പാദ്യം ഇല്ലാതാക്കുന്ന നടപടിയാണിതെന്നും തീരുമാനം പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുമെന്ന് പറഞ്ഞ സർക്കാർ ഇപ്പോൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

എന്നാൽ, കോൺഗ്രസ് വ്യാജ പ്രചാരണം നടത്തുകയാണെന്ന് ബിജെപി പ്രതികരിച്ചു. 96 ശതമാനം ഇടപാടുകളും തികച്ചും സൗജന്യമാണെന്നും ഉപയോക്താക്കൾ യാതൊരു ഫീസും നൽകേണ്ടതില്ലെന്നും ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി വ്യക്തമാക്കി.

പിഎഫ് ശമ്പള പരിധി 25,000 രൂപയായി ഉയർത്തി

അഗാർക്കറുടെ കരാർ അവസാന ഘട്ടത്തിൽ; പുതിയ ചീഫ് സെലക്റ്ററായി ലക്ഷ്മൺ വരുമോ?

സുഡാനിൽ സ്വർണ ഖനി തകർന്നു; 67 പേർ മരിച്ചു

കെസി കൊണ്ടുവന്ന ഹിമാചൽ വൈദ്യുതി കേരളത്തിനു വേണ്ട; പകൽ കിട്ടിയിട്ട് കാര്യമില്ലെന്ന് സണ്ണി ജോസഫ്

ഞാറയ്ക്കൽ വൻ രാസ ലഹരി വേട്ട; 25.36 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ