എഫ് 9 ഇൻഫോടെക് ചീഫ് പീപ്പിൾ ഓഫീസർ മഞ്ജുഷ ജയകുമാർ, കോ-ഫൗണ്ടറും സിഇഒയുമായ ജയകുമാർ മോഹൻചന്ദ്രൻ, ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസറും സൈബർ സെക്യൂരിറ്റി ബിസിനസ് മേധാവിയുമായ രാജേഷ് വിക്രമൻ എന്നിവർ വാർത്താസമ്മേളനത്തിൽ.

 
Business

കേരള സൈബർ സുരക്ഷാ ഉച്ചകോടി കൊച്ചിയിൽ: എഐ പ്രധാന പ്രമേയം

സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഡിജിറ്റൽ വിശ്വാസ്യത, സൈബർ പ്രതിരോധശേഷി എന്നിവയുടെ ഭാവി ചർച്ച ചെയ്യും.

UAE Correspondent

ദുബായ്: കേരളത്തിലെ പ്രമുഖ സൈബർ സുരക്ഷാ നേതൃ സംരംഭമായ കേരള സൈബർ സുരക്ഷാ ഉച്ചകോടി 2026 സെപ്റ്റംബർ 5ന് കൊച്ചിയിലെ ലെ മെറിഡിയനിൽ നടത്തുമെന്ന് സംഘാടകർ ദുബായിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഡിജിറ്റൽ വിശ്വാസ്യത, സൈബർ പ്രതിരോധശേഷി എന്നിവയുടെ ഭാവി ചർച്ച ചെയ്യുന്നതിനായി 750-ലധികം പ്രതിനിധികൾ പങ്കെടുക്കുമെന്ന് കെസിഎസ് എസ് 2026ന്‍റെ സംഘാടകരായ യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഫ് 9 ഇൻഫോടെക് കമ്പനി കോ-ഫൗണ്ടറും സിഇഒയുമായ ജയകുമാർ മോഹൻചന്ദ്രൻ, ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസറും സൈബർ സെക്യൂരിറ്റി ബിസിനസ് മേധാവിയുമായ രാജേഷ് വിക്രമൻ, ചീഫ് പീപ്പിൾ ഓഫീസറായ മഞ്ജുഷ ജയകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നാൽപ്പതിലധികം പ്രസംഗകർ, ഇരുപതിലധികം വിദഗ്ധ സെഷനുകൾ, പത്തിലധികം മുൻനിര സാങ്കേതിക പങ്കാളികൾ എന്നിവർ ഈ ഉച്ചകോടിയിൽ ഒന്നിക്കും. കേരള സർക്കാർ, കേരള സ്റ്റാർട്ടപ്പ് മിഷൻ എന്നിവയുമായി സഹകരിച്ച് എഫ് 9 ഇൻഫോടെക്കാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഡേറ്റ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യ, ടൈ കേരള, കൊച്ചിൻ ചേമ്പർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി എന്നിവരുൾപ്പെടെ പ്രമുഖ സ്ട്രാറ്റജിക്, ഇൻഡസ്ട്രി, കമ്മ്യൂണിറ്റി, അക്കാദമിക്, എന്നീ സാങ്കേതിക പങ്കാളികളുടെ ശക്തമായ കൂട്ടായ്മയുടെ പിന്തുണയും ഈ ഉച്ചകോടിക്കുണ്ട്.

വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ ഡയറക്ടറും ഡി ജി പി യുമായ മനോജ് എബ്രഹാം, മുഖ്യാതിഥിയായും മുഖ്യപ്രഭാഷകനായും ചടങ്ങിൽ പങ്കെടുക്കും. കേരള സർക്കാരിലെ മുതിർന്ന മന്ത്രിമാർ, പ്രമുഖ ഭരണാധികാരികൾ, നയരൂപീകരണ വിദഗ്ദ്ധർ, നയതന്ത്രജ്ഞർ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

പാർലമെന്‍റ് അംഗം ഹൈബി ഈഡൻ, കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, ഡേറ്റ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യ സി.ഇ.ഒ വിനായക് ഗോഡ്സെ, ഭാരത സർക്കാരിന്‍റെ മുൻ നാഷണൽ സൈബർ സെക്യൂരിറ്റി കോർഡിനേറ്റർ ലെഫ്റ്റനന്‍റ് ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ നായർ എന്നിവർ പ്രഭാഷണം നടത്തും.

ഇന്ത്യയുടെ സൈബർ സുരക്ഷാ രംഗത്തെ മികച്ച സംഭാവനകളെ മാനിച്ച് സൈബർ സെക്യൂരിറ്റി ലീഡർ ഓഫ് ദി ഇയർ, സൈബർ സെക്യൂരിറ്റി എന്‍റർപ്രൈസ് ഓഫ് ദി ഇയർ, സൈബർ സെക്യൂരിറ്റി പ്രൊഡക്റ്റ് ഓഫ് ദി ഇയർ, സൈബർ സെക്യൂരിറ്റി ഇന്നൊവേഷൻ അവാർഡ്, ഇക്കോസിസ്റ്റം എക്സലൻസ് അവാർഡ് എന്നീ അഞ്ച് വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നൽകും.

സർക്കാർ, വ്യവസായം, അക്കാദമിക് മേഖലകളിലെ പ്രമുഖർ അടങ്ങുന്ന സ്വതന്ത്ര ദേശീയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ഉച്ചകോടിയിൽ വച്ച് ഇവർ ആദരിക്കപ്പെടും. നാമനിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 21 ആണ്.

മഴ: 4 ജില്ലകളിൽ ശനിയാഴ്ച അവധി

എഥനോളിന്‍റെ നേട്ടം യുഎസ് കമ്പനികൾക്ക്

പ്രധാനമന്ത്രിക്കെതിരായ പോസ്റ്റുകൾ: മെറ്റയ്‌ക്കെതിരേ കേസ്

ഇ20 അവതരിപ്പിച്ചത് ശാസ്ത്രീയ പരീക്ഷണങ്ങൾക്കു ശേഷം: സുരേഷ് ഗോപി

കോടിയേരിയുടെ പേരിൽ നിർമിക്കുന്ന പാർട്ടി ഓഫിസ് ഫണ്ട് പിരിവിൽ ക്രമക്കേട്; ലോക്കൽ സെക്രട്ടറിക്കെതിരേ നടപടി