വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ, അങ്കമാലിയിൽ നടത്തിയ കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റ് വേദിയിൽ.
അങ്കമാലിയിൽ സമാപിച്ച കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിൽ ഇന്ത്യൻ കമ്പനികൾക്കു ദക്ഷിണ കൊറിയ 14.3 മില്യൻ ഡോളർ വരെ സബ്സിഡി വാഗ്ദാനം ചെയ്തു. ഉഗാണ്ട രണ്ടു ദിവസത്തിനുള്ളിൽ വ്യവസായ പാർക്കിൽ ഭൂമി നൽകുമെന്നും അറിയിച്ചു. ലെസോത്തോ, അർജന്റീന പ്രതിനിധികളും സംസാരിച്ചു.
അങ്കമാലി: വിദേശ രാജ്യത്ത് ഒരു ഫാക്റ്ററി തുടങ്ങാൻ അവിടത്തെ സർക്കാർ നിങ്ങൾക്ക് 14.3 മില്യൻ ഡോളർ (ഏകദേശം 132 കോടി രൂപ) വരെ സബ്സിഡി തന്നാലോ? ഇനി, വേറൊരു രാജ്യത്ത് കമ്പനി രജിസ്റ്റർ ചെയ്താൽ അവിടെ രണ്ടു ദിവസത്തിനുള്ളിൽ വ്യവസായ പാർക്കിനുള്ളിൽത്തന്നെ ഭൂമി കിട്ടിയാലോ? അങ്കമാലിയിൽ സമാപിച്ച കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിൽ ഇത്തരം വാഗ്ദാനങ്ങളുമായാണു വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ ഇന്ത്യൻ സംരംഭകരെ കാത്തിരുന്നത്.
കേരളത്തിന്റെ ഡിജിറ്റൽ ഭാവിയും പുതിയ നിക്ഷേപസാധ്യതകളും ആഗോള സാങ്കേതിക പങ്കാളിത്തവും ചർച്ച ചെയ്യാൻ മുംബൈ ആസ്ഥാനമായ ഐടി സേവന കമ്പനി ബ്ലൂക്ലൗഡാണു ദ്വിദിന ഉച്ചകോടി സംഘടിപ്പിച്ചത്. രണ്ടു ദിവസമായി 18 സെഷനിൽ നടന്ന ഉച്ചകോടിയിൽ 11 രാജ്യത്തെ നയതന്ത്രജ്ഞർ ഉൾപ്പെടെ ആയിരത്തിലധികം പേർ പങ്കെടുത്തു.
ബ്ലൂ ഇക്കോണമി, ഡിജിറ്റൽ ട്രാൻസ്ഫർമേഷനും എന്റർപ്രൈസ് ടെക്നോളജിയും, സെമികണ്ടക്ടറുകളും ഇന്നൊവേഷനും, ക്ലൗഡ് ഡേറ്റാ സെന്ററുകൾ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, പുനരുപയോഗ ഊർജം, ആർട്ടിഫിഷ്യൽ ഇന്റലിജൻസും ജനറേറ്റീവ് എഐയും, സൈബർ സുരക്ഷയും ഡിജിറ്റൽ ട്രസ്റ്റും, സ്റ്റാർട്ടപ്പ്-ഇന്നൊവേഷൻ ഇക്കോസിസ്റ്റം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.
ദക്ഷിണ കൊറിയയിലെ സൗത്ത് ഗ്യോങ്സാങ് പ്രവിശ്യയിൽ വ്യവസായ സംരംഭങ്ങൾ തുടങ്ങാനും സംയുക്ത നിക്ഷേപം നടത്താനും ഇന്ത്യൻ സംരംഭകർക്കു വൻ അവസരമുണ്ടെന്നു കൊറിയ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇക്കണോമിക് പ്രൊമോഷൻ ഏജൻസിയിലെ ഓവർസീസ് ഇൻവെസ്റ്റ്മെന്റ് അട്രാക്ഷൻ ഡയറക്റ്റർ ഡോ. മിറാൻ (കേറ്റ്) കിം പറഞ്ഞു.
പ്രവിശ്യയിൽ നിക്ഷേപിക്കുകയോ സംയുക്ത സംരംഭം തുടങ്ങുകയോ ചെയ്യുന്ന ഇന്ത്യൻ കമ്പനികൾക്ക് അടിസ്ഥാനസൗകര്യ വികസനത്തിനു 3.6 മില്യൻ ഡോളർ (ഏകദേശം 33 കോടി രൂപ) വരെ ലഭിക്കും. വൻകിട നിക്ഷേപങ്ങൾക്കു സബ്സിഡി 14.3 മില്യൻ ഡോളർ വരെയാണ്.
ഫാക്റ്ററി പ്രവർത്തനം തുടങ്ങും വരെയുള്ള എല്ലാ നടപടികൾക്കും ഏകജാലക സംവിധാനമുണ്ടാകും. അവസരങ്ങൾ കണ്ടെത്തൽ, ഇന്ത്യൻ-കൊറിയൻ കമ്പനികളെ തമ്മിൽ ബന്ധിപ്പിക്കൽ, സ്ഥലം കണ്ടെത്തൽ, അനുമതികൾ, സബ്സിഡികൾ എന്നിവയ്ക്കെല്ലാം പ്രവിശ്യ സഹായിക്കുമെന്ന് അവർ പറഞ്ഞു.
മേക്ക് ഇൻ ഇന്ത്യ പദ്ധതിക്കു കീഴിൽ പ്രതിരോധ, ബഹിരാകാശ മേഖലകളിൽ ഇരു രാജ്യങ്ങൾക്കും സഹകരിക്കാനാകും. കൊറിയയുടെ പ്രതിരോധ-ബഹിരാകാശ ഉത്പാദനത്തിന്റെ 80 ശതമാനവും നടക്കുന്നത് ഈ പ്രവിശ്യയിലാണ്. കൊറിയൻ ബഹിരാകാശ ഏജൻസിയായ കാസയ്ക്കു കീഴിലുള്ള ഗവേഷണ-സംയുക്ത സംരംഭ അവസരങ്ങളും ഇന്ത്യൻ കമ്പനികൾക്കു പ്രയോജനപ്പെടുത്താം. ഇന്ത്യയുടെ തുറമുഖ-കപ്പൽനിർമാണ വികസനത്തിനു ഗ്യോങ്നാമിലെ ലോകോത്തര കപ്പൽശാലകളുമായി പങ്കാളിത്തം സ്ഥാപിക്കാനാകുമെന്നും അവർ പറഞ്ഞു.
ഇന്ത്യയുടെ ഡിജിറ്റൽ ശേഷിയും ആഫ്രിക്കൻ വിപണികളും തമ്മിലുള്ള പാലമായി കേരളം പ്രവർത്തിക്കണമെന്നു ലെസോത്തോ ഹൈക്കമ്മീഷണർ അഡ്വ. ലെബോഹാങ് വാലന്റൈൻ മൊച്ചാബ അഭിപ്രായപ്പെട്ടു. ടെക്നോപാർക്ക്, ഇൻഫോപാർക്ക്, കെ-ഫോൺ തുടങ്ങിയ കേരളത്തിന്റെ നേട്ടങ്ങൾ ആഫ്രിക്കയ്ക്കു മാതൃകയാണെന്ന് അവർ ചൂണ്ടിക്കാട്ടി.
വിദേശ സാങ്കേതികവിദ്യകളുടെ വെറുമൊരു ഉപഭോക്താവായി ആഫ്രിക്ക തുടരില്ലെന്നും സാങ്കേതിക വികസനത്തിൽ സജീവ പങ്കാളിയാകാനാണു ലക്ഷ്യമെന്നും അവർ വ്യക്തമാക്കി. സഹകരണം ശക്തമാക്കാൻ ബിസിനസ് സംവാദങ്ങൾ, പ്രതിനിധി സംഘങ്ങളുടെ സന്ദർശനം, വിവിധ മേഖലകളിൽ പൈലറ്റ് പ്രോജക്ടുകൾ, വിദ്യാർഥികൾക്കു സ്കോളർഷിപ്പുകൾ എന്നിവ നടപ്പാക്കണമെന്ന് അവർ നിർദേശിച്ചു.
വിദേശ സംരംഭകർ ഉഗാണ്ടയിൽ കമ്പനി രജിസ്റ്റർ ചെയ്താൽ രണ്ടു ദിവസത്തിനുള്ളിൽ വ്യവസായ പാർക്കിൽ സ്ഥലം ലഭ്യമാകുമെന്ന് ഉഗാണ്ടൻ ഹൈക്കമ്മീഷണർ പ്രൊഫ. ജോയ്സ് കകുരമത്സി കികഫുണ്ട സമ്മിറ്റിൽ ചൂണ്ടിക്കാട്ടി. 100 ശതമാനം വിദേശ ഉടമസ്ഥത അനുവദിക്കും. നികുതി അടച്ചശേഷം ലാഭം പൂർണമായും സ്വന്തം നാട്ടിലേക്കു കൊണ്ടുപോകാനും കഴിയും.
ഭക്ഷ്യ, ഊർജ മേഖലകളിൽ പരസ്പരപൂരകങ്ങളായ ഇന്ത്യയും അർജന്റീനയും തമ്മിലുള്ള വ്യാപാരബന്ധം പുതിയ തലത്തിലേക്കു വളരുകയാണെന്ന് അർജന്റീന എംബസിയിലെ ഇക്കണോമിക് ആൻഡ് കൊമേഴ്സ്യൽ വിഭാഗം മേധാവി അഗതാ സാൽദിവർ പറഞ്ഞു. ഊർജം, ഖനനം, കാർഷികസാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇന്ത്യൻ സംരംഭകർക്കു വൻ അവസരങ്ങളുണ്ടെന്നും അവർ പറഞ്ഞു.