ഇന്ത്യ-അമെരിക്ക വ്യാപാരക്കരാർ
രണ്ടു ദിവസത്തെ ഈജിപ്റ്റ് സന്ദർശനത്തിനിടെ കെയ്റോയിൽ വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ, യുഎസുമായുള്ള വ്യാപാരക്കരാർ പ്രകാരം മറ്റു രാജ്യങ്ങളെക്കാൾ കുറഞ്ഞ തീരുവയിൽ ഇന്ത്യയ്ക്ക് അമേരിക്കൻ വിപണിയിൽ പ്രവേശനം ലഭിക്കുമെന്ന് സ്ഥിരീകരിച്ചു. ആദ്യഘട്ട ചട്ടക്കൂടിന് ഫെബ്രുവരിയിൽ അന്തിമരൂപമായി; ഈ സാമ്പത്തിക വർഷാവസാനത്തോടെ ആദ്യഘട്ട കരാർ പൂർത്തിയാക്കാനാണ് ശ്രമം. ട്രംപിന്റെ "പകരം തീരുവ" യുഎസ് സുപ്രീം കോടതി റദ്ദാക്കിയതോടെ ചർച്ചകൾ നീണ്ടു.
കെയ്റോ: മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ തീരുവയിൽ ഇന്ത്യയ്ക്ക് അമെരിക്കൻ വിപണിയിൽ പ്രവേശനം ഉറപ്പാക്കുന്നതായിരിക്കും യുഎസുമായുള്ള വ്യാപാരക്കരാറെന്നു (ബിടിഎ) സ്ഥിരീകരിച്ച് വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മുൻഗണന ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടു ദിവസത്തെ ഈജിപ്റ്റ് സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
ഇന്ത്യയ്ക്ക് കുറഞ്ഞ തീരുവ ഉറപ്പാക്കിയിട്ടുണ്ടെന്നു കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണം ഇതാദ്യം.
ഇന്ത്യൻ ഉത്പന്നങ്ങൾക്കു വിപണിയിൽ പ്രത്യേക ആനുകൂല്യം നൽകുമെന്നു യുഎസിന്റെ ഉറപ്പു ലഭിച്ചോ ചോദ്യത്തിന്, ''മാസങ്ങൾക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും ചേർന്ന് വ്യാപാര കരാറിന്റെ വിശാലമായ ചട്ടക്കൂട് പ്രഖ്യാപിച്ചപ്പോൾ തന്നെ ഇക്കാര്യത്തിൽ തീരുമാനമായതാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ തീരുവയിൽ അമേരിക്കൻ വിപണിയിലേക്ക് ഇന്ത്യയ്ക്ക് പ്രവേശനം ലഭിക്കുമെന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്'' എന്നായിരുന്നു ഗോയലിന്റെ മറുപടി.
ഉഭയകക്ഷി വ്യാപാരക്കരാറിന്റെ ആദ്യഘട്ട ചട്ടക്കൂടിന് കഴിഞ്ഞ ഫെബ്രുവരിയിൽ ഇരുരാജ്യങ്ങളും അന്തിമരൂപം നൽകിയിരുന്നു. നടപ്പ് സാമ്പത്തിക വർഷാവസാനത്തോടെ ആദ്യഘട്ട കരാർ പൂർത്തിയാക്കാനാണ് ഇരുപക്ഷവും ശ്രമിക്കുന്നത്. കരാർ നേരത്തെ ഒപ്പിടേണ്ടതായിരുന്നെങ്കിലും, യുഎസിലെ തീരുവ നയങ്ങളിലുണ്ടായ മാറ്റങ്ങൾ കാരണം തുടർചർച്ചകൾ അനിവാര്യമായി വന്നു.
ചർച്ചകൾക്ക് അടിസ്ഥാനമായിരുന്ന പ്രസിഡന്റ് ട്രംപിന്റെ 'പകരം തീരുവ' യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്ന്, വ്യാപാര നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് പുതിയ നികുതി ഘടന രൂപീകരിക്കാനുള്ള ശ്രമത്തിലാണ് യുഎസ്. ഇന്ത്യയും ഈജിപ്റ്റും തമ്മിലുള്ള വ്യാപാര-നിക്ഷേപ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കായാണു ഗോയൽ കെയ്റോയിൽ എത്തിയത്.
Commerce Minister Piyush Goyal, in Cairo during a two-day Egypt visit, confirmed that the India–US bilateral trade agreement will give India access to the US market at lower tariffs than other countries, a point he said was agreed when Modi and Trump announced the broad framework. The first-phase framework was finalised in February, and both sides aim to conclude the first tranche by the end of the current financial year. Talks were prolonged after the US Supreme Court struck down Trump’s “reciprocal tariffs”.