സ്വകാര്യ ബാങ്കുകൾക്ക് തിരിച്ചടി

 
Business

ബാങ്കുകൾക്ക് തിരിച്ചടി: ലാഭം കൂടുമ്പോഴും പലിശ മാർജിനിൽ ഇടിവ്

നിക്ഷേപങ്ങള്‍ക്ക് നല്‍കേണ്ട പലിശച്ചെലവ് ഉയരുന്നതും, കുറഞ്ഞ ചെലവിലുള്ള നിക്ഷേപങ്ങളുടെ വളര്‍ച്ച പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതുമാണ് ബാങ്കുകളുടെ മാര്‍ജിനെ സമ്മര്‍ദത്തിലാക്കുന്നത്

Business Desk

ബിസിനസ് ലേഖകൻ

കൊച്ചി: അറ്റാദായത്തിലും വായ്പാ വിതരണത്തിലും മികച്ച വളര്‍ച്ച തുടരുമ്പോഴും അറ്റ പലിശ മാര്‍ജിനിലെ ഇടിവ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകള്‍ക്ക് വെല്ലുവിളിയാകുന്നു. നിക്ഷേപങ്ങള്‍ക്ക് നല്‍കേണ്ടുന്ന പലിശച്ചെലവ് ഉയരുന്നതും കുറഞ്ഞ ചെലവിലുള്ള നിക്ഷേപങ്ങളുടെ വളര്‍ച്ച പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതുമാണ് ബാങ്കുകളുടെ മാര്‍ജിനെ സമ്മര്‍ദത്തിലാക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയവ അറ്റാദായത്തില്‍ വളര്‍ച്ച നേടിയെങ്കിലും പലിശ മാര്‍ജിനില്‍ ഇടിവ് രേഖപ്പെടുത്തി.

ഐസിഐസിഐ ബാങ്കിന്‍റെ അറ്റാദായം 20.1% വര്‍ധിച്ച് 14,843 കോടി രൂപയായി. അറ്റ പലിശ വരുമാനം 17.7% ഉയര്‍ന്ന് 25,339 കോടി രൂപയിലെത്തി. എന്നാല്‍ അറ്റ പലിശ മാര്‍ജിന്‍ മുന്‍പാദത്തിലെ 4.36 ശതമാനത്തില്‍ നിന്ന് 4.18 ശതമാനമായി കുറഞ്ഞു. നിക്ഷേപം 27.1 ശതമാനവും വായ്പ 30 ശതമാനവും വര്‍ധിച്ചു.

എച്ച്ഡിഎഫ്സി ബാങ്കിന്‍റെ അറ്റാദായം 4.7% ഉയര്‍ന്ന് 19,510 കോടി രൂപയായി. അറ്റ പലിശ വരുമാനം 9.7% വര്‍ധിച്ച് 34,620 കോടി രൂപയിലെത്തി. എന്നാല്‍ അറ്റ പലിശ മാര്‍ജിന്‍ 3.16 ശതമാനമായി കുറഞ്ഞു. പലിശ ഇതര വരുമാനവും 3.6% ഇടിഞ്ഞ് 13,830 കോടി രൂപയായി. വായ്പകള്‍ 16.3% വര്‍ധിച്ച് 32.2 ലക്ഷം കോടി രൂപയിലും നിക്ഷേപം 18.8% ഉയര്‍ന്ന് 33.27 ലക്ഷം കോടി രൂപയിലുമെത്തി.

ആക്സിസ് ബാങ്കിന്‍റെ അറ്റാദായം 38% വര്‍ധിച്ച് 7,003 കോടി രൂപയായി. അറ്റ പലിശ വരുമാനം 12% ഉയര്‍ന്ന് 15,371 കോടി രൂപയിലെത്തി. എന്നാല്‍ അറ്റ പലിശ മാര്‍ജിന്‍ 3.36 ശതമാനമായി കുറഞ്ഞു. പലിശ ഇതര വരുമാനം 6,531 കോടി രൂപയായി. മൊത്തം നിഷ്ക്രിയ ആസ്തി 1.16 ശതമാനമായി കുറഞ്ഞപ്പോള്‍ വായ്പകള്‍ 23% ഉയര്‍ന്ന് 13.74 ലക്ഷം കോടി രൂപയും നിക്ഷേപം 21% വര്‍ധിച്ച് 14.52 ലക്ഷം കോടി രൂപയുമായി.

വായ്പാ വളര്‍ച്ചയും കിട്ടാക്കട നിയന്ത്രണവും ബാങ്കുകള്‍ക്ക് കരുത്തുപകരുമ്പോഴും ഉയര്‍ന്ന നിക്ഷേപച്ചെലവ് ലാഭത്തിന്‍റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. പലിശ വരുമാനത്തിലെ വളര്‍ച്ചയ്ക്കൊപ്പം അറ്റ പലിശ മാര്‍ജിന്‍ നിലനിര്‍ത്താന്‍ കഴിയുമോ എന്നതാണ് വരും പാദങ്ങളില്‍ ബാങ്കുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി.