ലോണുകളുടെയും നിക്ഷേപങ്ങളുടെയും പലിശ കൂടിയേക്കും.

 
Business

ലോണിനും എഫ്‌ഡിക്കും പലിശ നിരക്ക് കൂടിയേക്കും

ഡിസംബര്‍ രണ്ട് മുതല്‍ നാല് വരെ ചേരുന്ന ധനനയ നിര്‍ണയ സമിതി യോഗത്തില്‍ റിപ്പോ നിരക്ക് കാല്‍ ശതമാനം വർധിപ്പിച്ച് 5.75 ശതമാനമാക്കുമെന്നാണ് വിലയിരുത്തൽ

Business Desk

ബിസിനസ് ലേഖകൻ

കൊച്ചി: നാണയപ്പെരുപ്പം വീണ്ടും രൂക്ഷമായതോടെ തുടര്‍ച്ചയായ രണ്ടാം തവണയും മുഖ്യപലിശ നിരക്ക് ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതമായേക്കും. ഡിസംബര്‍ രണ്ട് മുതല്‍ നാല് വരെ ചേരുന്ന ധനനയ നിര്‍ണയ സമിതി യോഗത്തില്‍ റിപ്പോ നിരക്ക് കാല്‍ ശതമാനം വർധിപ്പിച്ച് 5.75 ശതമാനമാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

ഒക്റ്റോബറില്‍ റിപ്പോ നിരക്ക് കാല്‍ ശതമാനം വർധിപ്പിച്ച് 5.5 ശതമാനമാക്കിയിരുന്നു. ഡിസംബറിലും പലിശ കൂട്ടിയാല്‍ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ തിരിച്ചടവില്‍ ഉപയോക്താക്കള്‍ക്ക് അധികബാധ്യതയുണ്ടാകും. ഒക്റ്റോബറില്‍ റീട്ടെയ്‌ല്‍ നാണയപ്പെരുപ്പം റിസര്‍വ് ബാങ്കിന്‍റെ ഉയര്‍ന്ന സഹനപരിധിയായ ആറു ശതമാനവും മറികടന്ന് 6.09 ശതമാനത്തിലെത്തിയതാണ് പ്രധാന വെല്ലുവിളി. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റവും നിർമാണച്ചെലവിലെ വർധനയും നാണയപ്പെരുപ്പ സമ്മർദം ശക്തമാക്കുകയാണ്.

അതേസമയം രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്നതും ഡോളറിനെതിരേ രൂപ കരുത്താര്‍ജിക്കുന്നതും റിസര്‍വ് ബാങ്കിന് ആശ്വാസമാണ്. ഇറക്കുമതിച്ചെലവ് കുറയുന്നതോടെ വിലക്കയറ്റത്തിന്‍റെ തീവ്രത കുറഞ്ഞേക്കുമെന്നാണ് പ്രതീക്ഷ. തുടര്‍ച്ചയായ പലിശ വർധന സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്. വായ്പാച്ചെലവ് ഉയരുന്നത് സ്വകാര്യ മേഖലയിലെ പുതിയ നിക്ഷേപങ്ങളെയും ഉപഭോക്തൃ ഡിമാന്‍ഡിനെയും ബാധിച്ചേക്കും.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പകുതിയില്‍ വളര്‍ച്ചയുടെ വേഗം കുറയാനും സാധ്യതയുണ്ട്. ക്രിസില്‍ ഏഴ് ശതമാനവും ഇക്ര 7.1 ശതമാനവുമാണ് നടപ്പുവര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിക്കുന്നത്. ഭവന, വാഹന വായ്പകളുടെ പലിശ ഉയരുന്നത് കേരളത്തിലെ കുടുംബങ്ങളുടെ ബജറ്റിനും തിരിച്ചടിയാകും. പാര്‍പ്പിട, വാഹന വിപണികളിലെ വിൽപ്പനയെയും ഇത് ബാധിച്ചേക്കും.

അതേസമയം റിപ്പോ നിരക്ക് ഉയര്‍ന്നാലും ബാങ്കുകള്‍ സ്ഥിരനിക്ഷേപങ്ങളുടെ പലിശ വർധിപ്പിക്കുമെന്ന് ഉറപ്പില്ല. വായ്പാച്ചെലവ് ഉയര്‍ത്തി ഉപയോഗം നിയന്ത്രിക്കുന്നതിലൂടെ വിലക്കയറ്റം കുറയ്ക്കാനാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനവും ഉത്പാദനക്കുറവും മൂലമുള്ള ഭക്ഷ്യവിലക്കയറ്റം പലിശ വർധനയിലൂടെ മാത്രം നിയന്ത്രിക്കാനാകില്ല. സാമ്പത്തിക വളര്‍ച്ചയ്ക്ക് തിരിച്ചടിയുണ്ടാക്കാതെ നാണയപ്പെരുപ്പം നിയന്ത്രിക്കുകയെന്ന ദുഷ്കരമായ ദൗത്യമാണ് റിസര്‍വ് ബാങ്കിന് മുന്നിലുള്ളത്.