Indian Mango
ടോകിയോ: ഇന്ത്യയിൽ നിന്നുമുള്ള മാങ്ങ ഇറക്കുമതി നിരോധിച്ച് ജപ്പാൻ. കീടനാശനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കണ്ടെത്തിയ ഗുരുതരമായ വീഴ്ചയാണ് നിരോധനത്തിന് കാരണം. 20 വർഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യൻ മാങ്ങകൾക്ക് ജപ്പാനിൽ നിരോധനമുണ്ടാകുന്നത്. ഇന്ത്യയിൽ നിന്നുള്ള അൽഫോൻസ, കേസർ, ലാഗ്ര, ബംഗാനപ്പള്ളി തുടങ്ങിയ ഇനം മാങ്ങകളുടെ കയറ്റുമതിയെ ജപ്പാനിലെ നിരോധനം ദോഷകരമായി ബാധിക്കും.
പഴയീച്ചകളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇരുപതു വർഷം മുൻപ് ജപ്പാൻ ഇന്ത്യയിൽ നിന്നുള്ള മാങ്ങ നിരോധിച്ചിരുന്നു. പിന്നീട് ഈ പ്രശ്നം പരിഹരിച്ചതിനെത്തുടർന്ന് 2006ലാണ് നിരോധനം നീക്കിയത്. പഴയീച്ചകൾ പോലുള്ള അധിനിവേശ പ്രാണികൾക്കെതിരേ കടുത്ത നയമാണ് ജപ്പാൻ സ്വീകരിച്ചിട്ടുള്ളത്. എല്ലാ തവണയും മാമ്പഴത്തിന്‍റെ സീസണിൽ ജപ്പാനിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഇന്ത്യയിലെ വേപ്പർ ഹീറ്റ് ട്രീറ്റ്മെന്‍റ് (വിഎച്ച്ടി) ഫെസിലിറ്റികൾ പരിശോധിക്കാൻ എത്താറുണ്ട്. മാങ്ങകളെ അണുവിമുക്തമാക്കുന്ന പ്രക്രിയയാണിത്. ഈ പ്രക്രിയയിൽ രാസവസ്തുക്കൾ ഉപയോഗിക്കാറില്ല. പകരം നിയന്ത്രിതമായ ചൂടിലും ചൂടേറിയ വാതകങ്ങളിലൂടെയും പ്രാണികളെയും അവയുടെ ലാർവകളെയും ഇല്ലാതാക്കുകയാണ് ചെയ്യുക. ഇരു രാജ്യങ്ങളും തമ്മിലുള്ള കയറ്റുമതി കരാറിൽ ഈ പ്രക്രിയ നിർബന്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മാർച്ചിലാണ് ഇത്തവണത്തെ വിഎച്ച്ടി ഫെസിലിറ്റ് സന്ദർശനത്തിനായി ജാപ്പനീസ് ഉദ്യോഗസ്ഥർ എത്തിയത്. റഹ്മാൻപുർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായിരുന്നു സന്ദർശനം. എന്നാൽ അണുവിമുക്തമാക്കുന്നതിൽ ചില പ്രശ്നങ്ങൾ കണ്ടെത്തിയതാണ് മാങ്ങയുടെ നിരോധനത്തിന് ഇടയാക്കിയത്.
ഓരോ വർഷവും 28 മില്യൺ ടൺ മാങ്ങയാണ് ഇന്ത്യ ഉത്പാദിപ്പിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മാങ്ങ ഉത്പാദപക രാജ്യമാണ് ഇന്ത്യ. ഇതിൽ കൂടുതലും രാജ്യത്തു തന്നെ ഉപയോഗിക്കും. ജപ്പാനിലേക്ക് വലിയ അളവിൽ തന്നെ മാങ്ങ കയറ്റുമതി ചെയ്യാറുണ്ട്. ഇത്തവണ ജപ്പാൻ നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ മാങ്ങാ കർഷകർ ആശങ്കയിലാണ്. കടുത്ത ചൂടും രൂക്ഷമായ കാലാവസ്ഥയും മൂലം ഇത്തവണ കർഷകർ വലിയ നഷ്ടം നേരിട്ടിരുന്നു.