കേരളത്തിലെ വ്യാപാരികൾ പ്രതിഷേധിക്കും.

 
Business

കേരളത്തിലെ വ്യാപാരികൾ 15ന് യുപിഐ ബഹിഷ്കരിക്കും

യുപിഐ ഇടപാടുകൾക്ക് ചുമത്തിയ എംഡിആർ ചാർജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സമര പരിപാടികളിലേക്ക്

Business Desk

ആലപ്പുഴ: യുപിഐ ഇടപാടുകൾക്ക് ചുമത്തിയ എംഡിആർ ചാർജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒക്റ്റോബർ 15ന് രാവിലെ 10ന് തിരുവനന്തപുരത്ത് ലോക്ഭവനിലേക്ക് മാർച്ച് നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സര. അന്നു സംസ്ഥാനത്തെ മുഴുവൻ വ്യാപാരികളും യുപിഐ ഇടപാടുകൾ ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പാർലമെന്‍റിൽ ഇതുസംബന്ധിച്ച നിയമം പാസാക്കിയതിനെ തുടർന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ നേരിൽ കണ്ട് വിഷയത്തിന്‍റെ ഗൗരവം ധരിപ്പിച്ചിരുന്നു. എന്നാൽ, ഇത്തരമൊരു നീക്കം ഉണ്ടാകില്ലെന്ന് അന്ന് മന്ത്രി ഉറപ്പുനൽകിയിരുന്നു. രാജ്യത്തെ ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളെ ബാധിക്കുന്ന വിഷയത്തിൽ കേന്ദ്ര സർക്കാരിന്‍റെ ശ്രദ്ധ ക്ഷണിക്കാനാണ് ലോക്ഭവൻ മാർച്ച് സംഘടിപ്പിക്കുന്നതെന്ന് രാജു അപ്സര പറഞ്ഞു.

ദേശീയപാതയോരത്തെ നിർമാണ പ്രവർത്തനങ്ങൾക്ക് ബഫർ സോൺ ഏർപ്പെടുത്താനുള്ള സുപ്രീം കോടതിയുടെ നീക്കത്തിൽ സംസ്ഥാന സർക്കാർ എത്രയും വേഗം സത്യവാങ്മൂലം സമർപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ വഴിയോര കച്ചവടക്കാരെ അനുവദിക്കുന്നതിനെതിരേ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സമരം സംഘടിപ്പിക്കാനും തീരുമാനമായി. ഇതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ആറിനു കോഴിക്കോട് നടത്തും.