യുഎഇയിൽ ഇടത്തരം സംരംഭങ്ങൾക്ക് സാമ്പത്തിക സേവനങ്ങൾ: ലുലു മണി ബിസിനസും മാസ്റ്റർ കാർഡും കൈകോർക്കുന്നു

 
Business

യുഎഇയിൽ ഇടത്തരം സംരംഭങ്ങൾക്ക് സാമ്പത്തിക സേവനങ്ങൾ: ലുലു മണി ബിസിനസും മാസ്റ്റർ കാർഡും കൈകോർക്കുന്നു

എസ്എംഇകൾക്ക് ആവശ്യമായ എല്ലാ സാമ്പത്തിക സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യം

UAE Correspondent

ദുബായ്: യുഎഇയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ടതും പരസ്പര ബന്ധിതവുമായ സാമ്പത്തിക സേവന സംവിധാനം ഉറപ്പാക്കുന്നതിനായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്‍റെ ലുലു മണി ബിസിനസും മാസ്റ്റർകാർഡും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. അബുദാബിയിലെ ഇൻവെസ്റ്റോപ്പിയ ബ്രിഡ്ജിൽ നടന്ന ചടങ്ങിൽ യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി, യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ഹസ്സൻ അൽസുവൈദി എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്.

ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, മാസ്റ്റർകാർഡ് EEMEA മാർക്കറ്റ് ഡെവലപ്‌മെന്‍റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് മെറ്റെ ഗുനെ എന്നിവരും പങ്കെടുത്തു. മാസ്റ്റർകാർഡ് എസ്എംഇ കോൺഫിഡൻസ് ഇൻഡക്സ് 2026 പ്രകാരം, യുഎഇയിലെ 74% ചെറുകിട ബിസിനസ്സ് ഉടമകളും അടുത്ത 12 മാസത്തെ തങ്ങളുടെ ബിസിനസ് ഭാവിയിൽ പൂർണ്ണ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നവരാണ്. ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്ക് മാറുന്ന ബിസിനസുകളുടെ പണമടയ്ക്കൽ, ചെലവ് മാനേജ്‌മെന്‍റ്, ക്യാഷ് ഫ്ലോ എന്നിവയിലെല്ലാം കൂടുതൽ സഹായകരമായ സാമ്പത്തിക സേവനങ്ങൾ നൽകാൻ ഈ സഹകരണം വഴിയൊരുക്കും.

യുഎഇ സെൻട്രൽ ബാങ്കിന്‍റെ ലൈസൻസുള്ള ഇസ്ലാമിക് ബാങ്കായ 'രുയ' നൽകുന്ന ലുലു മണി ബിസിനസ് അക്കൗണ്ടുകൾ, മാസ്റ്റർകാർഡിന്‍റെ കാർഡ് സൊല്യൂഷനുകൾ, മറ്റ് മൂല്യവർദ്ധിത സാമ്പത്തിക സേവനങ്ങൾ എന്നിവ ഇതിന്‍റെ ഭാഗമായി ലഭ്യമാകും. പേയ്മെന്‍റുകൾക്ക് പുറമെ മാസ്റ്റർകാർഡിന്‍റെ ഉപദേശക, കൺസൾട്ടിംഗ് സേവനങ്ങളും ബിസിനസുകൾക്ക് ലഭ്യമാക്കും.

സാമ്പത്തിക രംഗത്തിന്‍റെ നട്ടെല്ലാണ് ചെറുകിട, ഇടത്തരം സംരംഭങ്ങളെന്നും, നവീകരണത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും അവ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു.

എസ്എംഇകൾക്ക് ആവശ്യമായ എല്ലാ സാമ്പത്തിക സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും, മാസ്റ്റർകാർഡുമായുള്ള ഈ കരാർ ആ യാത്രയിലെ പ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹം വ്യക്തമാക്കി.

2030-ഓടെ 500 ദശലക്ഷം ആളുകളെയും ചെറുകിട ബിസിനസുകളെയും സാമ്പത്തികമായി ഭദ്രമാക്കാനുള്ള മാസ്റ്റർകാർഡിന്‍റെ ആഗോള ലക്ഷ്യത്തിന്‍റെ ഭാഗമാണ് ഈ പ്രവർത്തനമെന്ന് മാസ്റ്റർകാർഡ് EEMEA മാർക്കറ്റ് ഡെവലപ്‌മെന്‍റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് മെറ്റെ ഗുനെ പറഞ്ഞു.