ഭോപ്പാലിൽ പുരോഗമിക്കുന്ന മധ്യപ്രദേശ് ട്രാവൽ മാർട്ട് 2026-ൽ നിക്ഷേപകരുമായി ധാരണാപത്രം കൈമാറുന്ന മുഖ്യമന്ത്രി ഡോ. മോഹൻ യാദവ്.

 
Business

ടൂറിസം നിക്ഷേപ അനുമതി: മധ്യപ്രദേശിന്‍റെ വാഗ്ദാനവും കേരളത്തിന്‍റെ ഏകജാലകവും

എംപി ട്രാവൽ മാർട്ട് 2026-ൽ സമയബന്ധിത അനുമതി വാഗ്ദാനം ചെയ്ത് മധ്യപ്രദേശ്. നിക്ഷേപകർക്ക് ഇത് എന്താണ് അർഥമാക്കുന്നത്, കേരളത്തിന്‍റെ സംവിധാനവുമായി എങ്ങനെ താരതമ്യം ചെയ്യാം.

VK SANJU

ഒരു സംസ്ഥാനത്തിന്‍റെ ടൂറിസം പദ്ധതികളിൽ നിക്ഷേപകർ ആദ്യം ചോദിക്കുന്നത് പലപ്പോഴും പ്രകൃതിഭംഗിയെക്കുറിച്ചല്ല; അനുമതികൾക്ക് എത്ര സമയമെടുക്കും എന്നാണ്.

ഭോപ്പാലിൽ നടക്കുന്ന മധ്യപ്രദേശ് ട്രാവൽ മാർട്ട് 2026-ൽ മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് ഇതിനാണ് ഊന്നൽ നൽകിയത്. സുതാര്യ നയങ്ങൾ, വേഗത്തിലുള്ള അനുമതികൾ, സിംഗിൾ വിൻഡോ സംവിധാനം എന്നിവയിലൂടെ നിക്ഷേപകരെ പിന്തുണയ്ക്കാൻ സംസ്ഥാനം പ്രതിബദ്ധമാണെന്നും ഭൂമി അനുവദിക്കലും അടിസ്ഥാനസൗകര്യ വികസനവും ആവശ്യമായ അനുമതികളും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

വാഗ്ദാനത്തിനൊപ്പം രേഖകളും കൈമാറി. പന്നയിലെ ഹെറിറ്റേജ് ഹോട്ടൽ ഉൾപ്പെടെയുള്ള റിസോർട്ട് പദ്ധതികൾക്കും ഖജുരാഹോ–പന്ന, ജബൽപുർ–ഭോപ്പാൽ തുടങ്ങിയ പാതകളിലെ വഴിയോര സൗകര്യ കേന്ദ്രങ്ങൾക്കും മധ്യപ്രദേശ് ടൂറിസം ബോർഡ് ലെറ്റർ ഓഫ് അവാർഡ് നൽകി. സീഹോർ ജില്ലയിലെ രാമഗഢിൽ ഗോൾഫ് കോഴ്സ്, ഹോട്ടൽ വില്ലകൾ, വെൽനസ് റിസോർട്ട് എന്നിവയ്ക്കായി എ.ആർ.എം. ഫുഡ്സ് 848.40 കോടി രൂപയുടെ ധാരണാപത്രം ഒപ്പുവച്ചു; ഏകദേശം 920 നേരിട്ടുള്ള തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്.