അദീപ് അഹമ്മദ്.
ദുബായ്: പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ വാഷിങ്ടൺ പോസ്റ്റിന്‍റെ ഗ്ലോബൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) അഡ്വൈസറി കൗൺസിലിലേക്ക് മലയാളി വ്യവസായിയും ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എംഡിയുമായ അദീപ് അഹമ്മദിനെ തിരഞ്ഞെടുത്തു.
മാധ്യമ രംഗത്തും ബിസിനസ് മേഖലയിലും കൃത്രിമ ബുദ്ധി (AI) ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള തന്ത്രപരമായ തീരുമാനങ്ങൾ രൂപീകരിക്കുന്ന അന്താരാഷ്ട്ര സമിതിയിലേക്കാണ് ഈ നിയമനം. ആഗോള തലത്തിൽ ബിസിനസ് രംഗത്ത് നൂതന സാങ്കേതികവിദ്യകളും ഡിജിറ്റൽ പരിവർത്തനങ്ങളും വിജയകരമായി നടപ്പിലാക്കിയ വ്യക്തി എന്ന നിലയിലാണ് അദീപ് അഹമ്മദിനെ ഈ പദവിയിലേക്ക് പരിഗണിച്ചത്.
മാധ്യമ പ്രവർത്തനത്തിലും ബിസിനസ് വളർച്ചയിലും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ എങ്ങനെയെല്ലാം ഉത്തരവാദിത്തത്തോടെയും ഫലപ്രദമായും ഉപയോഗിക്കാം എന്ന് പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കുന്ന ആഗോള വിദഗ്ധരുടെ സമിതിയാണിത്.
വാഷിങ്ടൺ പോസ്റ്റിന്‍റെ എഐ കൗൺസിലിൽ അംഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് അദീപ് അഹമ്മദ് പറഞ്ഞു. വിവിധ മേഖലകളെ മാറ്റിമറിക്കാൻ എ.ഐ സാങ്കേതികവിദ്യയ്ക്ക് വലിയ ശേഷിയുണ്ടെന്നും, അത് ശരിയായ രീതിയിൽ ഉപയോഗിക്കാൻ ഈ സമിതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.