വായ്പകള്‍ എടുത്തവര്‍ക്ക് തിരിച്ചടി; റിപ്പോ നിരക്കുയർത്തി റിസർവ് ബാങ്ക്

 
Business

വായ്പകള്‍ എടുത്തവര്‍ക്ക് തിരിച്ചടി; റിപ്പോ നിരക്കുയർത്തി റിസർവ് ബാങ്ക്

മൂന്നരവർഷത്തിനുശേഷം ഇതാദ്യമായാണ് റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് ഉയർത്തുന്നത്

Namitha Mohanan

മുംബൈ: മൂന്നരവർഷത്തിനുശേഷം ഇതാദ്യമായി റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് ഉയർത്തി. 25 ബേസിസ് പോയിന്‍റ് കൂട്ടി നിരക്ക് 5.50 ശതമാനമായി ഉയർത്തി. നിലവിലെ 5.25 ൽ നിന്നാണ് 5.50 ആക്കി ഉയർത്തിയത്.

റിപ്പോ നിരക്ക് കൂട്ടിയതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്കുയരും. എന്നാൽ എഫ്ഡി ഇട്ടവർക്ക് ഈ മാറ്റം നേട്ടമാണ്. പണനയ കമ്മിറ്റി തീരുമാനം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് പ്രഖ്യാപിച്ചത്.

2023 ഫെബ്രുവരിയിലാണ് അവസാനമായി റിപ്പോ നിരക്കുകള്‍ റിസര്‍വ് ബാങ്ക് വര്‍ധിപ്പിച്ചിരുന്നത്. അന്ന് ആര്‍ബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്‍റുകള്‍ ഉയര്‍ത്തി 6.5 ശതമാനമാക്കിയിരുന്നു.

തുടർന്ന് 2025 ൽ 125 ബേസിസ് പോയിന്‍റുകൾ നിരക്കുകൾ കുറക്കുന്നത് വരെ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയിരുന്നു. ശേഷവും തുടർച്ചയായ നാല് പോളിസി മീറ്റിങ്ങുകളിൽ സെൻട്രൽ ബാങ്ക് റിപ്പോ നിരക്ക് 5.25 ശതമാനമായി നിലനിർത്തിയിരുന്നു.

ആഗോളതലത്തില്‍ പണപ്പെരുപ്പം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് സഞ്ജയ് മല്‍ഹോത്ര പ്രതികരിച്ചു. ആഗോള സാഹചര്യങ്ങളെല്ലാം പരിഗണിച്ച ശേഷമാണ് ഈ തീരുമാനത്തിലേക്ക് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.