200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

 
Business

നേപ്പാളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ആശ്വാസം; 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഒരാൾക്ക് പരമാവധി 25,000 രൂപ വരെ മാത്രമാണ് കൈവശം വയ്ക്കാനോ കൊണ്ടുപോകാനോ അനുവദിക്കുക

Sarath Nath MS

കാഠ്മണ്ഡു: ഇന്ത്യയിലെ 2016ലെ നോട്ട് നിരോധനത്തിന് ശേഷം നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾക്ക് ഒടുവിൽ ഇളവ് നൽകി നേപ്പാൾ. ഇനി മുതൽ ഇന്ത്യക്കാർക്കും നേപ്പാൾ പൗരന്മാർക്കും 2016 നവംബർ ഒൻപതിന് ശേഷം പുറത്തിറക്കിയ 200 രൂപയുടെയും 500 രൂപയുടെയും ഇന്ത്യൻ കറൻസികൾ നേപ്പാളിലേക്ക് കൊണ്ടുപോകാനും അവിടെ നിന്ന് പുറത്തേക്ക് കൊണ്ടുവരാനും അനുമതിയുണ്ടാകും. ഒരാൾക്ക് പരമാവധി 25,000 രൂപ വരെ മാത്രമാണ് കൈവശം വയ്ക്കാനോ കൊണ്ടുപോകാനോ അനുവദിക്കുക.

ഇന്ത്യയുടെ 2016ലെ നോട്ട് നിരോധനത്തിന് പിന്നാലെ 100 രൂപയിൽ കൂടുതലുള്ള ഇന്ത്യൻ കറൻസി നോട്ടുകൾ നേപ്പാളിൽ ഉപയോഗിക്കുന്നതിനും കൊണ്ടുപോകുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതോടെ ഇന്ത്യൻ വിനോദസഞ്ചാരികൾക്കും അതിർത്തി വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നവർക്കും ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. പുതിയ തീരുമാനം ആ നിയന്ത്രണത്തിന് വലിയ തോതിൽ ഇളവ് നൽകുന്നതാണ്.

നേപ്പാളിന്‍റെ സെൻട്രൽ ബാങ്കായ നേപ്പാൾ രാഷ്ട്ര ബാങ്ക് പുറത്തിറക്കിയ അറിയിപ്പിലാണ് പുതിയ ചട്ടങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഫെബ്രുവരി 11ന് നേപ്പാൾ ഗസറ്റിൽ പ്രസിദ്ധീകരിച്ച വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നിരുന്നെങ്കിലും, അവയുടെ നടപ്പാക്കൽ സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനാണ് ബാങ്ക് വീണ്ടും അറിയിപ്പ് നൽകിയതെന്ന് അധികൃതർ അറിയിച്ചു.

എന്നാൽ ചില നിയന്ത്രണങ്ങൾ തുടരും. നേപ്പാൾ പൗരന്മാർക്ക് ഇന്ത്യ ഒഴികെയുള്ള മറ്റേതെങ്കിലും രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ കറൻസി നേപ്പാളിലേക്ക് കൊണ്ടുവരാൻ അനുവാദമില്ല. അതുപോലെ ഇന്ത്യ ഒഴികെയുള്ള മൂന്നാം രാജ്യങ്ങളിലേക്ക് നേപ്പാളിൽ നിന്ന് ഇന്ത്യൻ കറൻസി കൊണ്ടുപോകാനും കഴിയില്ലെന്ന് നേപ്പാൾ രാഷ്ട്ര ബാങ്ക് വക്താവ് ഗുരു പ്രസാദ് പൗഡൽ വ്യക്തമാക്കി.

പുതിയ തീരുമാനം ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്കും ഇരുരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന നേപ്പാൾ പൗരന്മാർക്കും ഗുണകരമാകുമെന്നാണ് ബാങ്കിന്‍റെ വിലയിരുത്തൽ. ഇന്ത്യയും നേപ്പാളും തമ്മിലുള്ള തുറന്ന അതിർത്തിയും അടുത്ത ജനകീയ ബന്ധവും കണക്കിലെടുക്കുമ്പോൾ അതിർത്തി കടന്നുള്ള സാമ്പത്തിക ഇടപാടുകളും യാത്രകളും ഇതിലൂടെ കൂടുതൽ എളുപ്പമാകുമെന്നാണ് പ്രതീക്ഷ.

ഇതിനു പുറമേ നേപ്പാൾ പൗരന്മാർക്കും വിദേശ സന്ദർശകർക്കും 5,000 യുഎസ് ഡോളർ വരെയോ അതിന് തുല്യമായ വിദേശ കറൻസിയോ കസ്റ്റംസ് അനുവാദമില്ലാതെ രാജ്യത്തേക്ക് കൊണ്ടുവരാം. അതിൽ കൂടുതലുള്ള തുക നിർബന്ധമായും കസ്റ്റംസിനെ അറിയിക്കണം. അതേസമയം, 2016 നവംബർ ഒൻപതിന് മുൻപ് പുറത്തിറക്കിയ പഴയ 500 രൂപ, 1,000 രൂപ ഇന്ത്യൻ നോട്ടുകൾക്ക് നേപ്പാളിൽ ഇപ്പോഴും വിലക്ക് തുടരുമെന്നും നേപ്പാൾ രാഷ്ട്ര ബാങ്ക് വ്യക്തമാക്കി.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്