ന്യൂഡൽഹി: സൈബർ ആക്രമണത്തിനു പിന്നാലെ ഉപഭോക്താക്കൾക്ക് ജാഗ്രത നിർദേശവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വിവരങ്ങൾ ചോർന്നിട്ടുണ്ടാകാൻ സാധ്യതയുള്ള ഉപഭോക്താക്കൾക്ക് ഇമെയിൽ, വാട്സ്ആപ്പ് എന്നിവ വഴി വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ അക്കൗണ്ടിലെ പണം പൂർണമായും സുരക്ഷിതമാണെന്നും എസ്ബിഐ വ്യക്തമാക്കി.
എന്നാൽ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കുമ്പോൾ സുരക്ഷിതമായ മാർഗങ്ങൾ പിന്തുടരണമെന്നും ബാങ്ക് നിർദേശിച്ചു. ഒടിപി, പിൻ, പാസ്വേഡ് എന്നിവ ആരുമായും പങ്കുവെക്കരുതെന്നും സംശയാസ്പദമായ ഫോൺ കോളുകൾ, സന്ദേശങ്ങൾ, ഇമെയിലുകൾ എന്നിവയ്ക്കെതിരേ എപ്പോഴും ജാഗ്രത പാലിക്കണം എന്നുമാണ് എസ്ബിഐ നിർദേശിച്ചത്.
സൈബർ ആക്രമണത്തെ തുടർന്ന് എസ്ബിഐയിലെ 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളാണ് ഡാർക് വെബിൽ ചോർന്നത്. ചൊവ്വാഴ്ച സ്റ്റോക് എക്സ്ചേഞ്ച് ഫയലിങ്ങിലാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്. ഡാർക്ക് വെബിൽ ലഭ്യമായിരുന്ന ഏകദേശം 3.75 ലക്ഷം രേഖകളുടെ പ്രാഥമിക പരിശോധനയിൽ 3,897 ഉപഭോക്താക്കളുടെ സെൻസിറ്റീവ് വിവരങ്ങൾ കണ്ടെത്തിയതായി ബുധനാഴ്ച റെഗുലേറ്ററി ഫയലിങ്ങിൽ എസ്ബിഐ അറിയിച്ചു.
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ, ജനനത്തീയതി, പേര്, ലിംഗം, ഇമെയിൽ വിലാസം, താമസവിലാസം തുടങ്ങിയ വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ബ്രാൻഡ് വിവരങ്ങൾ, ഉപഭോക്തൃ തിരിച്ചറിയൽ വിവരങ്ങൾ, വായ്പാ രേഖകൾ എന്നിവയും പുറത്തായിട്ടുണ്ടെന്ന വിവരം വന്നിരുന്നു. പിന്നാലെയാണ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എസ്ബിഐ രംഗത്തെത്തിയത്.