UPI പത്ത് വർഷം തികച്ചു

 

Representative image

Business

യുപിഐക്ക് 10 വയസ്: ഇന്ത്യൻ ഡിജിറ്റൽ വിപ്ലവം ഇപ്പോൾ 11 രാജ്യങ്ങളിൽ

2016-17 സാമ്പത്തിക വർഷത്തിൽ 1.78 കോടിയായിരുന്ന വാർഷിക ഇടപാടുകളുടെ എണ്ണം 2025-26 സാമ്പത്തിക വർഷത്തിൽ 24,162 കോടിയായി ഉയർന്നു

Business Desk

ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച യുണൈറ്റഡ് പേയ്‌മെന്‍റ്സ് ഇന്‍റർഫേസ് (UPI) വിജയകരമായ 10 വർഷങ്ങൾ പൂർത്തിയാക്കുന്നു. 2016 ഓഗസ്റ്റ് 25-നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) മേൽനോട്ടത്തിൽ നാഷണൽ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) യുപിഐ സേവനത്തിന് തുടക്കമിട്ടത്.

ഒരു ദശാബ്ദം പിന്നിടുമ്പോൾ, കേവലം ഇന്ത്യയിൽ മാത്രം ഒതുങ്ങാതെ ആഗോളതലത്തിലേക്ക് വളർന്നിരിക്കുകയാണ് ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം. ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം യുപിഐ കൈവരിച്ചത് വൻ മുന്നേറ്റമാണ്. 2016-17 സാമ്പത്തിക വർഷത്തിൽ 1.78 കോടിയായിരുന്ന വാർഷിക ഇടപാടുകളുടെ എണ്ണം 2025-26 സാമ്പത്തിക വർഷത്തിൽ 24,162 കോടിയായി ഉയർന്നു (ഏകദേശം 13,000 മടങ്ങ് വർധന).

ഇടപാടുകളുടെ മൂല്യം 2016-17-ൽ 0.07 ലക്ഷം കോടി രൂപയായിരുന്നത് 2025-26-ൽ 314 ലക്ഷം കോടി രൂപയായി വർധിച്ചു (4,000 മടങ്ങ് വർധന). തെരുവ് കച്ചവടക്കാർ മുതൽ വൻകിട മാളുകൾ വരെ ഒരു ക്യൂആർ (QR) കോഡിലൂടെ പണമിടപാട് നടത്താൻ പ്രാപ്തമാക്കിയതോടെ രാജ്യത്തെ ഏറ്റവും ജനപ്രിയമായ പണമിടപാട് രീതിയായി യുപിഐ മാറി.

യുപിഐ ഉപയോഗിക്കാവുന്ന 11 വിദേശ രാജ്യങ്ങൾ

ഇന്ത്യൻ വിനോദസഞ്ചാരികൾക്കും പ്രവാസികൾക്കും ആശ്വാസമേകി വിദേശ രാജ്യങ്ങളിലും യുപിഐ അധിഷ്ഠിത പേയ്‌മെന്‍റുകൾ ഇപ്പോൾ ലഭ്യമാണ്. താഴെ പറയുന്ന 11 രാജ്യങ്ങളിലാണ് നിലവിൽ യുപിഐ സേവനം പ്രവർത്തിക്കുന്നത്:

  1. ഭൂട്ടാൻ

  2. കംബോഡിയ

  3. ഫ്രാൻസ്

  4. ഗ്രീസ്

  5. മൗറീഷ്യസ്

  6. മാലദ്വീപ്

  7. നേപ്പാൾ

  8. ഖത്തർ

  9. സിംഗപ്പുർ

  10. ശ്രീലങ്ക

  11. യുഎഇ

"ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷം": പ്രധാനമന്ത്രി

യുപിഐയുടെ പത്താം വാർഷിക വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന്‍റെ വിജയകരമായ യാത്രയെ അനുസ്മരിച്ചു. ഡിജിറ്റൽ പേയ്‌മെന്‍റ് രംഗത്ത് രാജ്യം കൈവരിച്ച ഈ നാഴികക്കല്ലിൽ ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാമെന്ന് അദ്ദേഹം എക്‌സിൽ (X) കുറിച്ചു. ജനങ്ങളോട് തങ്ങളുടെ ദിവസേനയുള്ള യുപിഐ അനുഭവങ്ങൾ പങ്കുവയ്ക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

ശ്രീലങ്കൻ ബാറ്റർമാരെ പ്രതിരോധത്തിലാക്കി പ്രസിദ്ധ് കൃഷ്ണ; രണ്ടാം ടെസ്റ്റിൽ ഇന്ത‍്യ പിടിമുറുക്കുന്നു

അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന വിദ‍്യാർഥികൾക്ക് നിർബന്ധിത ഗർഭ പരിശോധന; ഫഡ്നാവിസിന് കത്തെഴുതിയ രാഹുൽ ഗാന്ധിക്കെതിരേ ബിജെപി

പ്രിയദർശിനി ബസുകൾക്കെതിരേ ആക്രമണം; ചില്ലുകൾ തകർത്ത് അജ്ഞാതർ

നവംബർ 30 വരെ നടപടി സ്വീകരിക്കരുത്; അഭിഷേക് ബാനർജിക്കെതിരായ ക്രമിനൽ കേസുകളിൽ പൊലീസിനോട് ഹൈക്കോടതി

ഓൺലൈൻ നോവൽ വായിച്ചാൽ പണം തരും; തട്ടിപ്പിൽ വീണത് നിരവധി പേർ, 12 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടു