പുതിയ തൊഴിൽ നിയമങ്ങൾ; അറിയേണ്ടതെല്ലാം
ഇന്ത്യയിലെ തൊഴിലാളികളുടെ ശമ്പള ഘടനയിലും, പ്രൊവിഡന്‍റ് ഫണ്ട് (പിഎഫ്), ഗ്രാറ്റുവിറ്റി എന്നിവയുടെ കണക്കുകൂട്ടലുകളിലും വലിയ മാറ്റങ്ങൾ വരുത്തുന്ന നാല് പുതിയ തൊഴിൽ നിയമങ്ങൾ (Labour Codes) കേന്ദ്ര സർക്കാർ നടപ്പാക്കുന്നു. ഈ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ ജീവനക്കാർക്ക് ദീർഘകാല സുരക്ഷ വർധിക്കുമെങ്കിലും, ഓരോ മാസവും കൈയിൽ കിട്ടുന്ന ശമ്പളത്തിൽ (Take-home salary) കുറവുണ്ടാകാൻ സാധ്യതയുണ്ട്.
പുതിയ തൊഴിൽ നിയമങ്ങൾ തൊഴിലാളികളുടെ ദീർഘകാല സാമ്പത്തിക സുരക്ഷ ഉറപ്പാക്കുമ്പോൾ തന്നെ, കമ്പനികൾക്ക് അവരുടെ ശമ്പള ഘടന ഉടച്ചുവാർക്കേണ്ടിവരും. ഇത് അക്കൗണ്ടിങ് വിഭാഗങ്ങളെയും എച്ച്ആർ വിഭാഗങ്ങളെയും സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. വിശദമായി അറിയാം:
29 കേന്ദ്ര തൊഴിൽ നിയമങ്ങളെ ഏകീകരിച്ച് നാല് ലേബർ കോഡുകളായാണ് സർക്കാർ രൂപീകരിച്ചിരിക്കുന്നത്.
വേതന കോഡ് (Code on Wages, 2019)
വ്യാവസായിക ബന്ധ കോഡ് (Industrial Relations Code, 2020)
സാമൂഹിക സുരക്ഷാ കോഡ് (Code on Social Security, 2020)
തൊഴിൽ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യങ്ങൾ കോഡ് (OSHWC Code, 2020)
ഈ കോഡുകൾ 2025 നവംബർ 21 മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ നിയമങ്ങളുടെ പ്രധാന കാതൽ 'വേതനം' (Wages) എന്നതിന്‍റെ നിർവചനത്തിൽ വരുത്തിയ മാറ്റമാണ്. നേരത്തെ, പല കമ്പനികളും ജീവനക്കാർക്കുള്ള പിഎഫ്, ഗ്രാറ്റുവിറ്റി ബാധ്യതകൾ കുറയ്ക്കുന്നതിനായി അടിസ്ഥാന ശമ്പളം (Basic Salary) മനഃപൂർവം കുറച്ച് അലവൻസുകൾ (Allowances) വർധിപ്പിക്കുകയായിരുന്നു പതിവ്. ഇതു തടയാനാണ് പുതിയ പരിഷ്കരണം.
ഒരു ജീവനക്കാരന്‍റെ മൊത്തം കോസ്റ്റ് ടു കമ്പനിയുടെ (CTC) യുടെ 50% എങ്കിലും അടിസ്ഥാന ശമ്പളം, ക്ഷാമബത്ത (Dearness Allowance), റീറ്റൈനിങ് അലവൻസ് എന്നിവ ഉൾപ്പെടുന്ന 'വേതനം' ആയിരിക്കണം.
ഇതിൽ കുറവാണെങ്കിൽ, കുറവുള്ള തുകകൂടി അടിസ്ഥാന വേതനത്തിൽ ഉൾപ്പെടുത്തി വേണം പി.എഫ്., ഗ്രാറ്റുവിറ്റി വിഹിതങ്ങൾ കണക്കാക്കാൻ.
ഹൗസ് റെന്‍റ് അലവൻസ് (HRA), കൺവേയൻസ് അലവൻസ് തുടങ്ങിയ മറ്റ് അലവൻസുകൾ സി.ടി.സി.യുടെ 50% കവിയാൻ പാടില്ല.
പിഎഫ് വിഹിതം കണക്കാക്കുന്നത് അടിസ്ഥാന ശമ്പളത്തിന്‍റെ അടിസ്ഥാനത്തിലാണ്. പുതിയ നിയമപ്രകാരം അടിസ്ഥാന ശമ്പളം (വേതനം) സിടിസിയുടെ 50% ആയി നിജപ്പെടുത്തുമ്പോൾ, പലരുടെയും പിഎഫ് വിഹിതം വർധിക്കും.
നിലവിൽ പിഎഫ് വിഹിതം സാധാരണയായി അടിസ്ഥാന ശമ്പളത്തിന്‍റെ 12% ആണ്. അടിസ്ഥാന ശമ്പളം വർധിക്കുമ്പോൾ, അതിനനുസരിച്ച് ജീവനക്കാരന്‍റെ വിഹിതവും (12%) തൊഴിലുടമയുടെ വിഹിതവും (12%) വർധിക്കും.
മൊത്തം സിടിസിയിൽ മാറ്റമില്ലാത്തതിനാൽ, ഈ വർധിച്ച വിഹിതം ജീവനക്കാരന്‍റെ അലവൻസുകളിൽ (കൈയിൽ കിട്ടുന്ന തുക) നിന്നായിരിക്കും കുറയുന്നത്. ഫലത്തിൽ, ഓരോ മാസവും കൈയിൽ കിട്ടുന്ന പണം (ടേക്ക്-ഹോം സാലറി) കുറയും.
പുതിയ കോഡുകൾ ജീവനക്കാർക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വർധിച്ച പിഎഫ് വിഹിതം: ഉയർന്ന അടിസ്ഥാന ശമ്പളത്തിന് അനുസരിച്ചുള്ള പിഎഫ് വിഹിതം ജീവനക്കാരുടെ വിരമിക്കൽ സമയത്തെ സമ്പാദ്യം വർധിക്കാൻ സഹായിക്കും.
ഉയർന്ന ഗ്രാറ്റുവിറ്റി: ഗ്രാറ്റുവിറ്റി കണക്കാക്കുന്നത് വേതനം എന്ന പുതിയ നിർവചന പ്രകാരമാകും. 'വേതനം' സിടിസിയുടെ 50% എങ്കിലും ആകുമ്പോൾ, ഗ്രാറ്റുവിറ്റി തുക ഗണ്യമായി വർധിക്കും.
സ്ഥിരകാല ജീവനക്കാർക്ക് (Fixed-term employees) ഗ്രാറ്റുവിറ്റി: അഞ്ച് വർഷം തുടർച്ചയായി സേവനം ചെയ്തവർക്കു മാത്രം ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടായിരുന്ന സ്ഥാനത്ത്, പുതിയ നിയമപ്രകാരം ഒരു വർഷം തുടർച്ചയായി സേവനം ചെയ്യുന്ന സ്ഥിരകാല ജീവനക്കാർക്കും ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടാകും.
മിനിമം വേതനം: സംഘടിത മേഖലയിലും അസംഘടിത മേഖലയിലുമുള്ള എല്ലാ തൊഴിലാളികൾക്കും ഏകീകൃത മിനിമം വേതനം നിർബന്ധമാക്കും. രാജ്യത്ത് ഒരു സംസ്ഥാനത്തിനും നിശ്ചിത ഫ്ളോർ വേജിന് (Statutory floor wage) താഴെ വേതനം നിശ്ചയിക്കാൻ സാധിക്കില്ല.
ഓവർടൈം: സാധാരണ നിരക്കിന്‍റെ ഇരട്ടി വേതനം ഓവർടൈമിന് നൽകണം.
ലൈംഗിക സമത്വം: നിയമനത്തിലോ വേതനത്തിലോ തൊഴിൽപരമായ കാര്യങ്ങളിലോ ലിംഗപരമായ വിവേചനം പാടില്ല.
ജോലി സമയം: നിലവിലുള്ള നിയമപ്രകാരം ഒരു ദിവസം 8 മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറുമാണ് പരമാവധി തൊഴിൽ സമയം. ഇതു മാറ്റമില്ലാതെ തുടരും. എന്നിരുന്നാലും, പരസ്പര ധാരണയോടെ ആഴ്ചയിലെ തൊഴിൽ ദിവസങ്ങളുടെ എണ്ണത്തിൽ മാറ്റം അനുവദിക്കുന്നു.
ഗതാഗത തൊഴിലാളികളുടെ സാമൂഹിക സുരക്ഷ: 'ഗിഗ്' (Gig) തൊഴിലാളികൾക്കും 'പ്ലാറ്റ്‌ഫോം' തൊഴിലാളികൾക്കും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി കമ്പനികളുടെ വാർഷിക വിറ്റുവരവിന്‍റെ (Annual Turnover) 1-2% സംഭാവനയായി നൽകണമെന്ന് കോഡുകൾ അനുശാസിക്കുന്നു.