Recruitments down in IT sector 
Career

ഐടി കമ്പനികൾ പ്രതിസന്ധിയിൽ; റിക്രൂട്ട്മെന്‍റുകൾ കുറഞ്ഞു

രാജ്യത്തെ മുന്‍നിര ഐഐടികളിൽ ക്യാംപസ് റിക്രൂട്ട്മെന്‍റുകളും മന്ദഗതിയിലാണ്

ബിസിനസ് ലേഖകൻ

കൊച്ചി: ആഗോള മാന്ദ്യത്തെത്തുടർന്ന് ഐടി കമ്പനികള്‍ കടുത്ത പ്രതിസന്ധി നേരിടുന്നതിനാല്‍ ഇന്ത്യയിലെ മുന്‍നിര ക്യാംപസുകളില്‍ ഉള്‍പ്പെടെ റിക്രൂട്ട്മെന്‍റില്‍ വലിയ ഇടിവ് നേരിടുന്നു. അമെരിക്ക, യൂറോപ്പ്, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ മുന്‍നിര കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഉയര്‍ന്ന പലിശ നിരക്ക് കാരണം തിരിച്ചടി നേരിടുന്നതാണ് ഇന്ത്യയിലെ ഐടി കമ്പനികള്‍ റിക്രൂട്ട്മെന്‍റ് മന്ദഗതിയിലാക്കാന്‍ കാരണം.

രാജ്യത്തെ അഭിമാനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജികള്‍ ഉള്‍പ്പെടെയുള്ള മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുന്‍വര്‍ഷത്തേക്കാള്‍ 40% വരെ കുറവാണ് റിക്രൂട്ട്മെന്‍റിലുണ്ടായത്. കേരളത്തിലെ പല എന്‍ജിനീയറിങ് കോളെജുകളിലും ഇത്തവണ മുന്‍നിര കമ്പനികള്‍ റിക്രൂട്ട്മെന്‍റ് നടത്തിയില്ലെന്ന് വിദ്യാഭ്യാസ മേഖലയിലുള്ളവര്‍ പറയുന്നു. മാനെജ്മെന്‍റ്, അക്കൗണ്ടന്‍സി, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലാണ് ചെറിയ തോതിലെങ്കിലും പുതിയ ജോലികള്‍ ലഭ്യമായിട്ടുള്ളത്.

രാജ്യത്തെ മുന്‍നിര ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജികളില്‍ (ഐഐടി) ക്യാംപസ് റിക്രൂട്ട്മെന്‍റ് മന്ദഗതിയിലാണ്. പ്ലേസ്മെന്‍റ് സീസണ്‍ തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും റിക്രൂട്ട്മെന്‍റിലും ശമ്പളത്തിലും മുമ്പൊരിക്കലുമില്ലാത്ത ഇടിവാണ് ദൃശ്യമാകുന്നത്. മിടുക്കരായവര്‍ക്ക് പോലും ഇത്തവണ കുറഞ്ഞ ശമ്പളത്തില്‍ പാക്കെജ് സ്വീകരിക്കേണ്ട സാഹചര്യമാണ്.

മുന്‍വര്‍ഷത്തേക്കാള്‍ ശമ്പളത്തില്‍ പത്ത് മുതല്‍ ആറ് ലക്ഷം രൂപയുടെ കുറവാണ് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ എട്ടു മുതല്‍ പത്ത് വരെ വിദ്യാർഥികള്‍ക്ക് ജോലി ഓഫര്‍ നല്‍കിയ സ്ഥാപനങ്ങള്‍ പലതും ഇത്തവണ രണ്ടും മൂന്നും പേരെയാണ് എടുത്തത്. ഇത്തവണ റിക്രൂട്ട്മെന്‍റ് പൂര്‍ണമായും മരവിപ്പിച്ച കമ്പനികളും ഏറെയാണെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.

പുതുവഴികള്‍ തേടി ഐഐടികള്‍ വിദ്യാർഥികള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി പൊതുമേഖലാ കമ്പനികള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍, എച്ച് ആര്‍ പോര്‍ട്ടലുകള്‍ എന്നിവയുമായി സഹകരിക്കാനും ഐഐടികളിലെ പ്ലേസ്മെന്‍റ് വിഭാഗങ്ങള്‍ ശ്രമം ശക്തമാക്കി. ന്യൂഡല്‍ഹി ഐഐടിയിലെ ഓഫിസ് ഒഫ് കരിയര്‍ സര്‍വീസസില്‍ രജിസ്റ്റര്‍ ചെയ്ത 1,814 വിദ്യാർഥികളില്‍ 40% പേര്‍ക്ക് മാത്രമാണ് ഏപ്രില്‍ രണ്ടാം വാരം കഴിയുമ്പോഴും നിയമനം ലഭിച്ചിട്ടുള്ളത്. ആഗോള മാന്ദ്യം ശക്തമായതിനാല്‍ വിദ്യാർഥികള്‍ക്ക് ഇത്തവണ പ്രതീക്ഷിച്ച നിയമനങ്ങള്‍ ലഭിച്ചിട്ടില്ല.

പുലികളി സംഘങ്ങൾക്ക് ധനസഹായം; സർക്കാർ‌ ഉത്തരവായി

കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ കൂടി വധിച്ചു, പരുക്കേറ്റ ജവാന്‍റെ നില ഗുരുതരം

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിൽ നിന്ന് ബിജെഡി വിട്ടുനിൽക്കും

അർജിത് സിങ് പാടുന്നതിനിടെ പരിപാടി അവസാനിപ്പിച്ച് സംഘാടകർ; അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ

ജറുസലേമിൽ വെടിവയ്പ്പ്; 5 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്