മേളയ്ക്കു മുന്നോടിയായുള്ള സ്വർണക്കപ്പ് ഘോഷയാത്രയും ദീപശിഖാ പ്രയാണവും നാളെ കോഴിക്കോട് ബീച്ചിൽ

 
Editorial

മിന്നിത്തിളങ്ങട്ടെ, കൗമാര താരങ്ങൾ

മേളയ്ക്കു മുന്നോടിയായുള്ള സ്വർണക്കപ്പ് ഘോഷയാത്രയും ദീപശിഖാ പ്രയാണവും നാളെ കോഴിക്കോട് ബീച്ചിൽ

Reena Varghese

കായിക കേരളത്തിന്‍റെ ശ്രദ്ധ കോഴിക്കോട്ടേക്കു തിരിയുകയായി. അറുപത്തെട്ടാമത് സംസ്ഥാന സ്‌കൂൾ കായിക മേള നാളെ മുതൽ 31 വരെ അവിടെ നടക്കുകയാണ്. പത്തു വേദികളിലായി അരങ്ങേറുന്ന കായിക മേളയിൽ പതിനായിരത്തോളം കായിക താരങ്ങൾ പങ്കെടുക്കുന്നുണ്ട്. ഒഫീഷ്യൽസും പരിശീലകരും സംഘാടകരുമെല്ലാം അടക്കം പതിനയ്യായിരത്തോളം പേരാണു മേളയുടെ ഭാഗമാവുന്നത്. ഗൾഫ് മേഖലയിൽ നിന്ന് 48 വിദ്യാർഥികൾ മാറ്റുരയ്ക്കുന്നുണ്ട്. മത്സരങ്ങൾ നിയന്ത്രിക്കുന്നതിന് അറുനൂറിലേറെ ഒഫീഷ്യൽസാണു നിയോഗിക്കപ്പെട്ടിരിക്കുന്നത്. സെലക്റ്റർമാരും ടെക്നിക്കൽ ഒഫീഷ്യൽസും വേറെയുമുണ്ട്. 50 സ്കൂളുകളിലായാണു താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഭക്ഷണ വിതരണത്തിനും വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 27 മുതൽ 31 വരെ കോഴിക്കോട് എൻഐടിയിലെ പുതിയ സിന്തറ്റിക് ട്രാക്കിലാണ് അത്‌ലറ്റിക്‌സ് മത്സരങ്ങൾ നടക്കുന്നത്. ‌സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിലായി 2800 കായിക താരങ്ങൾ ട്രാക്കിലും ഫീൽഡിലുമായി അണിനിരക്കും.

എൻഐടി കൂടാതെ ദേവഗിരി സെന്‍റ് ജോസഫ്‌സ് കോളെജ്, ചേവായൂർ പ്രസന്‍റേഷൻ എച്ച്എസ്എസ്, സിൽവർ ഹിൽസ് എച്ച്എസ്, കുന്നമംഗലം എച്ച്എസ്എസ്, കൊടിയത്തൂർ പിടിഎം എച്ച്എസ്എസ്, വാദി റഹ്‌മാ ഇംഗ്ലിഷ് സ്‌കൂൾ, ചാത്തമംഗലം ആർഇസി ജിവിഎച്ച്എസ്എസ്, പെരുവയൽ സെന്‍റ് സേവിയേഴ്‌സ് യുപി സ്‌കൂൾ എന്നിവിടങ്ങളിലെല്ലാം മത്സരങ്ങളുണ്ട്. മേളയുടെ വിജയകരമായ നടത്തിപ്പിനായി 17 സബ് കമ്മിറ്റികളാണു പ്രവർത്തിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കായിക മേള എത്ര വിപുലമായ രീതിയിലാണു കേരളം എല്ലാവർഷവും സംഘടിപ്പിക്കുന്നത് എന്നു പരിശോധിക്കുന്നതു തന്നെ അഭിമാനകരമാണ്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ അടങ്ങുന്ന ഇൻക്ലൂസിവ് കായിക മേളയും ഇതോടൊപ്പം നടക്കുന്നുണ്ട്. രണ്ടായിരത്തിലധികം താരങ്ങൾ ഇതിൽ പങ്കെടുക്കുന്നു. ഭിന്നശേഷിയുള്ള വിദ്യാർഥികളെ മറ്റുള്ളവരോടൊപ്പം ചേർത്തുനിർത്തി അവരുടെ കഴിവുകളെ വളർത്താനുള്ള അവസരമുണ്ടാക്കുന്നത് എടുത്തുപറയേണ്ട കാര്യമാണ്.

മേളയ്ക്കു മുന്നോടിയായുള്ള സ്വർണക്കപ്പ് ഘോഷയാത്രയും ദീപശിഖാ പ്രയാണവും നാളെ കോഴിക്കോട് ബീച്ചിൽ സംഗമിക്കും. തുടർന്ന് ഈ ഘോഷയാത്രകൾ കായിക മേളയുടെ പ്രധാന വേദിയിലേക്കു നീങ്ങും. ഉദ്ഘാടനച്ചടങ്ങിൽ 4,000 കായിക താരങ്ങൾ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റും മൂവായിരം കുട്ടികൾ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികളും ഉണ്ടാകും. മുഖ്യമന്ത്രി വി.ഡി. സതീശനാണു മേള ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും അഭിമാനമായ ഒളിംപ്യൻ പി.ടി. ഉഷയാണു ദീപശിഖ തെ‍ളിയിക്കുക. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്‍റും മേളയുടെ ബ്രാൻഡ് അംബാസഡറുമാണ് എംപി കൂടിയായ ഉഷ. മുഴുവൻ മത്സരാർഥികൾക്കും എല്ലാവിധ പ്രോത്സാഹനവും നൽകാനും വേണ്ട സഹായങ്ങൾ ലഭ്യമാക്കാനും സംഘാടകർക്കു കഴിയട്ടെ.

അത്‌ലറ്റിക്സ് അടക്കം പല കായിക ഇനങ്ങളിലും ഒരുകാലത്ത് കേരളത്തിനുണ്ടായിരുന്ന ആധിപത്യം ഇന്നില്ല എന്നതു വാസ്തവമാണ്. അത്‌ലറ്റിക്സിന്‍റെ അക്ഷയഖനി എന്ന വിശേഷണം അക്ഷരാർഥത്തിൽ യോജിക്കുന്ന നാടായിരുന്നു നമ്മുടേത്. എന്നാൽ, മറ്റു പല സംസ്ഥാനങ്ങളും കായിക രംഗത്തു മികവിലേക്കു കയറിവന്നപ്പോൾ കേരളം പുറകോട്ടടിക്കുകയാണുണ്ടായത്. പല മീറ്റുകളിലും കേരളം പുറകിൽ പോകുന്നു. കഴിവുള്ള നിരവധി കുട്ടികൾ നമുക്കുണ്ട്. എന്നാൽ, അവർക്കു വേണ്ട പരിശീലനം നൽകാനോ മറ്റു സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാനോ കഴിയുന്നില്ല എന്നതാണു പ്രധാന പ്രശ്നം. പരിശീലനത്തിന് ആവശ്യമായ നല്ല മൈതാനങ്ങളുടെയും ട്രാക്കുകളുടെയും അഭാവം അടക്കം വിഷയങ്ങളുണ്ട്. അതൊന്നും പരിഹരിക്കാൻ കായിക മേഖലയുമായി ബന്ധപ്പെട്ട സംവിധാനങ്ങൾക്കു സാധിക്കുന്നില്ല. സ്കൂൾ കായിക മേളകൾ ഒരുവിധം നടത്തിക്കൊണ്ടുപോകുന്നു എന്നതു കൊണ്ടു മാത്രം കേരളത്തിലെ കായിക രംഗത്ത് അത്ഭുതങ്ങൾ സംഭവിക്കില്ല. അപ്പോഴും കായിക പ്രതിഭയുള്ള കുട്ടികളെ കണ്ടെത്തുന്നതിലും അവർക്കു പ്രോത്സാഹനം നൽകുന്നതിലും ഒരു പ്രധാന ചുവടായി ഇതിനെ കാണാവുന്നതാണ്.

വളർന്നു വരുന്ന താരങ്ങൾക്കു പരമാവധി നല്ല അവസരങ്ങൾ ഒരുക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തിൽ വേണം സ്കൂൾ തലത്തിലെയും കോളെജ് തലത്തിലെയും കായിക മേളകളെ കാണാൻ. നല്ല നിലയിൽ നടത്തിയിരുന്ന സ്കൂൾ കായിക മേളകളാണ് നമുക്ക് ഇത്രയേറെ മികച്ച താരങ്ങളെ കാണിച്ചു തന്നത് എന്നതും മറക്കേണ്ടതില്ല. ‌സ്കൂൾ തലത്തിൽ നിന്നു വരുന്ന മിടുക്കരായ കുട്ടികൾക്കു വളർന്നുവരാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതടക്കം കാര്യങ്ങളിൽ വീഴ്ചകൾ സംഭവിക്കുന്നുണ്ട്.

ഒളിംപിക്സ് മാതൃകയിലുള്ളതാണ് ഇപ്പോഴത്തെ സ്കൂൾ കായിക മേള. ഈ മാതൃക വന്നതോടെ പല വേദികളിലായി അത്‌ലറ്റിക്സും ഗെയിംസും ഒരേസമയത്തു നടക്കുകയാണ്. ഒളിംപിക്സ് ആശയങ്ങളിലേക്ക് സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്നത് അവരിൽ കായിക രംഗത്തോടുള്ള താത്പര്യം വർധിപ്പിക്കുന്നതിനു സഹായിക്കുമെങ്കിൽ അത്രയും നല്ലത്.