.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

റോഡ് നിയമങ്ങൾ പാലിക്കാനുള്ളതാണ്

 

file photo

Editorial

റോഡ് നിയമങ്ങൾ പാലിക്കാനുള്ളതാണ്

സംസ്ഥാനത്തു വർധിച്ചുവരുന്ന റോഡപകടങ്ങൾക്കു പിന്നിലുള്ള ഒരു പ്രധാന കാരണം റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കുന്നില്ല എന്നതു തന്നെയാണ്

MV Desk

സംസ്ഥാനത്തു വർധിച്ചുവരുന്ന റോഡപകടങ്ങൾക്കു പിന്നിലുള്ള ഒരു പ്രധാന കാരണം റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കുന്നില്ല എന്നതു തന്നെയാണ്. ഓരോ ദിവസവും വരുന്ന അപകട വാർത്തകൾ വിഷയത്തിന്‍റെ ഗൗരവം ഓർമിപ്പിക്കുന്നതാണ്. പക്ഷേ, വാഹനവുമായി പുറത്തിറങ്ങുമ്പോൾ പലരും അതു മറക്കുന്നു. അതുവഴി സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ സംസ്ഥാനത്തു നടന്നിട്ടുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനു ക്യാമറകൾ സ്ഥാപിക്കുന്നതടക്കം നടപടികൾ സർക്കാർ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനു നിർമിത ബുദ്ധിയുടെ സഹായം വരെ ഇപ്പോൾ ഉപയോഗപ്പെടുത്തുന്നുണ്ട്. കനത്ത പിഴ ശിക്ഷ പോലുള്ള നടപടികളുണ്ട്. പക്ഷേ, അപകടങ്ങൾക്കൊരു കുറവുമില്ല. വാഹനപ്പെരുപ്പവും റോഡിലെ പ്രശ്നങ്ങളും എല്ലാം അപകടസാധ്യതയുണ്ടാക്കുന്നുണ്ടെങ്കിലും നിയമലംഘനങ്ങളുടെ പങ്ക് അവഗണിക്കാനാവില്ല. അതുകൊണ്ടു തന്നെ റോഡിൽ അച്ചടക്കം പാലിക്കാത്തവർക്കെതിരേ കർശന നടപടിയെടുക്കേണ്ടതുണ്ട്.

അപകടങ്ങളിൽ നല്ലൊരു പങ്കും വരുത്തിവയ്ക്കുന്നത് ഇരുചക്ര വാഹനങ്ങളാണ്. ഇരുചക്ര വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമാകുന്നവരിൽ പലരും അപകട സമയത്ത് ഹെൽമറ്റ് ധരിക്കാത്തവരാണെന്നു നേരത്തേ കണ്ടെത്തിയിട്ടുള്ളതുമാണ്. തലയ്ക്കു മാരകമായ പരുക്കുകൾ സംഭവിക്കാതെ സംരക്ഷിക്കുന്ന ഹെൽമറ്റ് നിയമപരമായ നിർബന്ധം കൊണ്ടല്ല സ്വന്തം സുരക്ഷയെ കരുതി ഉപയോഗിക്കേണ്ടതാണ്. പക്ഷേ, വർഷങ്ങളായി ഇതേക്കുറിച്ചു ബോധവത്കരണ പ്രവർത്തനങ്ങൾ നടന്നിട്ടും പലരും അതിനു വേണ്ടത്ര ഗൗരവം നൽകുന്നില്ല. അതുകൊണ്ടു തന്നെ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരെ ഹെൽമറ്റ് ധരിക്കുന്നതടക്കം അച്ചടക്കത്തിലേക്കു കൊണ്ടുവരുന്നതു നിരത്തുകൾ സുരക്ഷിതമാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. ഇതിന്‍റെ ഭാഗമായാണ് "ഹെല്‍മറ്റ് ഓണ്‍- സേഫ് റൈഡ്' പോലുള്ള വാഹന പരിശോധനകൾ നടത്തുന്നതും.

പൊലീസിന്‍റെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനെജ്‌മെന്‍റ് വിഭാഗം ഒരാഴ്ചക്കാലം നടത്തിയ റോഡ് പരിശോധനയുടെ ഫലം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അതനുസരിച്ച് ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിച്ചതിനു സംസ്ഥാന വ്യാപകമായി കണ്ടെത്തിയത് 51,604 നിയമലംഘനങ്ങളാണ്. 1,13,011 ഇരുചക്ര വാഹനങ്ങൾ പരിശോധിച്ചപ്പോഴാണിത്. അതായത് പരിശോധിച്ചതിന്‍റെ ഏതാണ്ടു പകുതിയോളം ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിച്ചിരുന്നവരും ഹെൽമറ്റ് ധരിച്ചിരുന്നില്ല എന്നർഥം. നിയമലംഘകരിൽ നിന്ന് സർക്കാരിന് 2.70 കോടിയിലേറെ രൂപ പിഴയായി ലഭിച്ചത് ഖജനാവിനു നല്ലതാണ്. ഇത്തരത്തിൽ എത്രയോ പണം പിഴ ശിക്ഷയായി ഈടാക്കുന്നുണ്ട്. അതിനു ശേഷവും ഹെൽമറ്റ് ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകത പലർക്കും ബോധ്യപ്പെടുന്നില്ല.

2024ൽ സംസ്ഥാനത്ത് 48,919 വാഹനാപകടങ്ങളുണ്ടായി എന്നാണു കണക്ക്. അതിൽ 3,875 പേരാണു മരിച്ചത്. 54,743 പേർക്ക് പരുക്കേറ്റു. കഴിഞ്ഞ വർഷം വാഹനാപകടങ്ങൾ 49,889 ആയി ഉയർന്നിട്ടുണ്ട്. മരണസംഖ്യ 3,733. പരുക്കേറ്റത് 56,922 പേർക്കാണ്. ഈ വർഷത്തെ ആദ്യ മാസങ്ങളിലും നിരവധി വാഹനാപകടങ്ങൾ സംഭവിച്ചു കഴിഞ്ഞു. 2024ൽ 1,450 പേരും 2025ൽ 1,345 പേരുമാണ് ഇരുചക്ര വാഹനാപകടങ്ങളിൽ മരിച്ചത്. മൊത്തം അപകട മരണങ്ങളിൽ നല്ലൊരു പങ്ക് ഇരുചക്ര വാഹനങ്ങളുടെ അപകടങ്ങളിൽ നിന്നാണെന്ന് ഇതിൽ നിന്നു വ്യക്തം. സംസ്ഥാനത്തെ ഹൈവേ പട്രോളിങ് വിഭാഗങ്ങളോട് തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരന്തര പരിശോധന നടത്തുന്നതിനും നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുന്നതിനും നിർദേശിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നുണ്ട്. ഗതാഗത നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 974700 1099 എന്ന "ശുഭയാത്ര' വാട്ട്‌സാപ്പ് നമ്പരില്‍ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനെജ്‌മെന്‍റ് വിഭാഗത്തെ അറിയിക്കാൻ ജനങ്ങളോടും അധികൃതർ നിർദേശിക്കുന്നുണ്ട്.

രാജ്യത്തുടനീളം റോഡ് സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിന് സുപ്രീം കോടതി ചില സുപ്രധാന നിർദേശങ്ങൾ പുറപ്പെടുവിച്ചത് ഏതാനും മാസം മുൻപാണ്. ഇരുചക്ര വാഹന യാത്രക്കാരുടെ ഹെൽമറ്റ് ഉപയോഗം കർശനമായി നടപ്പിലാക്കണമെന്ന് അതിൽ പറയുന്നുണ്ട്. 2030 ആവുമ്പോഴേക്കും റോഡ് അപകടങ്ങൾ പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതാണ്.

മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്ത് ട്രാഫിക് നിയമ ലംഘനങ്ങൾക്കു കനത്ത പിഴ ഏർപ്പെടുത്തിയതും അപകടങ്ങൾ കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണ്. ഇത്തരത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നടപടികൾ പലതുണ്ടെങ്കിലും റോഡിൽ വാഹനവുമായി ഇറങ്ങുന്നവർ സ്വയം ശ്രദ്ധിക്കുകയാണ് അപകടങ്ങൾ കുറയ്ക്കാൻ ഏറ്റവും നല്ല മാർഗം.

12 ജില്ലകളിൽ യെലോ അലർട്ട്

ഒരു കടലിടുക്ക് കൂടി അടയ്ക്കാൻ ഇറാൻ

ഇറാൻ യുഎസിനു നൽകുന്നത് കനത്ത തിരിച്ചടി

എൻജിനീയറിങ് എൻട്രൻസ് മാറ്റണമെന്ന് ആവശ്യം

നഴ്സുമാർ വീണ്ടും സമരത്തിന്