പിഎസ് സി ചെയർമാൻ എംആർ ബൈജു
മുൻ സർക്കാരിന്റെ കാലത്തു നടന്ന പിഎസ്സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് കഴിഞ്ഞ ദിവസമുണ്ടായിരിക്കുന്നു. അതേസമയം തന്നെ പിഎസ്സി ചെയർമാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിനു മുൻപാകെ ചോദ്യം ചെയ്യലിനു ഹാജരാവുകയും ചെയ്തു. നേരത്തേ പിഎസ്സി അംഗങ്ങളെയും ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ടു കൂടുതൽ അറസ്റ്റുകൾ വൈകാതെയുണ്ടാവുമെന്ന സൂചന പൊലീസ് വൃത്തങ്ങളിൽ നിന്നു പുറത്തുവരുന്നുണ്ട്. സർക്കാരിനും പിഎസ്സിക്കും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നതിനു പിന്നാലെ കേസുമായി ബന്ധപ്പെട്ടുള്ള നടപടികൾക്കു ചൂടുപിടിച്ചിട്ടുണ്ട് എന്നുവേണം ഇതിൽ നിന്നു ധരിക്കാൻ. പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ഗവർണർ രാഷ്ട്രപതിയോടു ശുപാർശ ചെയ്ത അസാധാരണ സാഹചര്യവും ഇപ്പോൾ നിലവിലുണ്ടല്ലോ. കേരള ഗവർണർ സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുൻപ് രാജേന്ദ്ര ആർലേക്കറാണ് ഇത്തരമൊരു ശുപാർശ നൽകിയത്. കേരള ചരിത്രത്തിൽ ആദ്യമായാണ് ഗവർണറുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു നടപടിയുണ്ടാവുന്നത്. അതു വലിയ വിവാദത്തിനും കാരണമായിരുന്നു. സർക്കാർ അറിയാതെ ഗവർണർ ഇത്തരത്തിൽ നടപടി സ്വീകരിക്കാമോ എന്നതാണു വിവാദ വിഷയമായി ഉയർന്നുവന്നിട്ടുള്ളത്.
പൊലീസ് അന്വേഷണവും ഗവർണറുടെ നടപടിയും പിഎസ്സി ചെയർമാനും അംഗങ്ങളും തമ്മിലുള്ള ഭിന്നതയ്ക്കും കാരണമായിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ. ചെയര്‍മാന്റെ നിര്‍ദേശം തള്ളിക്കളഞ്ഞാണു കമ്മിഷന് അംഗങ്ങള്‍ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായതെന്നു പറയുന്നുണ്ട്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് ചെയര്‍മാന്റെ മാത്രം താത്പര്യ പ്രകാരമായിരുന്നുവത്രേ. എന്തായാലും ഹൈക്കോടതി രൂക്ഷ വിമർശനമാണ് പിഎസ്സിക്കും സർക്കാരിനും എതിരേ ഉന്നയിച്ചത്. ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടിൽ എന്തൊക്കെ സൂത്രം കാണിച്ചാലും സത്യം തെളിയുമെന്നു ക്രൈംബ്രാഞ്ച് അന്വേഷണം ചോദ്യം ചെയ്തുള്ള പിഎസ്സിയുടെ ഹര്‍ജി പരിഗണിക്കവേ കോടതി പറഞ്ഞു. പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണം എന്നാണ് സർക്കാരിനോടു കോടതി ചോദിച്ചത്. പിഎസ്സിയും സർക്കാരും ഭായ് ഭായ് കളിച്ചാൽ ജനങ്ങൾക്കു സംശയം തോന്നുമെന്നും കോടതി വിമർശിച്ചു.
കേസിൽ പ്രധാന പ്രതികളെ ചോദ്യം ചെയ്യാനും കസ്റ്റഡിയിലെടുക്കാനും എന്താണു തടസമെന്ന ഹൈക്കോടതിയുടെ ചോദ്യം ജനങ്ങളും ചോദിക്കുന്നതാണ്. അന്വേഷണവുമായി പിഎസ്സി സഹകരിക്കുന്നില്ലെന്നു സർക്കാർ അറിയിച്ചപ്പോൾ കൊലക്കേസിൽ പ്രതി സഹകരിച്ചില്ലെങ്കിൽ എന്താണു ചെയ്യാറുള്ളത് എന്നായിരുന്നു കോടതിയുടെ ചോദ്യം. കോടതിയിലെ നടപടികളെ ആയുധമായി ഉപയോഗിക്കുകയാണെന്നും കോടതി പറഞ്ഞാൽ ചെയ്യാമെന്ന നിലയിലാണു സർക്കാരെന്നും വിമർശനം ഉണ്ടായി. ഇതിനു പിന്നാലെയാണ് ഇപ്പോൾ നടപടികൾ ഊർജിതമായിരിക്കുന്നത്. കുറ്റക്കാരെ കണ്ടെത്തി ഉചിതമായ നടപടി സ്വീകരിക്കും വരെ ഇനിയും അന്വേഷണം ഇഴഞ്ഞുനീങ്ങാതെ നോക്കേണ്ടതുണ്ട്. യോഗ്യതയുള്ളവരെ പുറന്തള്ളി തങ്ങൾക്കു താത്പര്യമുള്ളവരെ തിരുകിക്കയറ്റാൻ പിഎസ്സിയിലെ ഉദ്യോഗസ്ഥർ ശ്രമിക്കുന്നു എന്നു വരുന്നത് ക്ഷമിക്കാനാവാത്ത അപരാധമാണ്. സർക്കാർ ജോലിയെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനു പരിശ്രമിക്കുന്ന ലക്ഷക്കണക്കിനു യുവാക്കളെ വഞ്ചിക്കുന്നവരോട് ഒരു തരത്തിലുള്ള മൃദുസമീപനവും സ്വീകരിക്കേണ്ടതില്ല.
ആസൂത്രണ ബോർഡിലെ ചീഫ് ലെവൽ തസ്തികകളിലേക്കുള്ള നിയമനങ്ങൾക്കു പിഎസ്സി നടത്തിയ പരീക്ഷയുടെ മൂല്യനിർണയത്തിൽ വലിയ വീഴ്ച സംഭവിച്ചുവെന്നതാണ് ഇപ്പോഴത്തെ കേസിന് ആധാരമായിട്ടുള്ളത്. 100 മാർക്കിനുള്ള പരീക്ഷയിൽ 58 മാർക്കിനുള്ള ഉത്തരങ്ങളും പിഎസ്സി പരിശോധിച്ചില്ല. 228 ഉദ്യോഗാർഥികളാണ് ഉണ്ടായിരുന്നത്. ഒമ്പതു മുതൽ 18 വരെയുള്ള ചോദ്യങ്ങളാണ് മൂല്യനിർണയം നടത്താതെ ഒഴിവാക്കിയത്. മൂല്യനിർണയത്തിൽ പരാതിയുള്ളവർ ഉത്തരക്കടലാസിന്റെ പകർപ്പിനായി അപേക്ഷ നൽകിയെങ്കിലും ഒരു വർഷത്തോളമെടുത്താണ് പിഎസ്സി അതു നൽകിയത്. ഉദ്യോഗാർഥികൾ ഉത്തരക്കടലാസിന്റെ പകർപ്പു പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ക്രമക്കേടു വെളിച്ചത്തുവന്നത്.
ഇതിനിടെ വിവാദ റാങ്ക് ലിസ്റ്റിൽ നിന്നു നിയമന ശുപാർശയും നൽകി. ഇടതുപക്ഷ സംഘടനയുടെ സജീവ പ്രവർത്തകനാണ് ഒന്നാം റാങ്കിൽ എത്തിയതത്രേ. ഒഴിവാക്കിയ 10 ചോദ്യങ്ങളുടെ ഉത്തരം പരിഗണിച്ചിരുന്നുവെങ്കിൽ റാങ്ക് പട്ടികയിൽ മാറ്റം വരുമായിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ റാങ്ക് പട്ടിക റദ്ദാക്കാനും പുനർമൂല്യ നിർണയം നടത്താനും പിഎസ്സി തീരുമാനിക്കുകയുണ്ടായി. ഒന്നേകാൽ ലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്യുന്ന ഉയർന്ന പദവികളിലേക്കാണു ക്രമക്കേട് ആരോപിക്കപ്പെടുന്ന പരീക്ഷ നടന്നത്.
ഇതിനു പുറമേ നിരവധി പരാതികൾ പിഎസ്സിയുമായി ബന്ധപ്പെട്ടു സർക്കാരിനു കിട്ടിയിട്ടുണ്ട് എന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം പരീക്ഷാ ക്രമക്കേടില്‍ രണ്ട് എഫ്ഐആറുകൾ കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ഖാദി ബോര്‍ഡിലെ വില്ലെജ് ഓയില്‍ ഇന്‍സ്പെക്റ്റര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ തുടങ്ങിയ പരീക്ഷകളിലാണു കേസെടുത്തിരിക്കുന്നത്. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്റ്റർ പരീക്ഷയിലും പരാതിയുണ്ട്. ഇത്തരം പരാതികളെല്ലാം സത്യസന്ധമായി അന്വേഷിക്കപ്പെടണം.