ലോക സിനിമയുടെ സംഗമ വേദിയാകാൻ ഗോവ

 
Editorial

ലോക സിനിമയുടെ സംഗമ വേദിയാകാൻ ഗോവ

137 രാജ്യങ്ങളിൽ നിന്നായി 1,900ലധികം സിനിമകളുടെ എൻട്രികളാണുള്ളത്

Reena Varghese

"സ്റ്റോറീസ് വിത്തൗട്ട് ബോർഡേഴ്സ് '' (അതിരുകളില്ലാത്ത കഥകൾ) എന്ന പ്രമേയത്തിലാണ് 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന ഇത്തവണത്തെ 57ാമത് ഇന്ത്യ അന്താരാഷ്‌ട്ര ചലച്ചിത്ര മേള. ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകരെയും സിനിമാ പ്രേമികളെയും സർഗാത്മക പ്രതിഭകളെയും ഒരുമിച്ചുകൊണ്ടുവരുന്ന വേദി. മേളയുടെ വർധിച്ചുവരുന്ന ആഗോള സ്വാധീനം പ്രതിഫലിപ്പിച്ച് 137 രാജ്യങ്ങളിൽ നിന്നായി 1,900ലധികം സിനിമകളുടെ എൻട്രികളാണുള്ളത്. 86 രാജ്യങ്ങളിൽ നിന്നുള്ള 150ലധികം സിനിമകൾ പ്രദർശിപ്പിക്കും. സാംസ്കാരിക വിനിമയത്തിനും വൈവിധ്യമാർന്ന കഥാവിഷ്കാരങ്ങൾക്കും മികച്ച ചലച്ചിത്ര അനുഭവങ്ങൾക്കുമുള്ള ഊർജസ്വലമായ വേദിയാകും ഈ മേള.

ഭൂമിശാസ്ത്രപരവും ഭാഷാപരവും സാംസ്കാരികവുമായ അതിരുകൾ മറികടക്കാൻ സിനിമയ്ക്ക് കഴിയും. വിവിധ ഭാഷകളിലും സംസ്കാരങ്ങളിലും സമൂഹങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ഇന്ത്യയുടെ സമ്പന്നമായ കഥ പറച്ചിൽ പാരമ്പര്യം വിപുലമാണ്. സാർവത്രികമായ മാനുഷിക വികാരങ്ങളിലൂടെയും കഥ പറച്ചിലിലൂടെയും പ്രേക്ഷകരെ പരസ്പരം ബന്ധിപ്പിക്കാനുമുള്ള സിനിമയുടെ ശക്തി വലുതുമാണ്.

പാവെൽ പാവ്‌ലിക്കോവ്സ്കി സംവിധാനം ചെയ്ത "ഫാദർ ലാൻഡ് ' ആണ് മേളയുടെ ഉദ്ഘാടന ചിത്രം. 1949ൽ യുദ്ധാനന്തര വിഭജിത ജർമനിയിലൂടെ നൊബേൽ സമ്മാന ജേതാവ് തോമസ് മാനും മകൾ എറിക്കയും നടത്തുന്ന യാത്രയും അക്കാലത്തെ രാഷ്‌ട്രീയവും വ്യക്തിപരവുമായ വിഭജനങ്ങളുമാണ് ചിത്രം ആവിഷ്കരിക്കുന്നത്. 2026ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ ഈ ചിത്രം, 2026ലെ സിഡ്‌നി ഫിലിം പ്രൈസിനായും നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.

അലീന ഷെർബൻ സംവിധാനം ചെയ്ത "ഐ മാറ്റർ' മിഡ്- ഫെസ്റ്റ് ചിത്രമായി പ്രദർശിപ്പിക്കും. റൊമാനിയ, ജർമനി, ബെൽജിയം എന്നീ രാജ്യങ്ങൾ സംയുക്തമായി നിർമ്മിച്ച 101 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിൽ റൊമാനിയൻ, റോമാനി ഭാഷകളിലാണ് സംഭാഷണങ്ങൾ.

ഗാല പ്രീമിയറുകൾ വിഭാഗത്തിൽ 14 പ്രദർശനങ്ങൾ. 87 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ പ്രത്യേകം തെരഞ്ഞെടുത്ത ചലച്ചിത്രങ്ങളുടെ പ്രദർശനമാണ് ഈ വിഭാഗത്തിൽ. വൈവിധ്യമാർന്ന കഥകളും പ്രശസ്ത ചലച്ചിത്ര പ്രവർത്തകരുടെ മികവുറ്റ സൃഷ്ടികളും ആസ്വദിക്കാൻ ഈ വിഭാഗം പ്രേക്ഷകർക്ക് അവസരമൊരുക്കും.

ഈ മേള സ്പെയിനിനെ "കൺട്രി ഓഫ് ഓണർ' ആയി ആദരിക്കുന്നു. 4 സ്പാനിഷ് ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്: ഹെയ്മെ ലൊറന്‍റെ സംവിധാനം ചെയ്ത "ദി ബാഡ് സൺ', "ട്രിനിഡാഡ് ', പെഡ്രോ അൽമോഡോവർ സംവിധാനം ചെയ്ത "ബിറ്റർ ക്രിസ്മസ് ', ഹെയ്മെ മക്കിയ സംവിധാനം ചെയ്ത "പെർസെഗ്വിയൻഡോ എ മൈക്കൽ' എന്നിവയാണ് ആ ചിത്രങ്ങൾ.

ഈ മേള റഷ്യയെ പങ്കാളി രാജ്യമായി അവതരിപ്പിക്കുന്നു. റഷ്യൻ സിനിമയുടെ വൈവിധ്യത്തെയും സർഗാത്മക സമ്പന്നതയെയും പ്രതിനിധീകരിക്കുന്ന 4 ചിത്രങ്ങളുടെ പ്രത്യേക പ്രദർശനം ഇതിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഈ വർഷം 2 പുതിയ വിഭാഗങ്ങൾ അവതരിപ്പിക്കുന്നു. ആദ്യ വിഭാഗമായ "ആനിമേഷനി'ൽ, ആനിമേഷൻ സിനിമയിലെ സർഗാത്മകതയും പുതുമകളും പ്രദർശിപ്പിക്കുന്ന 5 മികച്ച ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെ വിഭാഗമായ "ഫിലിംസ് എബൗട്ട് ഫിലിംസി'ലും 5 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. മറ്റൊരു പ്രധാന സവിശേഷത ബ്രിക്സ് സിനിമയ്ക്ക് നൽകുന്ന പ്രത്യേക പ്രാധാന്യമാണ്. ഇന്ത്യയുടെ "രാമായണ' ആയിരിക്കും ബ്രിക്സ് വിഭാഗത്തിലെ ഉദ്ഘാടന ചിത്രം. 11 അംഗ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളും പങ്കാളി രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

രാജ്യത്തിന്‍റെ വൈവിധ്യമാർന്ന കഥ പറച്ചിൽ പാരമ്പര്യവും സർഗാത്മക മികവും പ്രതിഫലിപ്പിപ്പിച്ച് 18 വ്യത്യസ്ത ഭാഷകളിലായി ആകെ 76 ചിത്രങ്ങളാണ് ഇന്ത്യൻ സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമത്തിൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ 404 എൻട്രികളും നോൺ- ഫീച്ചർ വിഭാഗത്തിൽ 358 എൻട്രികളും ലഭിച്ചു. മികച്ച വെബ് സീരീസ് (ഒടിടി) വിഭാഗത്തിൽ പരിഗണനയ്ക്കായി 46 എൻട്രികളും ലഭിച്ചു. ഇന്ത്യൻ പനോരമ വിഭാഗത്തിന് ഹിന്ദി ഫീച്ചർ ചിത്രമായ "ധുരന്ധർ'’, ലഡാക്കി ഭാഷയിലുള്ള നോൺ- ഫീച്ചർ ചിത്രമായ "ബിക്കമിങ് ' എന്നിവയോടെ തുടക്കമാകും. വ്യത്യസ്തമായ രണ്ട് ഭാഷാ- ചലച്ചിത്ര പശ്ചാത്തലങ്ങളിൽ നിന്നുള്ള സിനിമകളെ ഒരുമിച്ചു കൊണ്ടുവരുന്ന ഈ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ വൈവിധ്യമാർന്ന കഥപറച്ചിൽ പാരമ്പര്യങ്ങളെ ആഘോഷിക്കും. 4 കേന്ദ്രങ്ങളിലായി 13 ഇൻഡോർ സ്ക്രീനുകളിൽ 9 ദിവസങ്ങളിലായി ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതോടെ 57ാമത് മേള ഗോവയെ സജീവമായ ചലച്ചിത്ര കേന്ദ്രമാക്കി മാറ്റും.

ഇന്ത്യൻ സിനിമയിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ ജന്മശതാബ്ദി ഇക്കുറി ആഘോഷിക്കും. ഇതിഹാസ ചലച്ചിത്രകാരന്മാരായ ശക്തി സാമന്ത, രാജ് ഖോസ്‌ല, അഭിനേതാക്കളായ ഉത്തം കുമാർ, സൂര്യകാന്ത് മന്ധരെ, പ്രേം നസീർ, രാജ് കുമാർ, പ്രശസ്ത സംഗീത സംവിധായകരായ ഒ.പി. നയ്യാർ, രവി എന്നിവർക്ക് മേള ആദരമർപ്പിക്കും. സംവിധായകൻ ആന്ദ്രേ വൈദയുടെ ശതാബ്ദി അനുസ്മരണത്തിന്‍റെ ഭാഗമായി 5 ചിത്രങ്ങൾ പ്രദർശിപ്പിക്കും.

ചലച്ചിത്ര നിർമാണത്തിന്‍റെ 13 മേഖലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 100 പ്രതിഭകളെ ഒരുമിച്ചു കൊണ്ടുവരും. 52 വനിതാ ചലച്ചിത്ര പ്രവർത്തകരെയും 62 നവാഗത ചലച്ചിത്ര പ്രവർത്തകരെയും കൊണ്ടുവരും. മത്സര വിഭാഗങ്ങളിൽ 10 വനിതാ ചലച്ചിത്ര പ്രവർത്തകർക്കും 12 നവാഗത ചലച്ചിത്ര പ്രവർത്തകർക്കും പ്രത്യേക പ്രാധാന്യം നൽകും. ആന്‍റണി ചെൻ സംവിധാനം ചെയ്ത "വീ ആർ ഓൾ സ്ട്രേഞ്ചേഴ്സ്' ആണ് സമാപന ചിത്രം. മാൻഡറിൻ, ഇംഗ്ലീഷ് ഭാഷകളിലുള്ള ഈ ചിത്രം സമകാലിക സിംഗപ്പുർ സിനിമയുടെ സവിശേഷമായ ചലച്ചിത്രാവിഷ്കാരത്തോടെ മേളയ്ക്ക് സമാപനം കുറിക്കും. ഈ ചലച്ചിത്ര മേള അന്താരാഷ്‌ട്ര ചലച്ചിത്ര വേദിയിൽ ഇന്ത്യൻ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഉറപ്പാണ്.