സ്ട്രോങ് റൂം വിവാദം നിർഭാഗ്യകരം

 
Editorial

സ്ട്രോങ് റൂം വിവാദം നിർഭാഗ്യകരം

ഉദ്യോഗസ്ഥർ കൈവശം വയ്ക്കേണ്ട രേഖകൾ മുറികളിൽ വച്ചു പൂട്ടിയെങ്കിൽ അതിന്‍റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കു തന്നെയാണ്

MV Desk

ജനാധിപത്യത്തെ നയിക്കുന്നതു ജനങ്ങളാണ്. തങ്ങളെ ആരു ഭരിക്കണം എന്നു തീരുമാനിക്കുന്നതു ജനങ്ങളാണല്ലോ. അതുകൊണ്ടുതന്നെ ജനാധിപത്യത്തിന്‍റെ ഏറ്റവും മഹത്തായ ഘടകമാണു വോട്ടെടുപ്പുകൾ. അതു സുതാര്യവും സത്യസന്ധവുമായി നടക്കുന്നുവെന്ന് ഉറപ്പാക്കാനാവുക തന്നെ വേണം. ഒരു വിധത്തിലുള്ള സംശയവും ജനങ്ങളിൽ ഉണ്ടായിക്കൂടാ എന്നതു നിർബന്ധം പിടിക്കേണ്ടതുമാണ്. കുറ്റമറ്റ രീതിയിൽ തെരഞ്ഞെടുപ്പു നടത്താനാണു രാജ്യത്തു തെരഞ്ഞെടുപ്പു കമ്മിഷനുള്ളത്. അവരെ സഹായിക്കാൻ നിയോഗിക്കപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ജോലിയും സത്യസന്ധമായി തെരഞ്ഞെടുപ്പു നടപടികൾ പൂർത്തിയാക്കുക എന്നതാണ്.

അത്രമാത്രം ഉത്തരവാദിത്വത്തോടെയും അതീവ ഗൗരവത്തോടെയും ചെയ്യേണ്ടതാണ് ഈ ജോലികൾ. രാഷ്ട്രീയ കക്ഷികൾക്കും സ്ഥാനാർഥികൾക്കും വോട്ടർമാർക്കും സർവോപരി മുഴുവൻ ജനങ്ങൾക്കും നടപടികൾ നൂറു ശതമാനവും സത്യസന്ധമാണെന്നു ബോധ്യപ്പെടേണ്ടതുണ്ട്. അനാവശ്യമായ വിവാദങ്ങൾക്ക് അവസരം നൽകി സംശയങ്ങൾ ഉയർത്തുന്നത് ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല.

വോട്ടെടുപ്പു കഴിഞ്ഞ് ഒരു മാസത്തോളമൊക്കെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കേണ്ടിവരുമ്പോൾ അത്രയേറെ ജാഗ്രതയും ആവശ്യമായി വരും. ആ ജാഗ്രത ഈ നാടിന്‍റെ ജനാധിപത്യം സുരക്ഷിതമാണെന്നു സർവ ജനങ്ങളെയും ബോധ്യപ്പെടുത്താൻ വേണ്ടിയുള്ളതാണ്. അതിൽ വീഴ്ചവരുത്തുന്നതു ന്യായീകരിക്കാനാവാത്ത കുറ്റമായി തന്നെ കാണണം.

ഉദ്യോഗസ്ഥരുടെ നടപടികളിലൂടെ ജനങ്ങളിൽ നേരിയ സംശയമെങ്കിലും ജനിപ്പിക്കുന്നതു ശരിയല്ല‌. ഈ പശ്ചാത്തലത്തിൽ നോക്കുമ്പോഴാണു കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്‍ററിലെ സ്ട്രോങ് റൂം തുറന്നു എന്ന വിവാദം നിർഭാഗ്യകരമായി എന്നു പറയേണ്ടിവരുന്നത്. തുറന്നതു സ്ട്രോങ് റൂമല്ല മെറ്റീരിയൽ റൂം ആണെന്ന് അധികൃതർ വിശദീകരിക്കുന്നുണ്ട്.

ഇവിഎമ്മുകളും പോസ്റ്റൽ ബാലറ്റുകളും സൂക്ഷിച്ച സ്ട്രോങ് റൂം തുറന്നിട്ടില്ലെന്നും തുറന്നതു സീൽ ചെയ്യാത്ത മുറിയാണെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്റ്ററും വ്യക്തമാക്കുന്നുണ്ട്. പ്രധാന സ്ഥാനാർഥികളുടെ ഏജന്‍റുമാരുടെ സാന്നിധ്യത്തിലാണു മെറ്റീരിയൽ റൂം തുറന്നതെന്നും കലക്റ്റർ വിശദീകരിക്കുന്നു. എൻകോർ സോഫ്റ്റ് വെയറിലെ വിവരങ്ങളുമായി പേരാമ്പ്ര മണ്ഡലത്തിലെ പ്രിസൈഡിങ് ഓഫിസർമാരുടെ ഡയറിയിലെ വിവരങ്ങൾ ഒത്തുനോക്കി അപ്ഡേറ്റ് ചെയ്യുന്നതിനു വേണ്ടിയാണു മുറി തുറന്നതെന്നും പറയുന്നുണ്ട്.

എന്നാൽ, മുറി തുറന്നതിൽ അട്ടിമറി സംശയം ഉന്നയിച്ച് യുഡിഎഫ് നേതാക്കൾ രംഗത്തുവന്നതു വലിയ ആശങ്കയാണുയർത്തിയത്. യുഡിഎഫ് തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകുകയും ചെയ്തു. തെരഞ്ഞെടുപ്പു കമ്മിഷന്‍ സമഗ്ര അന്വേഷണം നടത്തണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പു രേഖകള്‍ സൂക്ഷിച്ച മുറി തുറക്കാനുള്ള എന്ത് അടിയന്തര സാഹചര്യമാണുണ്ടായത് എന്നവർ ചോദിക്കുന്നുണ്ട്.

പൂര്‍ണമായും കേന്ദ്ര സേനയുടെ സുരക്ഷാ നിയന്ത്രണത്തിലുള്ള സ്ഥലത്താണു സംസ്ഥാന സര്‍ക്കാർ ഉദ്യോഗസ്ഥരും കേരള പൊലീസും പ്രവേശിച്ചതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. കോഴിക്കോടിനു പിന്നാലെ പാലക്കാട് വിക്റ്റോറിയ കോളെജിലെ മെറ്റീരിയൽ റൂം തുറക്കുമെന്ന് അധികൃതർ അറിയിച്ചതും വിവാദമായി.

പ്രിസൈഡിങ് ഓഫിസറുടെ മറന്നുവച്ച ഡയറി എടുക്കാൻ വേണ്ടിയാണത്രേ പാലക്കാട്ടെ റൂം തുറക്കാൻ തീരുമാനിച്ചത്. യുഡിഎഫ് ശക്തമായി എതിർത്തതോടെ റൂം തുറക്കേണ്ടതില്ലെന്നു തീരുമാനമായി. നേരത്തേ, മലപ്പുറം ജില്ലയിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമുകൾ തുറക്കാൻ നീക്കം നടക്കുന്നതായി യുഡിഎഫ് ആരോപിച്ചിരുന്നു. എന്നാൽ, വിവാദത്തിന് അടിസ്ഥാനമില്ലെന്ന് ജില്ലാ കലക്റ്റർ വ്യക്തമാക്കുകയുണ്ടായി.

ഇതിനിടെ ഗുരുവായൂർ മണ്ഡലത്തിലെ സ്ട്രോങ് റൂമിൽ സ്ഥാപിച്ചിരുന്ന സിസിടിവി കഴിഞ്ഞ ദിവസം ഒരു മണിക്കൂർ പ്രവർത്തനരഹിതമായി എന്ന ആരോപണവും ഉയരുന്നുണ്ട്. യുഡിഎഫ് ഇതു സംബന്ധിച്ചു തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയിരിക്കുകയാണ്. നേരത്തേ, ചിറ്റൂരിലും സമാനമായ ആരോപണം ഉയർന്നിരുന്നു. ഇത്തരത്തിലുള്ള വിവാദങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്നത് എന്തായാലും ഒഴിവാകേണ്ടതാണ്.

മേയ് നാലിന് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണുന്നതു വരെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ ഒരു കാരണവശാലും തുറക്കരുതെന്ന് ഇന്നലെ മുഖ‍്യ തെരഞ്ഞെടുപ്പ് ഓഫിസർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടു നിർദേശിച്ചിട്ടുണ്ട്. സീൽ ചെയ്യാത്ത മുറികളും തുറക്കരുതെന്നാണ് അദ്ദേഹം നിർദേശിച്ചിട്ടുള്ളത്. അനാവശ്യമായ വിവാദങ്ങൾ ഒഴിവാക്കാൻ ഇതു സഹായിക്കും. ഉദ്യോഗസ്ഥർ കൈവശം വയ്ക്കേണ്ട രേഖകൾ മുറികളിൽ വച്ചു പൂട്ടിയെങ്കിൽ അതിന്‍റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കു തന്നെയാണ്. അതിന്‍റെ പേരിൽ റൂം തുറന്നു സംശയങ്ങളുണ്ടാക്കുന്നത് അംഗീകരിക്കാനാവില്ല. തെരഞ്ഞെടുപ്പു കമ്മിഷന്‍റെ വിശ്വാസ്യത പരമ പ്രധാനമാണ്.

സ്ഫോടനത്തിൽ മരിച്ച 3 പേരെ തിരിച്ചറിഞ്ഞു; ചൊവ്വാഴ്ചത്തെ പരിശോധന അവസാനിപ്പിച്ചു

വെടിക്കെട്ട് പുരയിലെ സ്ഫോടനം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് കലക്റ്റര്‍

അങ്കമാലിയിൽ വൻ ലഹരി വേട്ട; 62 കിലോ കഞ്ചാവുമായി കാസർഗോഡ് സ്വദേശി പിടിയിൽ

കോഴിക്കോട്ട് നാലു വയസുകാരനെ തെരുവ് നായ കടിച്ചു കീറി; പിന്നാലെ നായയെ ചത്ത നിലയിൽ കണ്ടെത്തി

മുഖ്യമന്ത്രിയുടെ മകൻ ഗുരുവായൂർ ക്ഷേത്ര ദര്‍ശനം നടത്തിയ ദൃശ്യം പകര്‍ത്തിയ സംഭവം; മാധ്യമപ്രവർത്തകനെതിരേ നിയമ നടപടിക്ക് ദേവസ്വം