ആൻസി സോജനും എം. ശ്രീശങ്കറും

 
Editorial

കായിക രംഗത്തോടുള്ള സമീപനം മാറണം

മെഡൽ നേട്ടക്കാരെ നേരിട്ടു വിളിച്ച് അഭിനന്ദിക്കുന്നതിൽ പോലുമുണ്ട് ഒരു താത്പര്യക്കുറവ്.

MV Desk

ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയ ലോങ് ജംപ് താരങ്ങളായ ആൻസി സോജനും എം. ശ്രീശങ്കറും അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയുണ്ടായി

ജപ്പാനിൽ നടന്ന ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കു വേണ്ടി മെഡൽ നേടിയവരിൽ തമിഴ്നാട്ടിൽ നിന്നുള്ള 12 താരങ്ങളാണുള്ളത്. രണ്ടു സ്വർണവും മൂന്നു വെള്ളിയും 13 വെങ്കലവും അടക്കം 18 മെഡലുകൾ തമിഴ്നാട്ടുകാരുടെ സംഭാവനയായി. തിരിച്ചെത്തിയ ഈ താരങ്ങൾക്കു മൊത്തം 6.9 കോടി രൂപയാണു സംസ്ഥാന സർക്കാർ സമ്മാനിച്ചത്. സ്വർണ മെഡലിന് 75 ലക്ഷം, വെള്ളിക്ക് 50 ലക്ഷം, വെങ്കലത്തിനു 30 ലക്ഷം എന്നിങ്ങനെയാണ് ഏഷ്യാഡ് ജേതാക്കൾക്ക് മുഖ്യമന്ത്രി ജോസഫ് വിജയ് നൽകിയ സമ്മാനത്തുക. മെഡൽ ജേതാക്കളെ ആദരിക്കുന്ന ചടങ്ങിൽ വച്ചാണ് അദ്ദേഹം "ഡ്രീം ഒളിംപിക്സ് 2036' പദ്ധതി പ്രഖ്യാപിച്ചതും. തമിഴ്നാട്ടിലെ കായിക താരങ്ങളെ അന്താരാഷ്‌ട്ര തലത്തിലേക്ക് ഉയർത്തുന്നതിന്‍റെ ഭാഗമാണ് ഈ പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ലക്ഷ്യം നേടുന്നതിന് കായിക താരങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതാണ് ഈ പദ്ധതി. ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയവയിൽ സ്വർണം നേടുന്നവർക്കു വർഷം 50 ലക്ഷം രൂപ വീതമാണു നൽകുക. പരിശീലനവുമായി ബന്ധപ്പെട്ട് പ്രതിമാസം ഒരു ലക്ഷം രൂപ സ്റ്റൈപ്പന്‍റ് പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. അത്യാധുനിക സൗകര്യങ്ങളുള്ള പരിശീലന കേന്ദ്രങ്ങൾ, പുതിയ സ്പോർട്സ് ഹോസ്റ്റലുകൾ, പ്രത്യേക ഒളിംപിക് സിറ്റി തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി വാഗ്ദാനം ചെയ്യുന്നു. 8 വയസു മുതലുള്ള കുട്ടികളിലെ കായിക പ്രതിഭകളെ കണ്ടെത്തി അവർക്കു ദീർഘകാലത്തേക്കു വിദഗ്ധ പരിശീലനം നൽകുമെന്നും തമിഴ്നാട് മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി. കായിക താരങ്ങൾക്കു തമിഴ്നാട് നൽകുന്ന പ്രാധാന്യമാണ് ഈ സമ്മാനത്തുകയിലും കായിക താരങ്ങൾക്കുള്ള സഹായ പദ്ധതിയിലും ഒക്കെ തെളിയുന്നത്.

സ്വർണമെഡൽ ജേതാക്കൾക്ക് ഒരു കോടിയും വെള്ളി ജേതാക്കൾക്ക് 75 ലക്ഷവും വെങ്കല ജേതാക്കൾക്ക് 50 ലക്ഷവും വീതമാണ് കർണാടക സർക്കാർ നൽകിയത്. ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത കർണാടകയിൽ നിന്നുള്ള 20 താരങ്ങൾക്കും മെഡൽ നേട്ടമില്ലെങ്കിലും 5 ലക്ഷം രൂപ വീതം നൽകുന്നുണ്ട്. ഏതാനും മെഡൽ ജേതാക്കൾക്ക് ഒളിംപിക്സ് തയാറെടുപ്പിന് 10 ലക്ഷം രൂപ വീതവും അനുവദിച്ചിട്ടുണ്ട്. കായിക താരങ്ങൾക്കു ജോലി നൽകാനുള്ള പദ്ധതിയും ഇതിനൊപ്പം മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപിക്കുകയുണ്ടായി. ഇതിന്‍റെയൊക്കെ പശ്ചാത്തലത്തിലാണ് ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി താരങ്ങൾക്ക് സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്ന് അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതി ഉയർന്നത്. ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയ ലോങ് ജംപ് താരങ്ങളായ ആൻസി സോജനും എം. ശ്രീശങ്കറും അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയുണ്ടായി. അത്‌ലറ്റിക്സിൽ കേരളത്തിന്‍റെ അഭിമാന താരങ്ങളായ ഇരുവരും തമിഴ്നാട്ടിലേക്കു പോകുന്നതിനെക്കുറിച്ചുപോലും സൂചിപ്പിച്ചു.

കായിക താരങ്ങളോടുള്ള സമീപനത്തിൽ കേരളം 10 വർഷം പുറകിലാണെന്നും അതിനാൽ തമിഴ്നാട്ടിലേക്കു മാറിയേക്കുമെന്നുമാണു ശ്രീശങ്കർ വ്യക്തമാക്കിയത്. കായിക താരങ്ങൾക്കു നൽകുന്ന പ്രോത്സാഹനത്തിലും അടിസ്ഥാന സൗകര്യങ്ങളിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളം വളരെ പുറകിലാണെന്ന് അദ്ദേഹം പറയുകയുണ്ടായി. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ കായിക താരങ്ങൾക്കു വലിയ പിന്തുണയും പരിതോഷികവും നൽകുമ്പോൾ കേരളത്തിൽ അവഗണനയാണു ലഭിക്കുന്നതെന്നും ഈ സമീപനം കൊണ്ട് കേരളം വിടുന്ന കാര്യം ആലോചനയിലുണ്ടെന്നുമായിരുന്നു ആൻസിയുടെ പ്രതികരണം. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്നവർക്ക് 50 ലക്ഷം രൂപയും വെള്ളി നേടുന്നവർക്ക് 30 ലക്ഷം രൂപയും വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയുമാണു കേരളം പ്രഖ്യാപിച്ചിട്ടുള്ളത്. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഒരു ലക്ഷം രൂപ മുൻകൂറായി നൽകുമെന്നും അറിയിച്ചിരുന്നു. മെഡൽ ജേതാക്കളുടെ പരിശീലകർക്കും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വർണ മെഡൽ ജേതാക്കളുടെ പരിശീലകർക്ക് 5 ലക്ഷം രൂപയും വെള്ളി മെഡൽ ജേതാക്കളുടെ പരിശീലകർക്കു മൂന്നു ലക്ഷം രൂപയും വെങ്കല മെഡൽ ജേതാക്കളുടെ പരിശീലകർക്കു 2 ലക്ഷം രൂപയുമാണു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, കൃത്യസമയത്തു സമ്മാനത്തുക നൽകുന്നതിൽ നമുക്കു യാതൊരു താത്പര്യവുമില്ല. മെഡൽ നേട്ടക്കാരെ നേരിട്ടു വിളിച്ച് അഭിനന്ദിക്കുന്നതിൽ പോലുമുണ്ട് ഒരു താത്പര്യക്കുറവ്. ഈ സമീപനം മാറുക തന്നെ വേണം. അതല്ലാതെ കായിക രംഗത്തു കേരളത്തിന്‍റെ നഷ്ടപ്രതാപം തിരിച്ചെടുക്കുക സാധ്യമല്ല.

കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും മെഡലുകൾ കരസ്ഥമാക്കിയ താരങ്ങളെ ആദരിക്കാനും ജിവി രാജാ പുരസ്‌കാരങ്ങൾ സമ്മാനിക്കാനുമായി കായിക വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം നിശാഗന്ധി ഓഡിറ്റോറിയത്തിൽ "സ്‌പോർട്‌സ് നൈറ്റ് കേരളം' പരിപാടി സംഘടിപ്പിച്ചിരുന്നു. അത് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞത് അന്താരാഷ്‌ട്ര മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിക്കുന്ന മലയാളി താരങ്ങൾക്കു സംസ്ഥാന സർക്കാർ ജോലി നൽകുമെന്നാണ്. ദേശീയ- അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്കു യാത്രാബത്തയും ദൈനംദിന ആനുകൂല്യങ്ങളും കൃത്യമായി നൽകുമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. സമ്മാനത്തുക ലഭിക്കാൻ വൈകുന്നു എന്ന പരാതി പരിഹരിക്കാമെന്ന വാഗ്ദാനവും അദ്ദേഹം നൽകിയിട്ടുണ്ട്. ഇതൊക്കെ പാലിക്കാൻ സർക്കാരിനു കഴിയണം. സംസ്ഥാനത്ത് ഒരുകാലത്തുമില്ലാത്ത തരത്തിൽ കായിക മേഖലയിൽ വ്യാപകമായ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കുമെന്ന പ്രഖ്യാപനവും പാഴ്വാക്കായി മാറരുത്.